17 March 2022 7:25 AM
Summary
ഡെല്‍ഹി : ഇന്ത്യയുടെ എണ്ണ ആവശ്യകത ഈ വര്‍ഷം 8.2 ശതമാനം ഉയര്‍ന്ന് പ്രതിദിനം 51.5 ലക്ഷം ബാരലായേക്കുമെന്ന് റിപ്പോര്‍ട്ട്. ഓര്‍ഗനൈസേഷന്‍ ഓഫ് പെട്രോളിയം എക്‌സ്‌പോര്‍ട്ടിംഗ് കണ്‍ട്രീസ് (ഒപെക്ക്) പുറത്ത് വിട്ട ഓയില്‍ മാര്‍ക്കറ്റ് റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2020ല്‍ 45.1 ലക്ഷം ബാരല്‍ എണ്ണയായിരുന്നു രാജ്യത്ത് പ്രതിദിനം വേണ്ടിയിരുന്നത്. 2021 ആയപ്പോഴേയ്ക്കും ഇത് 47.6 ലക്ഷമായി ഉയര്‍ന്നു. എന്നാല്‍ കോവിഡ് പ്രതിസന്ധി ആരംഭിക്കുന്നതിന് മുന്‍പുള്ള കണക്കുകള്‍ നോക്കിയാല്‍ ഇത് കുറവാണ്. 2018ല്‍ പ്രതിദിനം 49.8 ലക്ഷം […]
ഡെല്‍ഹി : ഇന്ത്യയുടെ എണ്ണ ആവശ്യകത ഈ വര്‍ഷം 8.2 ശതമാനം ഉയര്‍ന്ന് പ്രതിദിനം 51.5 ലക്ഷം ബാരലായേക്കുമെന്ന് റിപ്പോര്‍ട്ട്. ഓര്‍ഗനൈസേഷന്‍ ഓഫ് പെട്രോളിയം എക്‌സ്‌പോര്‍ട്ടിംഗ് കണ്‍ട്രീസ് (ഒപെക്ക്) പുറത്ത് വിട്ട ഓയില്‍ മാര്‍ക്കറ്റ് റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2020ല്‍ 45.1 ലക്ഷം ബാരല്‍ എണ്ണയായിരുന്നു രാജ്യത്ത് പ്രതിദിനം വേണ്ടിയിരുന്നത്. 2021 ആയപ്പോഴേയ്ക്കും ഇത് 47.6 ലക്ഷമായി ഉയര്‍ന്നു. എന്നാല്‍ കോവിഡ് പ്രതിസന്ധി ആരംഭിക്കുന്നതിന് മുന്‍പുള്ള കണക്കുകള്‍ നോക്കിയാല്‍ ഇത് കുറവാണ്.
2018ല്‍ പ്രതിദിനം 49.8 ലക്ഷം ബാരല്‍ എണ്ണയായിരുന്നു രാജ്യത്ത് വേണ്ടിയിരുന്നത്. 2019ല്‍ ഇത് നേരിയ തോതില്‍ ഉയര്‍ന്നിരുന്നു. ഈ വര്‍ഷം രാജ്യത്തെ സാമ്പത്തിക വളര്‍ച്ച 7.2 ശതമാനം ഉയരുമെന്നും, കോവിഡ് വ്യാപനം നിയന്ത്രണവിധേയവുമാകുമെന്നുമുള്ള പ്രതീക്ഷകള്‍ നിലനില്‍ക്കുന്നതിനാല്‍ എണ്ണ ആവശ്യകത വര്‍ധിക്കുമെന്ന് ഒപെക്ക് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ കുറയുകയും ഗതാഗത സംവിധാനം പഴയ രീതിയിലേക്ക് തിരിച്ചു വരികയും ചെയ്തതോടെ എണ്ണ ആവശ്യകത രാജ്യത്ത് വര്‍ധിച്ചിരുന്നു.
ഇന്ധന ആവശ്യകത വര്‍ധിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ പുരോഗമിക്കുന്ന അവസരത്തിലാണ് ഒപെക്ക് റിപ്പോര്‍ട്ടും ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ഇന്ധന ആവശ്യം 5.5 ശതമാനം വളരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ പെട്രോളിയം പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് സെല്‍ (പിപിഎസി) ചൂണ്ടിക്കാട്ടിയിരുന്നു.
2022-23ല്‍ ഇന്ധന ഉപഭോഗം 21.45 കോടി ടണ്‍ ആകുമെന്നാണ് പ്രതീക്ഷയെന്നും പിപിഎസി വ്യക്തമാക്കുന്നു. ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതി ജനുവരിയില്‍ പ്രതിദിനം 45 ലക്ഷം ബാരലായിരുന്നു (ശരാശരി കണക്ക്). ഫെബ്രുവരിയിലെ കണക്കുകള്‍ കൂടി വിശകലനം ചെയ്താല്‍ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുമ്പോള്‍ ക്രൂഡ് ഇറക്കുമതി വര്‍ധിക്കാനുള്ള സാധ്യത കാണുന്നുവെന്നും ഒപെക് റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്തെ എണ്ണ ആവശ്യകതയുടെ 85 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്.