13 March 2022 1:48 AM GMT
Summary
മുംബൈ: എയ്‌റോ സ്‌പേസ്, പ്രതിരോധ-സാങ്കേതികവിദ്യാ മേഖലകളിലെ പ്രധാനപ്പെട്ട കമ്പനിയായ റോള്‍സ് റോയ്സിന്റെ പ്രധാന വിപണികളിലൊന്നായി ഇന്ത്യ തുടരുമെന്ന് സിഇഒ വാറന്‍ ഈസ്റ്റ് അറിയിച്ചു. വളരെ വേഗതയിലും, ഫലപ്രദവുമായ തിരിച്ചുവരവു നടത്തിയ ചുരുക്കം ചില സമ്പദ് വ്യവസ്ഥകളില്‍ ഒന്നാണ് ഇന്ത്യയെന്നും, രാജ്യം കോവിഡിനു മുമ്പുണ്ടായിരുന്ന വളര്‍ച്ചയിലേക്ക് മടങ്ങിയെത്തിയിട്ടുണ്ടെന്നും, 'ഇക്കണോമിക് ടൈംസ് ആഗോള ഉച്ചകോടി' യില്‍ സംസാരിക്കവെ വാറന്‍ ഈസ്റ്റ് പറഞ്ഞു. കമ്പനി ദീര്‍ഘ വീക്ഷണത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയുമായുള്ള കമ്പനിയുടെ പങ്കാളിത്തത്തിന് 90 വര്‍ഷത്തോളം പഴക്കമുണ്ട്. 1932 ല്‍ ടാറ്റ […]
മുംബൈ: എയ്‌റോ സ്‌പേസ്, പ്രതിരോധ-സാങ്കേതികവിദ്യാ മേഖലകളിലെ പ്രധാനപ്പെട്ട കമ്പനിയായ റോള്‍സ് റോയ്സിന്റെ പ്രധാന വിപണികളിലൊന്നായി ഇന്ത്യ തുടരുമെന്ന് സിഇഒ വാറന്‍ ഈസ്റ്റ് അറിയിച്ചു.
വളരെ വേഗതയിലും, ഫലപ്രദവുമായ തിരിച്ചുവരവു നടത്തിയ ചുരുക്കം ചില സമ്പദ് വ്യവസ്ഥകളില്‍ ഒന്നാണ് ഇന്ത്യയെന്നും, രാജ്യം കോവിഡിനു മുമ്പുണ്ടായിരുന്ന വളര്‍ച്ചയിലേക്ക് മടങ്ങിയെത്തിയിട്ടുണ്ടെന്നും, 'ഇക്കണോമിക് ടൈംസ് ആഗോള ഉച്ചകോടി' യില്‍ സംസാരിക്കവെ വാറന്‍ ഈസ്റ്റ് പറഞ്ഞു.
കമ്പനി ദീര്‍ഘ വീക്ഷണത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയുമായുള്ള കമ്പനിയുടെ പങ്കാളിത്തത്തിന് 90 വര്‍ഷത്തോളം പഴക്കമുണ്ട്. 1932 ല്‍ ടാറ്റ ഏവിയേഷനു വേണ്ടി ആദ്യത്തെ കൊമേഴ്‌സ്യല്‍ എയര്‍ക്രാഫ്റ്റ് നിര്‍മിച്ചു നല്‍കികൊണ്ടാണ് ഈ ബിസിനസ് പങ്കാളിത്തം ആരംഭിക്കുന്നത്. 1933 ല്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സിനു വേണ്ടി ആദ്യത്തെ സൈനിക വിമാനം നല്‍കിയതും റോള്‍സ് റോയ്‌സ് ആയിരുന്നു.
കോവിഡ് മനുഷ്യ ജീവിതങ്ങളെ മാത്രമല്ല സമ്പദ് വ്യവസ്ഥകളെയും കാര്യമായി ബാധിച്ചിട്ടുണ്ട്. രാജ്യങ്ങള്‍ ഇപ്പോള്‍ ജനങ്ങളുടെ ആരോഗ്യ സംരക്ഷണം, ഭാവിയിലേക്കുള്ള പ്രതിരോധ ശേഷി കെട്ടിപ്പടുക്കല്‍ എന്നിവയ്ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
"സാങ്കേതികവിദ്യയെ സംബന്ധിച്ചിടത്തോളം ഞാന്‍ ശുഭാപ്തിവിശ്വാസിയാണ്. ലോകത്തിലെ ഏറ്റവും പ്രയാസമേറിയ വെല്ലുവിളികള്‍ക്ക് സാങ്കേതിക വിദ്യയ്ക്ക് പരിഹാരം നല്‍കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. സാങ്കേതികവിദ്യയില്‍ നിക്ഷേപിക്കുന്നത് സാമ്പത്തിക ദൃഢതയിലേക്കുള്ള താക്കോലാണ്," വാറന്‍ ഈസ്റ്റ് അഭിപ്രായപ്പെട്ടു.
അടുത്ത പത്തുവര്‍ഷത്തില്‍ ഇന്ത്യ വലിയ വളര്‍ച്ചയിലേക്കും, ഇന്നോവേഷനിലേക്കുമാണ് നീങ്ങുന്നത്. ഇത് നിക്ഷേപകര്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ഉച്ചകോടിയില്‍ സംസാരിച്ച പ്രമുഖ സ്വകാര്യ ഓഹരി കമ്പനിയായ ജനറല്‍ അറ്റ്‌ലാന്റികിന്റെ ചെയര്‍മാനും സിഇഒയുമായ ബില്‍ ഫോര്‍ഡ് പറഞ്ഞു. "ഞങ്ങള്‍ 20 വര്‍ഷമായി ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നു, അടുത്ത പത്ത് വര്‍ഷങ്ങള്‍ ഇന്ത്യയിലെ ഞങ്ങളുടെ ആവേശകരമായ സമയമായിരിക്കുമെന്ന് കരുതുന്നു," ഫോര്‍ഡ് പറഞ്ഞു.
ഇന്ത്യയിലെ നയപരമായ മാറ്റങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് രാജ്യത്തിനകത്തേക്കും രാജ്യത്തിനു പുറത്തേക്കുമുള്ള മൂലധന ഒഴുക്കിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കുറയ്‌ക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.