1 April 2022 6:34 AM GMT
Summary
രാജ്യത്തെ മുൻനിര വാഹന നിർമാതാക്കളായ മാരുതി സുസുക്കിയുടേയും ഹ്യുണ്ടായ് മോട്ടോർസിൻറെയും വാഹന വിൽപ്പനയിൽ ഇടിവ്.ഇലക്‌ട്രോണിക് ഘടകങ്ങളുടെ ക്ഷാമം ഉൽപ്പാദനത്തെ ബാധിച്ചതാണ് മാർച്ചിലെ ഉൽപ്പാദനത്തിലും വിൽപ്പനയിലും കുറവുണ്ടാകാൻ കാരണം. എന്നാൽ ടാറ്റ മോട്ടോഴ്‌സ്, സ്‌കോഡ, കിയ എന്നിവ കഴിഞ്ഞ മാസം എക്കാലത്തെയും ഉയർന്ന പ്രതിമാസ മൊത്ത വിൽപ്പന രേഖപ്പെടുത്തി. ടൊയോട്ട കിർലോസ്‌കർ മോട്ടോർസ്, മാർച്ചിലെ തങ്ങളുടെ വിൽപ്പന കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്നതാണെന്ന് അവകാശപ്പെടുന്നു. മഹീന്ദ്ര ആൻഡ് മഹീന്ദ്രയും മാർച്ചിൽ പാസഞ്ചർ വാഹന വിതരണത്തിൽ വർദ്ധനവ് റിപ്പോർട്ട് […]
രാജ്യത്തെ മുൻനിര വാഹന നിർമാതാക്കളായ മാരുതി സുസുക്കിയുടേയും ഹ്യുണ്ടായ് മോട്ടോർസിൻറെയും വാഹന വിൽപ്പനയിൽ ഇടിവ്.ഇലക്‌ട്രോണിക് ഘടകങ്ങളുടെ ക്ഷാമം ഉൽപ്പാദനത്തെ ബാധിച്ചതാണ് മാർച്ചിലെ ഉൽപ്പാദനത്തിലും വിൽപ്പനയിലും കുറവുണ്ടാകാൻ കാരണം.
എന്നാൽ ടാറ്റ മോട്ടോഴ്‌സ്, സ്‌കോഡ, കിയ എന്നിവ കഴിഞ്ഞ മാസം എക്കാലത്തെയും ഉയർന്ന പ്രതിമാസ മൊത്ത വിൽപ്പന രേഖപ്പെടുത്തി.
ടൊയോട്ട കിർലോസ്‌കർ മോട്ടോർസ്, മാർച്ചിലെ തങ്ങളുടെ വിൽപ്പന കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്നതാണെന്ന് അവകാശപ്പെടുന്നു. മഹീന്ദ്ര ആൻഡ് മഹീന്ദ്രയും മാർച്ചിൽ പാസഞ്ചർ വാഹന വിതരണത്തിൽ വർദ്ധനവ് റിപ്പോർട്ട് ചെയ്തു.
മാരുതി
രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യയുടെ (എംഎസ്‌ഐ) ആഭ്യന്തര വിൽപ്പന മാർച്ചിൽ 7 ശതമാനം കുറഞ്ഞ് 1,55,417 യൂണിറ്റുകളിൽ നിന്ന് 1,43,899 യൂണിറ്റുകളായി.
2021-22 സാമ്പത്തിക വർഷത്തിൽ, കമ്പനി മൊത്തം 16,52,653 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി. "ഇലക്ട്രോണിക് ഘടകങ്ങളുടെ കുറവ് 2021-22 സാമ്പത്തിക വർഷത്തിൽ വാഹനങ്ങളുടെ ഉൽപ്പാദനത്തിൽ സ്വാധീനം ചെലുത്തി. ആഘാതം കുറയ്ക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും കമ്പനി സ്വീകരിച്ചു. ഇലക്ട്രോണിക് ഘടകങ്ങളുടെ വിതരണ സാഹചര്യം പ്രവചനാതീതമായി തുടരുന്നതിനാൽ, 2022-23 സാമ്പത്തിക വർഷത്തിലും ഇത് ഉൽപ്പാദനത്തെ ബാധിച്ചേക്കാം". മാരുതി വക്താവ് അഭിപ്രായപ്പെട്ടു.
കഴിഞ്ഞ മാസം, ആൾട്ടോയും എസ്-പ്രസ്സോയും ഉൾപ്പെടെയുള്ള മിനി കാറുകളുടെ വിൽപ്പന 15,491 യൂണിറ്റായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേ മാസം ഇത് 24,653 ആയിരുന്നു.
എന്നാൽ, സ്വിഫ്റ്റ്, സെലേറിയോ, ഇഗ്നിസ്, ബലേനോ, ഡിസയർ തുടങ്ങിയ മോഡലുകൾ ഉൾപ്പെടെയുള്ള കോംപാക്റ്റ് സെഗ്‌മെന്റിലെ കാറുകളുടെ വിൽപ്പന 2021 മാർച്ചിൽ 82,201 കാറുകളിൽ നിന്ന് 82,314 യൂണിറ്റായി വർധിച്ചു.
വിറ്റാര ബ്രെസ്സ, എസ്-ക്രോസ്, എർട്ടിഗ എന്നിവയുൾപ്പെടെയുള്ള യൂട്ടിലിറ്റി വാഹന വിൽപ്പന 26,174 വാഹനങ്ങളിൽ നിന്ന് 25,001 യൂണിറ്റായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് മാർച്ചിൽ മൊത്തം വിൽപ്പന 14 ശതമാനം ഇടിഞ്ഞ് 55,287 യൂണിറ്റിലെത്തി. 2021 മാർച്ചിൽ കമ്പനി 64,621 വാഹനങ്ങൾ ഡീലർമാർക്ക് അയച്ചു.
ടാറ്റ
മാർച്ചിലെ പാസഞ്ചർ വാഹന വിൽപ്പന ഒരു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണെന്ന് ടാറ്റ മോട്ടോഴ്‌സ് പറഞ്ഞു. 2021 മാർച്ചിലെ 29,654 യൂണിറ്റുകളിൽ നിന്ന് 43 ശതമാനം വർധിച്ച് 42,293 യൂണിറ്റുകളുടെ വിൽപ്പനയാണ് കമ്പനി കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തത്. "ഞങ്ങളുടെ ന്യൂ ഫോറെവർ ശ്രേണിയുടെ ശക്തമായ ഡിമാൻഡും വിതരണത്തിൽ സ്വീകരിച്ച ചടുലമായ നടപടികളും കൊണ്ട് എക്കാലത്തെയും ഉയർന്ന വാർഷിക, ത്രൈമാസ, പ്രതിമാസ വിൽപ്പന രേഖപ്പെടുത്താൻ ഞങ്ങൾക്ക് കഴിഞ്ഞു," ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് എംഡി ശൈലേഷ് ചന്ദ്ര പ്രസ്താവനയിൽ പറഞ്ഞു.
മഹീന്ദ്ര
ആഭ്യന്തര വിപണിയിൽ 2021 മാർച്ചിൽ 16,700 യൂണിറ്റുകൾ വിറ്റഴിച്ചതിൽ നിന്ന് കഴിഞ്ഞ മാസം 65 ശതമാനം ഉയർന്ന് 27,603 യൂണിറ്റിലെത്തിയതായി മഹീന്ദ്ര മോട്ടോഴ്സ് (എം ആൻഡ് എം) പറഞ്ഞു."ആഗോള വിതരണ ശൃംഖലയിൽ ഞങ്ങൾ ജാഗ്രത പുലർത്തുകയും ആവശ്യാനുസരണം ഉചിതമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യുമ്പോഴും ആവശ്യം ശക്തമായി തുടരുന്നു," എം ആൻഡ് എം സിഇഒ (ഓട്ടോമോട്ടീവ് ഡിവിഷൻ) വീജയ് നക്ര അഭിപ്രായപ്പെട്ടു.
ടൊയോട്ട
ടൊയോട്ട കിർലോസ്‌കർ മോട്ടോർ (ടികെഎം) മാർച്ചിൽ മൊത്തം 17,131 യൂണിറ്റ് വിൽപ്പന റിപ്പോർട്ട് ചെയ്തു, അഞ്ച് വർഷത്തിനിടയിലെ എക്കാലത്തെയും മികച്ച പ്രതിമാസ വിൽപ്പനയാണിത്. 2021 മാർച്ചിലെ 15,001 യൂണിറ്റുകളെ അപേക്ഷിച്ച് കഴിഞ്ഞ മാസം കമ്പനിയുടെ വിൽപ്പന 14 ശതമാനം ഉയർന്നു. "വിപണിയിൽ നിന്ന് വൻതോതിലുള്ള ഡിമാൻറാണ് ഞങ്ങൾക്ക് ലഭിക്കുന്നത്.മാർച്ചിലെ വിൽപ്പന കണക്കുകൾ നിലവിലെ ഡിമാൻഡ് ട്രെൻഡുകൾക്ക് സാക്ഷ്യം വഹിക്കുന്നു. മാത്രമല്ല, എല്ലാ ടൊയോട്ട മോഡലുകളും അതത് സെഗ്‌മെന്റുകളിൽ ജനപ്രീതിയും നേടി കഴിഞ്ഞു." ടികെഎം അസോസിയേറ്റ് വൈസ് പ്രസിഡന്റ് (സെയിൽസ് ആൻഡ് സ്ട്രാറ്റജിക് മാർക്കറ്റിംഗ്) അതുൽ സൂദ് പറഞ്ഞു.
കിയ
വാഹന നിർമാതാക്കളായ കിയ തങ്ങളുടെ എക്കാലത്തെയും മികച്ച പ്രതിമാസ വിൽപ്പന മാർച്ചിൽ 22,622 യൂണിറ്റായി രേഖപ്പെടുത്തി.
കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് കഴിഞ്ഞ മാസത്തെ മൊത്ത വിൽപ്പന 18 ശതമാനം വർധിച്ച് 22,622 യൂണിറ്റിലെത്തി. "ഞങ്ങളുടെ വർദ്ധിച്ചുവരുന്ന വിൽപ്പന സൂചിപ്പിക്കുന്നത്, കിയ ഇന്ത്യൻ ഉപഭോക്താക്കളുടെ ഹൃദയം കീഴടക്കിയെന്നാണ്. ഞങ്ങളുടെ വിപ്ലവകരമായ ഉൽപ്പന്നങ്ങളുടെയും ഗുണമേന്മയുള്ള ഉപഭോക്തൃ സേവനങ്ങളുടെയും പിന്തുണയോടെ ഈ മികച്ച പോസിറ്റീവ് പാത തുടരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു," കിയ ഇന്ത്യാ വൈസ് പ്രസിഡൻറും സെയിൽസ് ആൻഡ് മാർക്കറ്റിംഗ് മേധാവിയുമായ ഹർദീപ് സിംഗ് ബ്രാർ പറഞ്ഞു.
സ്‌കോഡ
അതുപോലെ, സ്‌കോഡ ഓട്ടോ മാർച്ചിൽ വിൽപ്പനയിൽ അഞ്ചിരട്ടി വർധന രേഖപ്പെടുത്തി 5,608 യൂണിറ്റിലെത്തി. കഴിഞ്ഞ വർഷം ഇതേ മാസം 1,159 യൂണിറ്റായിരുന്നു വിൽപ്പന. രണ്ട് ദശാബ്ദക്കാലത്തെ ഇന്ത്യയിലെ ചരിത്രത്തിൽ ഒരു വാഹന നിർമ്മാതാവ് ഒരു മാസത്തിനിടെ നേടിയ ഏറ്റവും ഉയർന്ന വിൽപ്പനയാണിത്.
2012 ജൂണിൽ 4,923 യൂണിറ്റുകൾ വിറ്റപ്പോൾ കമ്പനിയുടെ പ്രതിമാസ ഉയർന്ന നിരക്കാണ് രേഖപ്പെടുത്തിയത്. "ഇന്ത്യ 2.0 പ്രോജക്ടിന്റെ വിജയകരമായ റോൾ-ഔട്ട് ഉറപ്പാക്കാൻ മുഴുവൻ ടീമിന്റെയും യോജിച്ച ശ്രമങ്ങൾക്ക് കഴിഞ്ഞു. ഈ പ്രോജക്റ്റ് പുതിയ പ്ലാറ്റ്‌ഫോമുകളും ഉൽപ്പന്നങ്ങളും മാത്രമല്ല, ഞങ്ങളുടെ ബിസിനസ്സ് പ്രക്രിയകളുടെ മുഴുവൻ പുനരുജ്ജീവനവും കൂടിയാണ്," സ്‌കോഡ ഓട്ടോ ഇന്ത്യ ബ്രാൻഡ് ഡയറക്ടർ സാക് ഹോളിസ് പറഞ്ഞു.
നിസാൻ,എംജി
എംജി മോട്ടോർസ് ഇന്ത്യ മാർച്ചിൽ റീട്ടെയിൽ വിൽപ്പനയിൽ 14.5 ശതമാനം ഇടിവ് രേഖപ്പെടുത്തി 4,721 യൂണിറ്റിലെത്തി. കഴിഞ്ഞ വർഷം മാർച്ചിൽ 5,528 യൂണിറ്റുകളാണ് കമ്പനി വിറ്റത്.
നിസാൻ മാർച്ചിൽ ആഭ്യന്തര മൊത്തവ്യാപാരം 25 ശതമാനം ഇടിഞ്ഞ് 3,007 യൂണിറ്റിലെത്തി. 2021 മാർച്ചിൽ ആഭ്യന്തര വിപണിയിൽ 4,012 യൂണിറ്റുകൾ വിറ്റിട്ടുണ്ട്.