image

18 Sep 2023 8:28 AM GMT

Startups

പിങ്കി ചിന്തേരിടുന്നത് സ്വപ്‌നങ്ങള്‍ക്ക്

Antony Shelin

pinky thoughts are for dreams
X

Summary

കൂടുതല്‍ ഓര്‍ഡര്‍ ലഭിച്ചു തുടങ്ങിയതോടെ ബിസിനസ് വിപുലമാക്കാന്‍ തയാറെടുക്കുകയാണു പിങ്കി


കൊച്ചി നഗരത്തില്‍ ചിലവന്നൂരില്‍ പി.പി. ലിയോ റോഡിലെ അനുഗ്രഹ എന്ന വീടിന്റെ കാര്‍ പോര്‍ച്ചില്‍ ഇപ്പോള്‍ സ്ഥാനം പിടിച്ചിരിക്കുന്നത് ഉളിയും കൊട്ടുപിടിയും മുഴക്കോലുമൊക്കെയാണ്. അവിടെ നിന്നും രൂപമെടുക്കുന്നതാകട്ടെ മനോഹരങ്ങളായ ഫോട്ടോ ഫ്രെയ്മും ട്രേയും കസേരയും മേശയും സ്റ്റാന്‍ഡും ഉള്‍പ്പെടുന്ന ഹോം ഡെക്കര്‍ ഐറ്റങ്ങളും. പിങ്കി എന്ന വീട്ടമ്മയുടെ കരങ്ങളാണ് ഇവയ്ക്കു പിന്നില്‍.

വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍മിച്ച വീട്ടിലേക്കു, മനസ്സിനിണങ്ങിയ ഹോം ഡെക്കര്‍ ഐറ്റങ്ങള്‍ കണ്ടെത്താന്‍ കഴിയാതെ വന്നപ്പോഴാണു സ്വന്തം നിലയില്‍ അവ നിര്‍മിച്ചെടുക്കാന്‍ പിങ്കി തീരുമാനിച്ചത്. അതാകട്ടെ, പിങ്കിയെ ഇന്ന് തിരക്കേറിയ ഒരു ജോലിയില്‍ ഏര്‍പ്പെടാനും തരക്കേടില്ലാത്തൊരു വരുമാനം കണ്ടെത്താനും സഹായിച്ചു.

മരപ്പണി പരിശീലനം

ഏഴ് വര്‍ഷം മുന്‍പ് കൊച്ചിയില്‍ ചിലവന്നൂരില്‍ സ്വന്തം വീടിന്റെ നിര്‍മാണം നടക്കുമ്പോഴാണു മരപ്പണിയില്‍ പരിശീലനം തേടുന്ന കാര്യത്തെ കുറിച്ചു പിങ്കി ആലോചിച്ചത്. ഹോം ഡെക്കര്‍ ഐറ്റങ്ങള്‍ തേടി ഒരുപാട് നടന്നെങ്കിലും ഒന്നും കണ്ടെത്താനായില്ല. അങ്ങനെയാണ് അവ സ്വന്തമായി ഡിസൈന്‍ ചെയ്ത് നിര്‍മിച്ചാലോ എന്ന ചിന്ത വന്നത്.

പിന്നീട് ഒട്ടും സമയം കളഞ്ഞില്ല. മരപ്പണി പഠിച്ചെടുക്കാന്‍ തീരുമാനിച്ചു. വടുതലയിലെ സോളമന്‍ ആശാരിക്ക് ശിഷ്യപ്പെട്ടു. അതോടൊപ്പം യുട്യൂബ്, ഗൂഗിള്‍ എന്നിവയിലൂടെ മരപ്പണിയെ കുറിച്ച് കൂടുതല്‍ അറിവും നേടി. ഇപ്പോള്‍ അഞ്ച് വര്‍ഷത്തിലേറെയായി മരപ്പണി സ്വന്തം നിലയില്‍ ചെയ്തു വരികയാണ് പിങ്കി. തടി ഫര്‍ണിച്ചറുകള്‍ മാത്രമല്ല, ഫര്‍ണിച്ചറുകളില്‍ മനോഹരമായ പെയ്ന്റിംഗ് വര്‍ക്കും നടത്താന്‍ പിങ്കിക്ക് അറിയാം. അതോടൊപ്പം പഴയ ഫര്‍ണിച്ചറുകള്‍ രൂപമാറ്റം വരുത്തി ആകര്‍ഷകമായ ഹോം ഡെക്കര്‍ ഐറ്റമാക്കാനും പിങ്കിക്ക് പ്രത്യേക കഴിവുണ്ട്.





പണി ഉപകരണങ്ങള്‍ നിറഞ്ഞ് കാര്‍ പോര്‍ച്ച്

പിങ്കിയുടെ ' അനുഗ്രഹ ' വീടിന്റെ കാര്‍ പോര്‍ച്ചില്‍നിന്നും ഇപ്പോള്‍ കാര്‍ കംപ്ലീറ്റ് ഔട്ടായി. പകരം സാന്റര്‍, ഇലക്ട്രിക് ഡ്രില്‍ മെഷീന്‍, ടേബിള്‍ സോ, റൂട്ടര്‍, സ്പ്രേ പെയിന്റ് കംപ്രസര്‍ തുടങ്ങിയ ആധുനിക ഉപകരണങ്ങളും, തടി കഷണങ്ങളുമൊക്കെയാണു സ്ഥാനം പിടിച്ചിരിക്കുന്നത്. കാര്‍ പോര്‍ച്ച് ഇപ്പോള്‍ പൂര്‍ണമായും വര്‍ക്ക് സ്‌പേസ് ആയി മാറി.

ഓര്‍ഡറുകള്‍ ലഭിച്ചു തുടങ്ങിയപ്പോള്‍

പുതുതായി നിര്‍മിച്ച വീട്ടില്‍ പിങ്കി തന്നെ നിര്‍മിച്ച ഫര്‍ണിച്ചറുകളും ഹോം ഡെക്കര്‍ ഐറ്റങ്ങളുമാണ് സ്ഥാപിച്ചത്.ഇത് കണ്ട സുഹൃത്തുക്കളും ബന്ധുക്കളുമാണു പിങ്കിക്ക് ആദ്യമായി ഓര്‍ഡറുകള്‍ നല്‍കിയത്. സോഷ്യല്‍ മീഡിയയിലൂടെയും പിങ്കി ഉല്‍പ്പന്നങ്ങളെ പരിചയപ്പെടുത്തി.

അങ്ങനെ ചെറിയ രീതിയില്‍ തുടങ്ങിയ പിങ്ക് കട്ട് എന്ന സ്റ്റാര്‍ട്ട് അപ്പ് ഇന്ന് വലിയ ചുവടുകള്‍ വച്ച് മുന്നേറുകയാണ്. ഇപ്പോള്‍ നിരവധി പേരാണ് പിങ്കിക്ക് ഹോം ഡെക്കറിനും, ഫര്‍ണിച്ചറിനും ഓര്‍ഡര്‍ നല്‍കുന്നത്. കൂടുതല്‍ ഓര്‍ഡറും കസ്റ്റമൈസ് ചെയ്ത് നല്‍കണമെന്ന് ആവശ്യപ്പെട്ടാണെന്നും പിങ്കി പറയുന്നു.

സമീപകാലത്ത് സൗദി അറേബ്യയില്‍ നിന്നുള്ള ഒരു വനിത പിങ്കിയുടെ കരവിരുതില്‍ രൂപമെടുത്ത വര്‍ക്കുകള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ കാണാനിടയായി. അവര്‍ക്ക് വര്‍ക്കുകള്‍ ഇഷ്ടപ്പെട്ടു. ഉടന്‍ തന്നെ പിങ്കിക്ക് ഓര്‍ഡറും നല്‍കി. പിങ്ക് കട്ട് എന്ന പേരിലാണ് ഇന്‍സ്റ്റാഗ്രാമില്‍ അക്കൗണ്ടുള്ളത്. കൂടുതല്‍ ഓര്‍ഡര്‍ ലഭിച്ചു തുടങ്ങിയതോടെ ബിസിനസ് വിപുലമാക്കാന്‍ തയാറെടുക്കുകയാണു പിങ്കി.

ടെക്‌സ്ചര്‍ പെയ്ന്റിംഗിലും മികവ്

മരത്തില്‍ ഫര്‍ണിച്ചറുകളും ഹോം ഡെക്കര്‍ ഐറ്റംങ്ങളും നിര്‍മിക്കാന്‍ പിങ്കിക്ക് അറിയാമെങ്കിലും കൂടുതലും ശ്രദ്ധിക്കുന്നത് ഹോം ഡെക്കര്‍ ഐറ്റം നിര്‍മിക്കുന്നതിലാണ്. തേക്ക്, പൈന്‍ വുഡ്, മഹാഗണി തുടങ്ങിയ തടികളാണ് കൂടുതലും ഉപയോഗിക്കുന്നത്. പിങ്കി ഒറ്റയ്ക്കാണ് തടി മില്ലില്‍ കൊണ്ടു പോയി അറത്തു വാങ്ങുന്നത്.

തടിയില്‍ മനോഹര രൂപങ്ങള്‍ നിര്‍മിക്കുന്നതില്‍ മാത്രമല്ല പിങ്കിയുടെ മികവ്. നല്ലൊരു ടെക്‌സ്ചര്‍ പെയ്ന്ററും, ഗായികയും നര്‍ത്തകിയും കളരി അഭ്യാസിയുമാണ് പിങ്കി.

ഭര്‍ത്താവ് അരുണ്‍, മക്കളായ ആദ്യ, ജെയ് എന്നിവര്‍ പിങ്കിക്ക് പൂര്‍ണ പിന്തുണ നല്‍കി കൂടെയുണ്ട്.