image

11 May 2022 5:39 AM

Industries

ബ്രോഡ്ബാന്‍ഡ് കമ്പനികള്‍ക്ക് 10 വര്‍ഷത്തേക്ക് ലൈസന്‍സ് ഫീ ഒഴിവാക്കണം - ടെലികോം മന്ത്രാലയം

MyFin Desk

ബ്രോഡ്ബാന്‍ഡ് കമ്പനികള്‍ക്ക് 10 വര്‍ഷത്തേക്ക് ലൈസന്‍സ് ഫീ ഒഴിവാക്കണം - ടെലികോം മന്ത്രാലയം
X

Summary

ഫിക്‌സഡ് ലൈന്‍ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ക്ക് അടുത്ത 10 വര്‍ഷക്കാലയളവിലേക്ക് ലൈസന്‍സ് ഫീ ഒഴിവാക്കുമെന്ന് ടെലികോം മന്ത്രാലയം. രാജ്യത്തുടനീളം ഹൈ സ്പീഡ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ടെലികോം മന്ത്രാലയം ഈ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. മെയ് 12ന് ചേരുന്ന ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍സ് കമ്മീഷന്‍ (DCC) യോഗത്തിലായിരിക്കും ഇത് സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുക. നിലവില്‍ ഫിക്‌സഡ് ലൈന്‍ ബ്രോഡ്ബാന്‍ഡ് - വോയ്‌സ്, ഐപിടിവി അടക്കമുള്ള ഇന്റര്‍നെറ്റ് സേവനങ്ങൾക്ക് അഡ്ജസ്റ്റഡ് ഗ്രോസ് റെവന്യൂവില്‍ (AGR) 8 ശതമാനം ലൈസന്‍സ് […]


ഫിക്‌സഡ് ലൈന്‍ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ക്ക് അടുത്ത 10 വര്‍ഷക്കാലയളവിലേക്ക് ലൈസന്‍സ് ഫീ ഒഴിവാക്കുമെന്ന് ടെലികോം മന്ത്രാലയം. രാജ്യത്തുടനീളം ഹൈ സ്പീഡ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ടെലികോം മന്ത്രാലയം ഈ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. മെയ് 12ന് ചേരുന്ന ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍സ് കമ്മീഷന്‍ (DCC) യോഗത്തിലായിരിക്കും ഇത് സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുക.

നിലവില്‍ ഫിക്‌സഡ് ലൈന്‍ ബ്രോഡ്ബാന്‍ഡ് - വോയ്‌സ്, ഐപിടിവി അടക്കമുള്ള ഇന്റര്‍നെറ്റ് സേവനങ്ങൾക്ക് അഡ്ജസ്റ്റഡ് ഗ്രോസ് റെവന്യൂവില്‍ (AGR) 8 ശതമാനം ലൈസന്‍സ് ഫീയാണ് നല്‍കേണ്ടത്.

ഗ്രാമ പ്രദേശങ്ങളിലും മറ്റും ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ വളരെ വേഗം വ്യാപിപ്പിക്കുക എന്നതാണ് സർക്കാറിൻ്റെ ലക്ഷ്യം. ലൈസന്‍സ് ഫീ ഒഴിവാക്കുന്നതിലൂടെ ഫൈബർ ഓപ്റ്റിക് നെറ്റ് വർക്കിൽ കൂടുതല്‍ നിക്ഷേപം നടത്തുവാന്‍ സേവന ദാതാക്കള്‍ക്ക് സാധിക്കും. അതുവഴി വയര്‍ലൈന്‍ സേവനങ്ങളിലൂടെ ബ്രോഡ്ബാൻഡ് കവറേജ് ഉറപ്പാക്കുകയും ചെയ്യാം .

കുറച്ചു വര്‍ഷങ്ങളായി ഈ നിര്‍ദേശം ടെലികോം മന്ത്രാലയത്തിൻ്റെ പരിഗണനയിലുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ കണ്‍സള്‍ട്ടേഷന്‍ പേപ്പറില്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയും (ട്രായ്) ഈ നിര്‍ദേശം മുന്നോട്ട് വച്ചിരുന്നു. 2022 ൽ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും ബ്രോഡ്ബാന്‍ഡ് സേവനം ലഭ്യമാക്കുക എന്നതാണ് നാഷണല്‍ ബ്രോഡ്ബാന്‍ഡ് മിഷനിലൂടെ ലക്ഷ്യമിടുന്നത്.

ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളും ഉയര്‍ന്ന ബ്രോഡ്ബാന്‍ഡ് വേഗതയും എന്ന വിഷയത്തിലെ കണ്‍സള്‍ട്ടേഷന്‍ പേപ്പറിന് ശേഷം 2021ല്‍ സമര്‍പ്പിച്ച ശുപാര്‍ശകളില്‍ ഒരു നിശ്ചിത കാലയളവിലേക്ക് ലൈസന്‍സ് ഫീ ഒഴിവാക്കണമെന്ന് ട്രായ് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇത് ദുരുപയോഗം ചെയ്യുന്നത് സംബന്ധിച്ചുള്ള ആശങ്കകളും ട്രായ് ഉയര്‍ത്തിയിരുന്നു.

ഗ്രാമ പ്രദേശങ്ങളിലും നഗര പ്രദേശങ്ങളിലും ഫിക്‌സഡ് ലൈന്‍ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ വ്യാപിപ്പിക്കുന്നതിനായി ഒരു ടാര്‍ഗറ്റ് ലിങ്ഡ് ഇന്‍സെന്റീവ് ട്രായ് നിര്‍ദേശിച്ചിട്ടുണ്ട്. അര്‍ഹരായ ലൈസന്‍സികള്‍ക്ക് നിശ്ചിത വരുമാനത്തിന്മേല്‍ ലൈസന്‍സ് ഫീ ഒഴിവാക്കുക എന്നതാണ് ഇതിലൂടെ അര്‍ത്ഥമാക്കുന്നത്. ഉയര്‍ന്ന ലെവികളും നികുതികളുമാണ് രാജ്യത്തെ ബ്രോഡ്ബാന്‍ഡ് മേഖലയുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്ന പ്രധാന കാരണം. ഫൈബര്‍ സ്ഥാപിക്കുന്നതിലെ പ്രയാസങ്ങളും ഉയര്‍ന്ന മെയിന്റനന്‍സ് കോസ്റ്റും പ്രതിസന്ധികളാണ്. ഫിക്‌സഡ് ബ്രോഡ്ബാന്‍ഡ് വ്യാപനത്തില്‍ 10 ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടായാല്‍ ജിഡിപി യിൽ 1.6 ശതമാനം വര്‍ധനവായി അത് പ്രതിഫലിക്കുമെന്നാണ് വിലയിരുത്തൽ.

ഫെബ്രുവരി മാസത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജ്യത്തെ ആകെ ഫിക്‌സഡ് ലൈന്‍ ബ്രോഡ്ബാന്‍ഡ് സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം 26.6 ദശലക്ഷമാണ്. 5 ദശലക്ഷത്തിന് മുകളില്‍ ഉപയോക്താക്കളുമായി റിലയന്‍സ് ജിയോ ആണ് മുന്നിലുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഭാരതി എയര്‍ടെലിന് 4.4 മില്യണ്‍ സബ്‌സ്‌ക്രൈബര്‍മാരാണുള്ളത്. ബിഎസ്എന്‍എലിന് 380,000 ഉപയോക്താക്കളുണ്ട്.

നിമിഷ