image

18 Jan 2022 6:39 AM IST

Cement

എ സി സി ലിമിറ്റഡ് ഇതാണ്

MyFin Desk

എ സി സി ലിമിറ്റഡ് ഇതാണ്
X

Summary

ലഫാര്‍ജ് ഹോള്‍സിമിന്റെ അനുബന്ധ സ്ഥാപനമായാണ് എസിസി പ്രവര്‍ത്തിക്കുന്നത്.


എസിസി ലിമിറ്റഡ് (മുമ്പ് അസോസിയേറ്റഡ് സിമന്റ് കമ്പനി ലിമിറ്റഡ്) ഇന്ത്യയിലെ ഏറ്റവും വലിയ സിമന്റ് ഉത്പാദകരില്‍ ഒന്നാണ്. ഇന്ത്യയൊട്ടാകെ നിര്‍മ്മാണ-വിപണന സാന്നിധ്യമുണ്ട്. 17 സിമന്റ് നിര്‍മ്മാണ യൂണിറ്റുകള്‍, 90 ലധികം റെഡി മിക്സ് കോണ്‍ക്രീറ്റ് പ്ലാന്റുകള്‍, 6,600 ലധികം ജീവനക്കാര്‍, 50,000 ത്തിലധികം ഡീലര്‍മാരുടെയും റീട്ടെയിലര്‍മാരുടെയും വിപുലമായ വിതരണ ശൃംഖല, രാജ്യവ്യാപകമായി സെയില്‍സ് ഓഫീസുകള്‍ ഇതാണ് കമ്പനിയുടെ അടിത്തറ.

1936 ല്‍, ടാറ്റാസ്, ഖതൗസ്, കിള്ളിക്ക് നിക്‌സണ്‍, എഫ് ഇ ഡിന്‍ഷോ ഗ്രൂപ്പുകളുടെ പതിനൊന്ന് സിമന്റ് കമ്പനികള്‍ ലയിച്ച് അസോസിയേറ്റഡ് സിമന്റ് കമ്പനി എന്ന ഒരൊറ്റ സ്ഥാപനം രൂപീകരിച്ചു. 2006 സെപ്റ്റംബര്‍ 1 ന്, അസോസിയേറ്റഡ് സിമന്റ് കമ്പനീസ് ലിമിറ്റഡിന്റെ പേര് എസിസി ലിമിറ്റഡ് എന്നാക്കി മാറ്റി. 1936 ഓഗസ്റ്റ് 1 ന് മഹാരാഷ്ട്രയിലെ മുംബൈയിലാണ് കമ്പനി സ്ഥാപിതമായത്. എസിസിയുടെ ആദ്യ ചെയര്‍മാന്‍ നൗറോജി ബി സക്ലത്വാലയായിരുന്നു.

ആദ്യ ഡയറക്ടര്‍ ബോര്‍ഡില്‍ ചില പ്രമുഖ വ്യവസായികളുണ്ടായിരുന്നു:ജെആര്‍ഡി ടാറ്റ, അംബലാല്‍ സാരാഭായ്, വാല്‍ചന്ദ് ഹിരാചന്ദ്, ധരംസെ ഖതാവു, സര്‍ അക്ബര്‍ ഹൈദാരി, നവാബ് സലാര്‍ ജംഗ് ബഹാദൂര്‍, സര്‍ ഹോമി മോഡി തുടങ്ങിയവര്‍. കമ്പനിയുടെ മാനേജ്മെന്റ് നിയന്ത്രണം സ്വിസ് സിമന്റ് നിര്‍മ്മാതാക്കളായ ഹോള്‍സിം ഗ്രൂപ്പ് 2004 ല്‍ ഏറ്റെടുത്തു. ലഫാര്‍ജ് ഹോള്‍സിമിന്റെ അനുബന്ധ സ്ഥാപനമായാണ് എസിസി പ്രവര്‍ത്തിക്കുന്നത്.

1944 ല്‍ ബീഹാറിലെ ചൈബാസയില്‍ ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയമായ സിമന്റ് പ്ലാന്റ് സ്ഥാപിച്ചു. 1956 ല്‍ ഓഖ്ല ഡല്‍ഹിയില്‍ ബള്‍ക്ക് സിമന്റ് ഡിപ്പോ സ്ഥാപിച്ചു. 1965 ല്‍ കമ്പനി താനെയില്‍ കേന്ദ്ര ഗവേഷണ കേന്ദ്രം സ്ഥാപിച്ചു. 1973 ല്‍ ദി സിമന്റ് മാര്‍ക്കറ്റിംഗ് കമ്പനി ഓഫ് ഇന്ത്യയെ ഏറ്റെടുത്തു. 1982 ല്‍ കമ്പനി തങ്ങളുടെ ആദ്യത്തെ ഒരു മെട്രിക് ടണ്‍ പ്ലാന്റ് കര്‍ണാടക വാഡിയില്‍ കമ്മീഷന്‍ ചെയ്തു.

1982 ല്‍ കമ്പനി ബള്‍ക്ക് സിമന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയെ ഇന്ത്യാ ഗവണ്‍മെന്റുമായി ഒരു സംയുക്ത സംരംഭമായി സംയോജിപ്പിച്ചു. 1993 ല്‍ മുംബൈയില്‍ റെഡി മിക്‌സഡ് കോണ്‍ക്രീറ്റിന്റെ വാണിജ്യ നിര്‍മ്മാണം ആരംഭിച്ചു. 1999 ല്‍ ടാറ്റ ഗ്രൂപ്പ് കമ്പനിയിലെ തങ്ങളുടെ 7.2% ഓഹരികള്‍ അംബുജ സിമന്റിന് വിറ്റു. ഗുജറാത്ത് അംബുജ സിമന്റ്സ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ ഹോള്‍ഡിംഗ്സ് ലിമിറ്റഡും 2000 ല്‍ ടാറ്റ ഗ്രൂപ്പും കമ്പനിയിലെ ബാക്കിയുള്ള ഓഹരികള്‍ ഗുജറാത്ത് അംബുജ സിമന്റ്സ് ലിമിറ്റഡിന് വിറ്റു.