ഡെല്‍ഹി : അടുത്തിടെ ഉണ്ടായ ഇന്ധനവില വര്‍ധനവ് സാധാരണക്കാരന് ഇരുട്ടടിയായതിന് പിന്നാലെയാണ് ഇന്ന് സിഎന്‍ജിയ്ക്കും ഒരു രൂപ കൂട്ടിയിരിക്കുന്നത്....
ഡെല്‍ഹി : അടുത്തിടെ ഉണ്ടായ ഇന്ധനവില വര്‍ധനവ് സാധാരണക്കാരന് ഇരുട്ടടിയായതിന് പിന്നാലെയാണ് ഇന്ന് സിഎന്‍ജിയ്ക്കും ഒരു രൂപ കൂട്ടിയിരിക്കുന്നത്. ഡെല്‍ഹിയില്‍ സിഎന്‍ജി വില 58.01 രൂപയില്‍ നിന്നും 59.01 രൂപയായി ഉയര്‍ന്നു. സിഎന്‍ജിയ്ക്കും പിഎന്‍ജിയ്ക്കും (പൈപ്പ്ഡ് കുക്കിംഗ് ഗ്യാസ്) രാജ്യ തലസ്ഥാനത്ത് വില വര്‍ധിച്ചുവെന്ന് വ്യക്തവാക്കുന്ന അറിയിപ്പ് ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡിന്റെ വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിരുന്നു.
ഡെല്‍ഹിയില്‍ സിഎന്‍ജിയും പിഎന്‍ജിയും ചില്ലറ വിതരണം ചെയ്യുന്ന കമ്പനിയാണിത്. ഈ മാസം ഇത് മൂന്നാമത്തെ തവണയാണ് സിഎന്‍ജി നിരക്ക് വര്‍ധിക്കുന്നത്. മുന്‍പ് രണ്ട് തവണയും 50 പൈസയുടെ വര്‍ധനയാണുണ്ടായത്. കഴിഞ്ഞ ഒരു വര്‍ഷത്തെ കണക്കുകള്‍ നോക്കിയാല്‍ കിലോയ്ക്ക് 5.50 രൂപയുടെ വര്‍ധനവാണുണ്ടായത്. പാചക ആവശ്യത്തിനുള്ള പൈപ്ഡ് നാചുറല്‍ ഗ്യാസിന് ഡെല്‍ഹിയില്‍ ഒരു രൂപ വര്‍ധിച്ച് 36.61 രൂപ ആയി (സ്റ്റാന്‍ഡാര്‍ഡ് ക്യുബിക്ക് മീറ്ററിന്).
അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് കഴിഞ്ഞ നാലുമാസമായി രാജ്യത്തെ ഇന്ധന വിലയില്‍ മാറ്റമില്ലായിരുന്നു. എന്നാല്‍ രണ്ടു ദിവസം മുന്‍പ് പെട്രോളിന് 87 പൈസയും ഡീസലിന് 85 പൈസയും വര്‍ധിപ്പിച്ചതിന് പിന്നാലെ ഇന്നലെ പെട്രോളിന് 90 പൈസയും ഡീസലിന് 84 പൈസയും കൂടി വര്‍ധിപ്പിച്ചിരുന്നു. ഇതോടെ വെറും രണ്ടു ദിവസം കൊണ്ട് പെട്രോളിന് 1.78 രൂപയും ഡീസലിന് 1.69 രൂപയുമാണ് വര്‍ധിച്ചത്.
റഷ്യ-യുക്രൈന്‍ യുദ്ധം ആഗോള ക്രൂഡ് വില വര്‍ധനയ്ക്ക് കാരണമാകുമ്പോള്‍ ഏറ്റവുമധികം തിരിച്ചടി നേരിടുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. രാജ്യത്തിന് ആവശ്യമായ എണ്ണയുടെ 85 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 108.11 രൂപയാണ്. 95.17 രൂപയാണ് ഡീസല്‍ വില. കൊച്ചിയില്‍ പെട്രോളിന് 106.08 രൂപയും ഡീസലിന് 93.24 രൂപയുമായി.