image

6 May 2022 7:02 AM GMT

Travel & Tourism

 ചാമ്പ്യൻസ് ബോട്ട് ലീഗ്, കേരള ടൂറിസത്തിന്‍റെ പുതിയ ആകർഷണം

MyFin Bureau

 ചാമ്പ്യൻസ് ബോട്ട് ലീഗ്, കേരള ടൂറിസത്തിന്‍റെ പുതിയ ആകർഷണം
X

Summary

കൊച്ചി: കേരളത്തിന്‍റെ വള്ളംകളി പാരമ്പര്യത്തെയും മത്സരവീര്യത്തെയും പരിചയപ്പെടുത്തുന്ന കേരള ടൂറിസത്തിന്‍റെ ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍)ശ്രദ്ധേയമാകുന്നു. 2019-ലാണ് ടൂറിസം ഡിപ്പാർട്ട്മെൻറ് ബോട്ട് ലീഗ് മത്സരങ്ങൾ ആരംഭിച്ചതെങ്കിലും കോവിഡ് നിയന്ത്രണങ്ങൾ മൂലം ഒരു തവണ മാത്രമാണ് ഇത് നടത്താൻ കഴിഞ്ഞത്. “ ഈ വർഷം മുതൽ വീട്ടും ബോട്ട് ലീഗ് ആരംഭിക്കുകയാണ്.ബോട്ട് ലീഗിൻറെ കേരളാ ട്രാവൽ മാർട്ടിലെ പവലിയൻ വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കുന്നുണ്ട്. കേരളത്തിൻറെ ടൂറിസം മേഖലയ്ക്ക് പുതിയ ഊർജ്ജം പകരുന്ന ഒന്നാണ് ബോട്ട് ലീഗ്,” കേരള ടൂറിസം ഡപ്യൂട്ടി […]


കൊച്ചി: കേരളത്തിന്‍റെ വള്ളംകളി പാരമ്പര്യത്തെയും മത്സരവീര്യത്തെയും പരിചയപ്പെടുത്തുന്ന കേരള ടൂറിസത്തിന്‍റെ ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍)ശ്രദ്ധേയമാകുന്നു. 2019-ലാണ് ടൂറിസം ഡിപ്പാർട്ട്മെൻറ് ബോട്ട് ലീഗ് മത്സരങ്ങൾ ആരംഭിച്ചതെങ്കിലും കോവിഡ് നിയന്ത്രണങ്ങൾ മൂലം ഒരു തവണ മാത്രമാണ് ഇത് നടത്താൻ കഴിഞ്ഞത്. “ ഈ വർഷം മുതൽ വീട്ടും ബോട്ട് ലീഗ് ആരംഭിക്കുകയാണ്.ബോട്ട് ലീഗിൻറെ കേരളാ ട്രാവൽ മാർട്ടിലെ പവലിയൻ വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കുന്നുണ്ട്. കേരളത്തിൻറെ ടൂറിസം മേഖലയ്ക്ക് പുതിയ ഊർജ്ജം പകരുന്ന ഒന്നാണ് ബോട്ട് ലീഗ്,” കേരള ടൂറിസം ഡപ്യൂട്ടി ഡയറക്ടർ അഭിലാഷ് കുമാർ ടിജി പറഞ്ഞു. ഓഗസ്റ്റ്-നവംബര്‍ മാസങ്ങളിലായി നടക്കാനിരിക്കുന്ന സിബിഎല്‍ രണ്ടാം പതിപ്പിന്‍റെ വിളംബരമായിട്ടാണ് കൊച്ചി വെല്ലിംഗ്ടണ്‍ ഐലന്‍റിലെ സാമുദ്രിക കണ്‍വെന്‍ഷന്‍ സെന്‍ററിലെ കെടിഎമ്മിൽ ബോട്ട് ലീഗ് പവലിയന്‍ ഒരുക്കിയിട്ടുള്ളത്.

മുത്തുക്കുടകള്‍ കൊണ്ട് അലങ്കരിച്ചിട്ടുള്ള 20 അടി നീളത്തിലുള്ള മൂന്ന് ചെറുചുണ്ടന്‍ വള്ളങ്ങളാണ് സംസ്ഥാന ടൂറിസം വകുപ്പിന്‍റെ പവലിയനില്‍ സ്ഥാപിച്ചിട്ടുള്ളത്.
രാജ്യത്തെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവല്‍ മാര്‍ട്ടിന്‍റെ 11-ാം പതിപ്പിന്‍റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായി അവതരിപ്പിച്ചിരിക്കുന്നത് ചാമ്പ്യന്‍സ് ബോട്ട് ലീഗിനെയാണ്. ഐപിഎല്‍ മാതൃകയില്‍ സംസ്ഥാന ടൂറിസം വകുപ്പ് തുടക്കമിട്ട ചുണ്ടന്‍ വള്ളങ്ങളുടെ ലീഗ് മത്സരമായ സിബിഎലിന് വിദേശികള്‍ ഉള്‍പ്പെടെയുള്ളവരുടെ മികച്ച പങ്കാളിത്തം ഉറപ്പാക്കുന്നുണ്ടെന്ന് അഭിലാഷ് പറഞ്ഞു.

കേരളത്തിലെ പ്രാദേശിക വള്ളംകളികളുടെ പുനരുജ്ജീവനമാണ് സിബിഎല്ലിലൂടെ ലക്ഷ്യമാക്കുന്നത്. പ്രാദേശികമായി നടന്നിരുന്ന പല വള്ളംകളികള്‍ക്കും സിബിഎല്ലിന്‍റെ ഭാഗമായതോടെ സംസ്ഥാനവ്യാപകമായ സ്വീകാര്യത ലഭിക്കുകയും അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

22 ലക്ഷം കാണികളാണ് നേരിട്ടും വിവിധ മാധ്യമങ്ങളിലൂടെയും ചാമ്പ്യന്‍സ് ബോട്ട് ലീഗിന്‍റെ ആദ്യ പതിപ്പ് വീക്ഷിച്ചത്. 12 വേദികളിലായി 3000 തുഴക്കാര്‍ ലീഗിന്‍റെ ഭാഗമായി. കോവിഡ് പശ്ചാത്തലത്തില്‍ 2020, 21 വര്‍ഷങ്ങളില്‍ ചാമ്പ്യന്‍സ് ലീഗ് നടന്നിരുന്നില്ല. അഞ്ചു ജില്ലകളിലായി ആരംഭിച്ച സിബിഎല്ലിന് മലബാര്‍ ജില്ലകള്‍ കൂടി വേദിയാക്കാനാണ് ടൂറിസം വകുപ്പ് ആലോചിക്കുന്നത്.

കെടിഎമ്മിന്‍റെ ഭാഗമായി കൊച്ചി വെല്ലിംഗ്ടണ്‍ ഐലന്‍റിലെ സാഗര, സാമുദ്രിക കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ഞായറാഴ്ച വരെയാണ് വാണിജ്യ കൂടിക്കാഴ്ചകളും സെല്ലര്‍മാരുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുള്ളത്. 55,000 വാണിജ്യ കൂടിക്കാഴ്ചകളാണ് മാര്‍ട്ടില്‍ നടക്കുക. രാജ്യത്തെ 25 സംസ്ഥാനങ്ങളില്‍ നിന്നും ബയര്‍ പ്രാതിനിധ്യം ഉണ്ടാകും. 1000ല്‍പരം ആഭ്യന്തര ബയര്‍മാരും 240 ലേറെ വിദേശ ബയര്‍മാരുടെയും പ്രാതിനിധ്യമുണ്ട്. ഒന്നര ലക്ഷം ചതുരശ്ര അടിയില്‍ 325 സ്റ്റാളുകളാണ് കെടിഎമ്മിനായി ഒരുക്കിയിട്ടുള്ളത്.