നിങ്ങള്‍ എപ്പോഴെങ്കിലും യൂബര്‍ ടാക്‌സിയില്‍ യാത്ര ചെയ്തിട്ടുണ്ടോ? സ്വിഗ്ഗി-സൊമാറ്റോ ആപ്പുകള്‍ ഉപയോഗിച്ച് ഭക്ഷണം വാങ്ങിയിട്ടുണ്ടോ?...
നിങ്ങള്‍ എപ്പോഴെങ്കിലും യൂബര്‍ ടാക്‌സിയില്‍ യാത്ര ചെയ്തിട്ടുണ്ടോ? സ്വിഗ്ഗി-സൊമാറ്റോ ആപ്പുകള്‍ ഉപയോഗിച്ച് ഭക്ഷണം വാങ്ങിയിട്ടുണ്ടോ? അല്ലെങ്കില്‍ ആമസോണില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയിട്ടുണ്ടോ? എങ്കില്‍ നിങ്ങളെ ഒരു ജിഗ് ഉപഭോക്താവ് എന്ന് വിളിക്കാം.
ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെ താത്കാലിക ജീവനക്കാരെ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ഹ്രസ്വകാല സേവനങ്ങള്‍ നല്‍കുന്നതും, ഉപഭോക്താക്കളേയും സേവനദാതാക്കളേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഡിജിറ്റല്‍ സേവനങ്ങളേയുമാണ് ജിഗ് ബിസിനസ്സ് എന്ന് പൊതുവെ വിളിക്കുന്നത്. ഉദാഹരണം: ടാക്‌സി ആപ്പുകള്‍, ഫുഡ് ഡെലിവറി ആപ്പുകള്‍, ഹോളിഡേ റെന്റല്‍ ആപ്പുകള്‍ തുടങ്ങിയവ.
യുകെ ഗവണ്‍മെന്റ് പറയുന്നതനുസരിച്ച് ദാതാക്കളും, ഉപഭോക്താക്കളും തമ്മിലുള്ള ബന്ധത്തെ സുഗമാക്കുകയും, സജീവമായി നിലനിര്‍ത്തുകയും ചെയ്യുന്നതില്‍ ജിഗ് കമ്പനികള്‍ വലിയ പങ്കു വഹിക്കുന്നു. ലോക്ഡൗണ്‍ കാലത്ത് ജിഗ് കമ്പനികളുടെ സേവനം വളരെയേറെ പ്രശംസിക്കപ്പെട്ടു. ജനങ്ങള്‍ക്ക് വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യത്തില്‍ സൊമാറ്റോയും, സ്വിഗ്ഗിയും പോലുള്ള കമ്പനികള്‍ ഭക്ഷണം വീടുകളിലെത്തിച്ചു.
ജിഗ് എക്കണോമി (Gig Economy) തൊഴിലാളികള്‍ക്ക് സാധാരണ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല. എന്നാല്‍ ഇവരേയും മറ്റ് തൊഴിലാളികളെ പോലെ തന്നെ പരിഗണിക്കണമെന്ന നിയമം സ്‌പെയിന്‍ പാസ്സാക്കി. സമാനമായ രീതിയില്‍ മറ്റ് രാജ്യങ്ങളിലും നിയമം കൊണ്ടു വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
മാസ്റ്റര്‍കാര്‍ഡിന്റെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ആഗോള ജിഗ് ഇക്കണോമി ഇടപാടുകള്‍ പ്രതിവര്‍ഷം 17% വര്‍ധിച്ച് 2023-ഓടെ ഏകദേശം 455 ബില്യണ്‍ ഡോളറായി ഉയരുമെന്ന് പ്രവചിക്കപ്പെടുന്നു.
പഠിക്കുമ്പോള്‍ വരുമാനം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും, ഒഴിവ് സമയങ്ങളില്‍ അധികവരുമാനം നേടാന്‍ ശ്രമിക്കുന്നവര്‍ക്കും, താത്കാലിക ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന തൊഴില്‍ രഹിതര്‍ക്കും ജിഗ് കമ്പനികള്‍ അനുയോജ്യമായ തൊഴിലിടമാണ്.