28 Sept 2023 4:50 PM IST
12 ഗെയ്മിംഗ് കമ്പനികള്‍ക്ക് ഈ മാസം കിട്ടിയത് മൊത്തം 55000 കോടി രൂപയുടെ നികുതി നോട്ടീസ്
MyFin Desk
Summary
ഏറ്റവും വലിയ തുകയ്ക്കുള്ള നോട്ടീസ് ലഭിച്ചത് ഡ്രീം 11ന്
മൊത്തം 55,000 കോടി രൂപയുടെ നികുതി കുടിശ്ശികയുമായി ബന്ധപ്പെട്ട് 12 ഓൺലൈൻ റിയൽ മണി ഗെയിമിംഗ് കമ്പനികൾക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് ജിഎസ്‍ടി ഇന്റലിജൻസ് (ഡിജിജിഐ) പ്രീ- ഷോകോസ് നോട്ടീസ് അയച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഗെയിമിംഗ് യൂണികോണായ ഡ്രീം11ന് ആണ് ഏറ്റവും വലിയ തുകയ്ക്കുള്ള നികുതി നോട്ടീസ് ലഭിച്ചിട്ടുള്ളത്. 25,000 കോടി രൂപയുടെ കുടിശ്ശിക ഡ്രീം 11ന് ഉണ്ടെന്ന് നോട്ടീസില്‍ പറയുന്നതായാണ് റിപ്പോര്‍ട്ട്.
കമ്പനികളെ അവരുടെ കുടിശ്ശികയുടെ അളവിനെക്കുറിച്ച് അറിയിക്കുന്നതിനായി ഒരു പ്രീ-ഷോ കോസ് നോട്ടീസ് നൽകാറുണ്ട്. ഹെഡ് ഡിജിറ്റൽ വർക്ക്സ്, പ്ലേ ഗെയിംസ് 24*7 , നസറ ടെക്നോളജീസ് എന്നിവയാണ് ഇത്തരത്തില്‍ നോട്ടീസ് ലഭിച്ച മറ്റ് പ്രധാന കമ്പനികൾ.
റിയൽ മണി ഗെയിമുകൾക്കുള്ള ജിഎസ്‍ടി നിരക്ക് മൊത്തം പന്തയ മൂല്യത്തിന്‍റെ 28 ശതമാനമായി ഉയര്‍ത്തുന്നതിന് തീരുമാനിച്ചതിന് പിന്നാലെയാണ് നികുതി കുടിശ്ശികയ്ക്കായുള്ള നോട്ടീസുകള്‍ വ്യാപകമായി അയക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഒക്ടോബർ 1 മുതലാണ് നിരക്കിലെ മാറ്റം പ്രാബല്യത്തിൽ വരുന്നത്.
2022-ൽ ബെംഗളൂരു ആസ്ഥാനമായുള്ള ഓൺലൈൻ ഗെയിമിംഗ് കമ്പനിയായ ഗെയിംസ്‌ക്രാഫ്റ്റ് ടെക്‌നോളജിക്ക് 21,000 കോടി രൂപയുടെ നികുതി നോട്ടീസ് നല്‍കിയിരുന്നു. പരോക്ഷ നികുതിയുടെ ചരിത്രത്തിലെ അതുവരെയുള്ള ഏറ്റവും വലിയ ക്ലൈമായിരുന്നു അത്. എന്നാൽ കർണാടക ഹൈക്കോടതി ഈ നോട്ടീസ് റദ്ദാക്കുകയും റവന്യൂ വകുപ്പ് സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തു. ഈ മാസം ആദ്യം, ഹൈക്കോടതി വിധി നിലനിര്‍ത്തിയ സുപ്രീം കോടതി ഈ മാസം അവസാനമോ അടുത്ത ആദ്യമോ വാദം കേൾക്കാൻ തീരുമാനിച്ചു.
വിഷയത്തിൽ സുപ്രീം കോടതിയുടെ തീരുമാനം ഓൺലൈൻ ഗെയിമിംഗിലെ നികുതികളെ കുറിച്ച് കൂടുതല്‍ വ്യക്തത നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.