18 April 2022 2:23 AM GMT
Summary
ഇലക്ട്രിക്ക് വാഹനങ്ങൾക്ക് കേരളത്തിൽ ഡിമാൻറ് വർദ്ധിക്കുകയാണ്. എന്നാൽ അതനുസരിച്ച് വാഹനങ്ങൾ ലഭ്യമല്ലെന്നതാണ് വിതരണക്കാർ നേരിടുന്ന പ്രതിസന്ധി. വർദ്ധിച്ചു വരുന്ന ഇന്ധന വിലയും, മെയിൻറനൻസ് ചെലവുകളുമാണ് ഇവിയിലേക്ക് മാറാൻ കേരളത്തിലെ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നത്. ഇവിക്ക് ആവശ്യക്കാർ ഏറെയാണെങ്കിലും ലഭ്യത കുറവാണ് വിൽപ്പനയിലെ പ്രധാന പ്രതിബന്ധമെന്ന് എം ജി മോട്ടോഴ്സിൻറെ കേരളത്തിലെ വിതരണക്കാരായ കോസ്റ്റ്ലൈൻ ഗാരേജസിലെ സെയിൽസ് ഹെഡ് പി വിനോദ് പറഞ്ഞു. ബുക്ക് ചെയ്യ്താൽ ആറുമാസത്തിന് ശേഷമേ വാഹനം ലഭിക്കൂ എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. “നിലവിൽ ഞങ്ങൾക്ക് ഇലക്ട്രിക്ക് […]
ഇലക്ട്രിക്ക് വാഹനങ്ങൾക്ക് കേരളത്തിൽ ഡിമാൻറ് വർദ്ധിക്കുകയാണ്. എന്നാൽ അതനുസരിച്ച് വാഹനങ്ങൾ ലഭ്യമല്ലെന്നതാണ് വിതരണക്കാർ നേരിടുന്ന പ്രതിസന്ധി. വർദ്ധിച്ചു വരുന്ന ഇന്ധന വിലയും, മെയിൻറനൻസ് ചെലവുകളുമാണ് ഇവിയിലേക്ക് മാറാൻ കേരളത്തിലെ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നത്.
ഇവിക്ക് ആവശ്യക്കാർ ഏറെയാണെങ്കിലും ലഭ്യത കുറവാണ് വിൽപ്പനയിലെ പ്രധാന പ്രതിബന്ധമെന്ന് എം ജി മോട്ടോഴ്സിൻറെ കേരളത്തിലെ വിതരണക്കാരായ കോസ്റ്റ്ലൈൻ ഗാരേജസിലെ സെയിൽസ് ഹെഡ് പി വിനോദ് പറഞ്ഞു. ബുക്ക് ചെയ്യ്താൽ ആറുമാസത്തിന് ശേഷമേ വാഹനം ലഭിക്കൂ എന്നതാണ് ഇപ്പോഴത്തെ സ്ഥിതി.
“നിലവിൽ ഞങ്ങൾക്ക് ഇലക്ട്രിക്ക് വാഹനങ്ങളുടെ 180-ലധികം ബുക്കിംഗുകളുണ്ട്. വാഹനം ലഭ്യമല്ലാത്തതാണ് ഞങ്ങൾ നേരിടുന്ന പ്രധാന പ്രശ്നം. രണ്ടു വർഷമായി കേരളത്തിൽ എംജി മോട്ടോർസ് ഇലക്ട്രിക്ക് വാഹനങ്ങൾ വിതരണം ചെയ്യുന്നു. ഇതിനോടകം 500-ൽ അധികം വാഹനങ്ങൾ ഞങ്ങൾ വിതരണം ചെയ്തിട്ടുണ്ട്,” വിനോദ് പറഞ്ഞു.
10 വാഹനങ്ങൾ മാത്രമാണ് ഒരു മാസം കൊച്ചി ഷോറൂമിൽ വിൽപ്പനക്കെത്തുന്നത്. ബുക്കിംഗിന് ആനുപാതികമായി വാഹനങ്ങൾ ലഭ്യമല്ല. അതുകൊണ്ടാണ് നീണ്ടകാത്തിരുപ്പ് വേണ്ടിവരുന്നത്. എങ്കിലും ഏറെ താമസിയാതെ ഇത് പരിഹരിക്കപ്പെടുമെന്ന് വിനോദ് പറഞ്ഞു.
“കേരളത്തിലെ ഇവി വിപണി വികസിച്ചുകൊണ്ടിരിക്കുന്ന സമയമാണിത്. എംജി മോട്ടോർസാണ് ഇവി വിപണിയിലെ മുൻനിരക്കാർ. മെയിൻറനസ് ചിലവ് കുറവാണെന്നതാണ് എംജിയുടെ ഇലക്ട്രിക് കാറിനെ ഉപഭോക്താക്കൾക്ക് പ്രീയങ്കരമാക്കുന്നത്. ഈ ഘട്ടത്തിൽ കൂടുതൽ ഇലക്ട്രിക്ക് വാഹനങ്ങൾ ലഭ്യമാക്കാനുള്ള നടപടികൾ കമ്പനി സ്വീകരിച്ചു വരുന്നു. ഉടൻ തന്നെ കൂടുതൽ വാഹനങ്ങൾ ഷോറൂമിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്,” അദ്ദേഹം പറഞ്ഞു.
എംജി മോട്ടോർസിൻറെ ഇവിക്ക് മറ്റ് കമ്പനികളുടെ ഇലക്ട്രിക് വാഹനങ്ങളെ അപേക്ഷിച്ച് ഉയർന്ന വിലയാണ്. എംജിയുടെ ഇവി റോഡിലിറങ്ങുമ്പോൾ 28 ലക്ഷം രൂപയാകും. എന്നാൽ 15 ലക്ഷം രൂപയിൽ താഴെ വിലയുള്ള ഇലക്ട്രിക് വാഹനങ്ങൾ ടാറ്റ മോട്ടോഴ്സ് പുറത്തിറക്കുന്നുണ്ട്.
മാരുതി ഉടൻ തന്നെ ഇവി വിപണിയിൽ സജീവമാകുമെന്ന് മാരുതി സുസൂക്കി ഇന്ത്യയുടെ പുതിയ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഹിസാഷി ടകൂച്ചി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇടത്തരക്കാർക്ക് താങ്ങാവുന്ന വിലയിൽ ഇവി പുറത്തിറക്കാനാണ് മാരുതിയും ശ്രമിക്കുന്നത്.
“എംജിയുടെ ഇവിയെ മറ്റ് കമ്പനികളുടെ ഇലക്ട്രിക് വാഹനങ്ങളുമായി താരതമ്യം ചെയ്യാൻ കഴിയില്ല. നിലവിലുള്ള മോഡലുകളെ ഇവിയായി മാറ്റുകയാണ് മറ്റ് കമ്പനികൾ ചെയ്യുന്നത്. എന്നാൽ എംജി മോട്ടോഴ്സ് പ്രത്യേകമായി ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുകയാണ്. അതുകൊണ്ടാണ് എംജിയുടെ ഇവിക്ക് മെയിൻറൻസ് ചെലവ് കുറയുന്നത്,” വിനോദ് പറഞ്ഞു.
അസംസ്‌കൃത വസ്തുക്കളുടെ വിലവർദ്ധനവും, വിതരണ ശൃംഖലയുടെ പ്രശ്‌നങ്ങളും 2022-ൽ ഇന്ത്യൻ വാഹന മേഖലയ്ക്ക് തിരിച്ചടിയാകുമെന്ന് എംജി മോട്ടോർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ രാജീവ് ചാബ കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു.
ആഭ്യന്തര വാഹന വ്യവസായം 2022 ൽ 10 ശതമാനത്തിലധികം വളർച്ച പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ അത് ഡിമാൻഡിൽ സ്വാധീനം ചെലുത്തുമെന്നാണ് രാജീവ് ചാബ അഭിപ്രായപ്പെട്ടത്.
കമ്പനിയുടെ ഓൾ-ഇലക്‌ട്രിക് എസ്‌യുവിയായ ഇസഡ് എസ് ഇവിക്ക് പ്രതിമാസം 1,500 ഓർഡറുകൾ ലഭിക്കുന്നുണ്ട്. എന്നാൽ പ്രതിമാസം 300 യൂണിറ്റുകൾ മാത്രമേ വിതരണം ചെയ്യാൻ കഴിയുന്നുള്ളൂവെന്ന് ചബ പറഞ്ഞു.