image

6 May 2022 7:44 AM GMT

Travel & Tourism

കാരവൻ ടൂറിസം: കേരളത്തിൻറെ പുതിയ  സാധ്യത

James Paul

കാരവൻ ടൂറിസം: കേരളത്തിൻറെ പുതിയ  സാധ്യത
X

Summary

കൊച്ചി: കേരള ടൂറിസത്തിന്‍റെ പുതിയ ഉത്പന്നമായ കാരവാന്‍ വിദേശികൾ ഉൾപ്പെടെ ഒട്ടേറെ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നു. കേരള ട്രാവല്‍ മാര്‍ട്ടിലും കാരവൻ താരമാണ്. “ആറുമാസം മുൻപാണ് കേരളത്തിൽ കാരവൻ ടൂറിസം ആരംഭിച്ചത്. വൻ സാധ്യതയാണ് കാരവൻ ടൂറിസത്തിനുള്ളത്. ഞങ്ങളുടെ രണ്ട് കാരവനുകളാണ് വാഗമണ്ണിൽ സർവ്വീസ് നടത്തുന്നത്. കുറഞ്ഞ ചെലവിൽ സാധാരണക്കാർക്കും കാരവൻ യാത്ര ആസ്വദിക്കാൻ കഴിയുന്നു എന്നതാണ് ഇതിൻറെ പ്രത്യേകത”  സിട്രെയിൻ ഹോസ്പിറ്റാലിറ്റി വെഞ്ചറിൻറെ മാനേജിംഗ് ഡയറക്ടർ പ്രസാദ് മഞ്ഞാലി പറഞ്ഞു. വലിയ ഇളവുകളോടെയാണ് സംസ്ഥാന സര്‍ക്കാര്‍ കാരവാന്‍ നയം […]


കൊച്ചി: കേരള ടൂറിസത്തിന്‍റെ പുതിയ ഉത്പന്നമായ കാരവാന്‍ വിദേശികൾ ഉൾപ്പെടെ ഒട്ടേറെ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നു. കേരള ട്രാവല്‍ മാര്‍ട്ടിലും കാരവൻ താരമാണ്.

“ആറുമാസം മുൻപാണ് കേരളത്തിൽ കാരവൻ ടൂറിസം ആരംഭിച്ചത്. വൻ സാധ്യതയാണ് കാരവൻ ടൂറിസത്തിനുള്ളത്. ഞങ്ങളുടെ രണ്ട് കാരവനുകളാണ് വാഗമണ്ണിൽ സർവ്വീസ് നടത്തുന്നത്. കുറഞ്ഞ ചെലവിൽ സാധാരണക്കാർക്കും കാരവൻ യാത്ര ആസ്വദിക്കാൻ കഴിയുന്നു എന്നതാണ് ഇതിൻറെ പ്രത്യേകത” സിട്രെയിൻ ഹോസ്പിറ്റാലിറ്റി വെഞ്ചറിൻറെ മാനേജിംഗ് ഡയറക്ടർ പ്രസാദ് മഞ്ഞാലി പറഞ്ഞു.

വലിയ ഇളവുകളോടെയാണ് സംസ്ഥാന സര്‍ക്കാര്‍ കാരവാന്‍ നയം പുറത്തിറക്കിയത്. കാരവാനുകള്‍ക്ക് സബ്സിഡിയും രജിസ്ട്രേഷന്‍ തുകയില്‍ ഇളവുകളും പ്രഖ്യാപിച്ചിരുന്നു. ഇത് വലിയ വാണിജ്യ സാധ്യതയായി കണ്ട് ടൂറിസം വ്യവസായികളും ബാങ്കുകളും നിരവധി പദ്ധതികളുമായി രംഗത്തെത്തിക്കഴിഞ്ഞു, അദ്ദേഹം പറഞ്ഞു.

ബെന്‍സ്, ഇസുസു എന്നീ കമ്പനികളുടെ കാരവാനുകളാണ് കെടിഎമ്മില്‍ പ്രദര്‍ശനകവാടത്തില്‍ പ്രതിനിധികളെ വരവേല്‍ക്കുന്നത്. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് സംസ്ഥാനത്തെ ആദ്യ കാരവാന്‍ പാര്‍ക്ക് ഇടുക്കി ജില്ലയിലെ വാഗമണില്‍ ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ടൂറിസം വ്യവസായികള്‍ കാരവാന്‍റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.

കേരളം സന്ദര്‍ശിക്കുന്ന ടൂറിസ്റ്റുകള്‍ക്ക് മികച്ച അനുഭവം നല്‍കുന്നതിനോടൊപ്പം നിരവധി തൊഴിലവസരങ്ങളും ഇത് പ്രദാനം ചെയ്യുന്നുവെന്ന് കെടിഎം സൊസൈറ്റി പ്രസിഡന്‍റ് ബേബി മാത്യു പറഞ്ഞു. പ്രകൃതിഭംഗിയെന്ന കേരളത്തിന്‍റെ ടൂറിസം പ്രമേയം പ്രാവര്‍ത്തികമാക്കാന്‍ ഏറ്റവും പറ്റിയ ഉത്പന്നമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗുണമേന്മയുടെയും സൗകര്യത്തിന്‍റെയും കാര്യത്തില്‍ കേരളം അവതരിപ്പിച്ച കാരവാനുകള്‍ ഉന്നത നിലവാരം പുലര്‍ത്തുന്നുവെന്ന് ബള്‍ഗേറിയന്‍ പ്രതിനിധി മഗ്ദലേന ലുബേനോവ അഭിപ്രായപ്പെട്ടു. യൂറോപ്പിലെ കാരവാനുകളേക്കാള്‍ മെച്ചപ്പെട്ട സേവനങ്ങളാണ് ഇവിടെ ലഭിക്കുന്നതെന്നും അവര്‍ പറഞ്ഞു.

രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ് കേരളത്തിലെ കാരവാന്‍ നയമെന്ന് ഡല്‍ഹിയില്‍ നിന്നെത്തിയ ഗുരുമുഖ് സിംഗ് അഭിപ്രായപ്പെട്ടു. ഇത്രയും നിലവാരം പുലര്‍ത്തുന്ന കാരവാനുകള്‍ രാജ്യത്ത് മറ്റൊരിടത്തും കാണാന്‍ സാധിക്കില്ല. നല്ല ശമ്പളമുള്ള ജോലി ചെയ്യുന്ന ചെറുപ്പക്കാരുടെ എണ്ണം രാജ്യത്ത് ഇപ്പോള്‍ കൂടി വരികയാണ്. ആഡംബര ടൂറിസത്തിലെ പരമ്പരാഗത രീതികളെ പൊളിച്ചെഴുതുന്ന ഇത്തരം ഉത്പന്നങ്ങള്‍ യുവാക്കളുടെ ശ്രദ്ധ ഏറെ ആകര്‍ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കാരാവന്‍ ടൂറിസത്തിന് വലിയ സാധ്യതകളുണ്ടെന്ന് മുംബൈയില്‍ നിന്നെത്തിയ സമീര്‍ വോറ അഭിപ്രായപ്പെട്ടു. മഹാരാഷ്ട്രയില്‍ മികച്ച രീതിയില്‍ നടക്കുന്ന വ്യവസായമാണിത്. എന്നാല്‍ കേരളത്തിലെ കാരവാനുകളുടെ ഗുണനിലവാരം തന്നെ ആകര്‍ഷിച്ചതായും അദ്ദേഹം പറഞ്ഞു.

നാല് പേര്‍ക്ക് സഞ്ചരിക്കാവുന്നതാണ് ബെന്‍സിന്‍റെ കാരവാൻ. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന സോഫ, രണ്ട് ഇരട്ടക്കിടക്കകള്‍, ടോയ്ലറ്റ്, കുളിമുറി, അടുക്കള, എസി, ഇന്‍വെര്‍ട്ടര്‍, ജനറേറ്റര്‍ തുടങ്ങിയ സംവിധാനമാണ് ഇതിനുള്ളത്. 4000 രൂപ മുതലാണ് ഇതിൻറെ യാത്രാ നിരക്ക്.

ചെലവു കുറഞ്ഞ കാരവാന്‍ എന്ന ആശയത്തോടെയാണ് കോംപാക്ട് പിക് അപ് ശ്രേണിയിലുള്ള വാഹനം കാരവാനാക്കി മാറ്റിയതെന്ന് ഈ വാഹനത്തിന്‍റെ ടെക്നിക്കല്‍ മാനേജര്‍ ഗൗതം ബോപ്പയ്യ പറഞ്ഞു. വ്യക്തികള്‍ക്കും വാണിജ്യാവശ്യങ്ങള്‍ക്കും വാങ്ങാനാകുന്ന വിലയിലാണ് ഇത് പുറത്തിറക്കിയിട്ടുള്ളത്. ഈ വാഹനത്തില്‍ എസി കിടപ്പുമുറി കൂടാതെ വാഹനത്തിന്‍റെ മേല്‍ക്കൂരയില്‍ മറ്റൊരു കിടപ്പുമുറികൂടി സജ്ജീകരിച്ചിട്ടുണ്ട്. ശുചിമുറി, ഗ്യാസ് അടുപ്പ്, ഇന്‍വെര്‍ട്ടര്‍, ജനറേറ്റര്‍, ജലസംഭരണി എന്നിവയും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരമാവധി 80 കിമി വേഗതയില്‍ വാഹനമോടിക്കാം. ചെറുവഴികളിലൂടെ സുഗമമായി കൊണ്ടു പോകാൻ കഴിയും.

സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ഇളവുകള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്തി പ്രത്യേക വായ്പനല്‍കാന്‍ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. കെടിഎമ്മില്‍ ഇതിനായി പ്രത്യേക സ്റ്റാളും എസ്ബിഐ ഒരുക്കിയിട്ടുണ്ട്. വിലയുടെ 15 ശതമാനം സബ്സിഡി ലഭിക്കുമെന്നതിനാല്‍ ബാക്കി 85 ശതമാനം തുക ബാങ്ക് വായ്പ ലഭിക്കും. ഇതോടെ തുകയൊന്നും മുടക്കാതെ തന്നെ കാരവാന്‍ ലഭിക്കുമെന്ന അവസ്ഥയാണുള്ളത്.