ഡെല്‍ഹി: എഞ്ചിനീയറിംഗ്, ടെലികോം, ഹെല്‍ത്ത് കെയര്‍ മേഖലകളില്‍ 12 ദശലക്ഷത്തിനടുത്ത് പുതിയ തൊഴിലവസരങ്ങള്‍ 2026 സാമ്പത്തിക...
ഡെല്‍ഹി: എഞ്ചിനീയറിംഗ്, ടെലികോം, ഹെല്‍ത്ത് കെയര്‍ മേഖലകളില്‍ 12 ദശലക്ഷത്തിനടുത്ത് പുതിയ തൊഴിലവസരങ്ങള്‍ 2026 സാമ്പത്തിക വര്‍ഷമാകുമ്പോഴേക്കും സൃഷ്ടിക്കപ്പെടുമെന്ന് റിപ്പോര്‍ട്ടുകള്‍. ഈ മേഖലയിലേക്കുള്ള സാങ്കേതിക വിദ്യയുടെയും, ഡിജിറ്റലൈസേഷേന്റെയും വരവോടെയാണ് ഇത് സാധ്യമാകുന്നത്. ടീംലീസ് ഡിജിറ്റലിന്റെ ടീംലീസ് സര്‍വീസ് എന്ന സ്റ്റാഫിംഗ് ഡിവിഷന്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ട്.
'പ്രൊഫഷണല്‍ സ്റ്റാഫിംഗ് ഡിജിറ്റല്‍ എപ്ലോയിമെന്റ് ട്രെന്‍ഡ്‌സ്' എന്ന പേരിലാണ് റിപ്പോര്‍ട്ട് തയ്യാറിക്കിയത്. എഞ്ചിനീയറിംഗ്, ടെലികോം, ഹെല്‍ത്ത്‌കെയര്‍ മേഖലകളിലെ 750 ലധികം തൊഴിലാളികളുമായി അഭിമുഖം നടത്തിയാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
എഞ്ചിനീയറിംഗ്, ടെലികോം, ഹെല്‍ത്ത്കെയര്‍ മേഖലകള്‍ വ്യാവസായിക പരിവര്‍ത്തനത്തിലാണ്. കേന്ദ്രീകൃതമായ ഒരു നിയന്ത്രണ സംവിധാനത്തില്‍ നിന്നും വളരെ സ്മാര്‍ടായ ഉത്പന്നങ്ങള്‍, ഉത്പാദനം എന്നിവയിലേക്ക് പ്രവര്‍ത്തനങ്ങളെ മാറ്റിത്തുടങ്ങിയിരിക്കുന്നുവെന്ന് ടീംലീസ് ഡിജിറ്റലിന്റെ സ്‌പെഷ്യലൈസ്ഡ് സ്റ്റാഫിംഗ് ഹെഡ് സി സുനില്‍ പറഞ്ഞു.
പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതിയും, വിദേശ നിക്ഷേപവും വലിയ തോതില്‍ ഡിമാന്‍ഡ് ഉയര്‍ത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കണക്കുകള്‍ പ്രകാരം, ടെലികോം, എഞ്ചിനീയറിംഗ്, ഹെല്‍ത്ത്കെയര്‍ എന്നിവയ്ക്ക് ഏകദേശം 1.5 ട്രില്യണ്‍ ഡോളര്‍ വിപണി വലുപ്പമുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
ഏകദേശം 42 ദശലക്ഷം ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന ഈ മേഖലയിലാണ് ഇന്ത്യയിലെ മൊത്തം തൊഴിലാളികളില്‍ ഏകദേശം 8.7 ശതമാനം ഉള്‍പ്പെടുന്നത്.
കരാര്‍ ജീവനക്കാരുടെ വിഹിതം മൊത്തം തൊഴിലിന്റെ 10 മുതല്‍ 11 ശതമാനത്തില്‍ നിന്ന് 16 ശതമാനമായി വളര്‍ന്നു. ഇത് 2026 ഓടെ മൊത്തം തൊഴിലവസരത്തിന്റെ 24 ശതമാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.