17 July 2023 12:06 PM
Summary
- ഇലക്ട്രോണിക്സ് & വൈറ്റ് ഗുഡ്സ് മേഖല ശക്തമായ വളർച്ച നേടുമെന്ന പ്രതീക്ഷ
- നിയമനങ്ങളിലും നിക്ഷേപങ്ങളിലും ശുഭാപ്തി വിശ്വാസം
- ശരാശരി ശേഷി വിനിയോഗം ഏകദേശം 75 %
ജൂൺ പാദത്തിൽ ഇന്ത്യയിലെ മാനുഫാക്ചറിംഗ് മനോഭാവം പോസിറ്റീവായി തുടർന്നുവെന്ന് വ്യാവസായിക സംഘടനയായ ഫിക്കി പുറത്തിറക്കിയ സർവേ റിപ്പോര്‍ട്ട്. കൊറോണ മഹാമാരിയെ തടയുന്നതിനുള്ള നിയന്ത്രണങ്ങള്‍ മാറ്റപ്പെട്ട്, 2021- 22ൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വീണ്ടെടുക്കല്‍ ആരംഭിച്ചതിനു ശേഷം തുടര്‍ന്നുവന്ന പാദങ്ങളിലും വളര്‍ച്ചയുടെ ആക്കം ശക്തമായി തുടര്‍ന്നുവെന്ന് റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു. ഓട്ടോമോട്ടീവ് & ഓട്ടോ കംപൊണന്‍റുകള്‍, ക്യാപിറ്റൽ ഗുഡ്സ് & കൺസ്ട്രക്ഷൻ ഉപകരണങ്ങൾ, സിമൻറ്, കെമിക്കൽസ് വളങ്ങള്‍ & ഫാർമസ്യൂട്ടിക്കൽസ്, ഇലക്ട്രോണിക്സ് & വൈറ്റ് ഗുഡ്സ്, മെഷീൻ ടൂൾസ്, മെറ്റൽ & മെറ്റൽ ഉൽപ്പന്നങ്ങൾ, തുണിത്തരങ്ങൾ, കളിപ്പാട്ടങ്ങൾ & കരകൗശലവസ്തുക്കൾ എന്നീ ഒമ്പത് പ്രധാന മേഖലകളിലെ മാനുഫാക്ചറര്‍മാരുടെ വികാരങ്ങളാണ് സർവേ വിലയിരുത്തിയത്.
മൊത്തെ 7.70 ലക്ഷം കോടിയിലധികം വാർഷിക വിറ്റുവരവുള്ള വൻകിട, ചെറുകിട, ഇടത്തരം വിഭാഗങ്ങളിൽ നിന്നുള്ള 400-ലധികം നിർമ്മാണ യൂണിറ്റുകളിൽ നിന്ന് സര്‍വേക്കായി പ്രതികരണങ്ങള്‍ ആരാഞ്ഞു. ഇവരില്‍ 55 ശതമാനവും മാര്‍ച്ച് പാദത്തില്‍ ഉയര്‍ന്ന ഉല്‍പ്പാദന നിലവാരം രേഖപ്പെടുത്തിയവരാണ്. കൂടാതെ, പ്രതികരിച്ചവരിൽ 57 ശതമാനത്തിലധികം പേരും ജൂണ്‍ പാദത്തില്‍ ഒറ്റയക്കത്തിലുള്ള മികച്ച ഉല്‍പ്പാദന വളര്‍ച്ച പ്രതീക്ഷിക്കുന്നുണ്ട്. ഈ പ്രതീക്ഷ കമ്പനികളുടെ ഓര്‍ഡര്‍ ബൂക്കിലും പ്രതിഫലിക്കുന്നുണ്ട്. പ്രതികരിച്ചവരിലെ 58 ശതമാനത്തിനും ഉയർന്ന ഓർഡറുകളും ഡിമാൻഡ് സാഹചര്യങ്ങളുമാണ് ആദ്യപാദത്തില്‍ ഉണ്ടായിട്ടുള്ളത്. അതിനാല്‍ രണ്ടാം പാദത്തിലും ശുഭാപ്തി വിശ്വാസം ശക്തമായി നിലനില്‍ക്കാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
മാനുഫാക്ചറിംഗ് രംഗത്ത് നിലവിലുള്ള ശരാശരി ശേഷി വിനിയോഗം ഏകദേശം 75 ശതമാനമാണ്, ഇത് ഈ മേഖലയിലെ സുസ്ഥിര സാമ്പത്തിക പ്രവർത്തനത്തെ പ്രതിഫലിപ്പിക്കുന്നതാണ്. ഭാവിയിലെ നിക്ഷേപം സംബന്ധിച്ച കാഴ്ചപ്പാടും മുൻ പാദത്തെ അപേക്ഷിച്ച് മെച്ചപ്പെട്ടിട്ടുണ്ട്. പ്രതികരിച്ചവരിൽ 56 ശതമാനത്തിലധികം പേര്‍ വരുന്ന ആറ് മാസത്തിനുള്ളിൽ നിക്ഷേപങ്ങൾക്കും വിപുലീകരണത്തിനുമുള്ള തങ്ങളുടെ പദ്ധതികൾ റിപ്പോർട്ട് ചെയ്തു. മുന്‍ സര്‍വെയില്‍ 47 ശതമാനം പേരാണ് അടുത്ത ആറ് മാസത്തിനുള്ളിലെ നിക്ഷേപ പദ്ധതികൾ റിപ്പോർട്ട് ചെയ്തത്
എന്നിരുന്നാലും, അമേരിക്കയിലെയും യൂറോപ്യൻ യൂണിയനിലെയും മറ്റ് വികസിത രാജ്യങ്ങളിലെയും സാമ്പത്തിക മാന്ദ്യം മൂലമുണ്ടായ ആഗോള സാമ്പത്തിക വെല്ലുവിളികളും റഷ്യ-ഉക്രെയ്ൻ യുദ്ധവും വിതരണ ശൃംഖലയിലും ഡിമാൻഡിലും ചാഞ്ചാട്ടം വർദ്ധിപ്പിക്കുന്നുണ്ട്.
അസംസ്കൃത വസ്തുക്കളുടെ ഉയർന്ന വില, സാമ്പത്തിക ചെലവ്, അനുമതികള്‍ ലഭിക്കുന്നതിനും വിവിധ നിയന്ത്രണങ്ങള്‍ പാലിക്കുന്നതിനും ഉള്ള ബുദ്ധിമുട്ട്, ഉയർന്ന ഇന്ധന വില കാരണം ഉയർന്ന ലോജിസ്റ്റിക് ചെലവ്, കുറഞ്ഞ ആഗോള ആവശ്യകത, വിലകുറഞ്ഞ ഉല്‍പ്പന്നങ്ങളുടെ ഉയർന്ന ഇറക്കുമതി അളവ്, വിദഗ്ധ തൊഴിലാളികളുടെ കുറവ്, ചില ലോഹങ്ങളുടെ ഉയർന്നതും അസ്ഥിരവുമായ വിലകൾ, വിതരണ ശൃംഖലയിലെ തടസ്സങ്ങൾ തുടങ്ങിയവ കമ്പനികളുടെ വിപുലീകരണ പദ്ധതികളെ ബാധിക്കുന്ന ചില പ്രധാന തടസങ്ങളാണെന്ന് സര്‍വെ ചൂണ്ടിക്കാണിക്കുന്നു.
പ്രതികരിച്ചവരിൽ 38 ശതമാനത്തിലധികം പേരും അടുത്ത മൂന്ന് മാസത്തിനുള്ളിൽ നിയമനങ്ങള്‍ക്ക് തയാറെടുക്കുന്നു എന്നതിനാല്‍ നിയമന അന്തരീക്ഷം പോസിറ്റിവ് ആണെന്നാണ് റിപ്പോര്‍ട്ട് വിലയിരുത്തുന്നത്.
വിലയിരുത്തലുകളെ അടിസ്ഥാനമാക്കി , ഇലക്ട്രോണിക്സ് & വൈറ്റ് ഗുഡ്സ് മേഖല ശക്തമായ വളർച്ച ആസ്വദിക്കാൻ സാധ്യതയുണ്ട്. ഓട്ടോ- ഓട്ടോ കംപൊണന്‍റുകള്‍, ക്യാപിറ്റൽ ഗുഡ്സ് - കൺസ്ട്രക്ഷൻ മെഷിനറി തുടങ്ങിയ മേഖലകളിൽ ശക്തമായ വളർച്ച പ്രതീക്ഷിക്കുന്നുണ്ട്. സിമൻറ്, മെഷീൻ ടൂൾ മേഖലകളില്‍ താരതമ്യേന നല്ല വളർച്ച കൈവരിക്കുമെന്നാണ് വിലയിരുത്തല്‍. ബാക്കിയുള്ള എല്ലാ മേഖലകളും ആദ്യപാദത്തില്‍ മിതമായ വളർച്ച രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.