image

23 Aug 2023 10:28 AM

Featured

ക്രാഷ് ലാന്‍ഡിംഗിന് ശേഷം ജിയോ ഫിനിന്‍റെ ഭാവി; മുകേഷിന്‍റെ രാശി തുണയ്ക്കുമോ?

ശ്രുതി ലാല്‍

Jio Financial Services | mukesh ambani
X

Summary

  • മുകേഷ് അംബാനിയുടെ വിജയ ചരിത്രത്തില്‍ അനലിസ്റ്റുകള്‍ക്ക് പ്രതീക്ഷ


ജിയോ ഫിന്‍ ലിസ്റ്റ് ചെയ്തിട്ട് മൂന്ന് ദിവസമാവുകയാണ്.ഗ്രേ മാര്‍ക്കറ്റ് ഫലമെല്ലാം തള്ളി ലോവര്‍ സര്‍ക്യൂട്ട് കണ്ടായിരുന്നു വിപണിയിലെ ഓഹരിയുടെ അരങ്ങേറ്റം. മൂന്നാം ദിവസവും ലോവര്‍ സര്‍ക്യൂട്ടില്‍തന്നെയാണ്.

ഇതിനിടെ കേട്ട ഒരു കഥ ഇങ്ങനെയാണ്, ഇപ്പോള്‍ ചന്ദ്രയാന്‍ ദൗത്യത്തിന്റെ കാലമാണല്ലോ. റഷ്യയുടെ ചാന്ദ്ര പേടകം തകര്‍ന്ന് വീണ വാര്‍ത്ത കേട്ടിരുന്നു. സുഗമമായി ചന്ദ്രോപരിതലത്തില്‍ ലാന്‍ഡ് ചെയ്യുക അത്ര പ്രാവര്‍ത്തികമല്ല. അതിനാല്‍ ഇടിച്ച് തകരുന്ന അഥവാ ക്രാഷ് ലാന്‍ഡിങിനാണ് ബഹിരാകാശ കേന്ദ്രങ്ങളെല്ലാം ശ്രമിക്കുന്നത്. ക്രാഷ് ലാന്‍ഡിങ് ഉണ്ടായാല്‍ അത് ആ രാജ്യത്തിന്റെ കുതിപ്പിന്റെ ആരംഭമാണ്. ജിയോ ഫിന്നും അത് പോലെ ആയിരിക്കുമത്രേ. ബ്രോക്കര്‍മാര്‍ക്കിടയിലും നിക്ഷേപകര്‍ക്കിടയിലും ജിയോ ഫിന്‍ ലിസ്റ്റിംഗിനെക്കുറിച്ചു ചുറ്റിക്കറങ്ങുന്ന കഥയാണ്.

പിന്നോട്ട് നോക്കിയാല്‍ ജിയോയുടെ അധികാരി അംബാനിയ്ക്കാവട്ടെ വിജയകഥകള്‍ മാത്രമേ പറയാനുള്ളു. റിലയന്‍സ് ഗ്രൂപ്പ് സ്ഥാപകന്‍ ധീരുഭായ് അംബാനിയുടെ രണ്ട് ആണ്‍മക്കളില്‍ മുത്ത പുത്രനാണ് അനില്‍ അംബാനി. സഹോദരന്‍ മുകേഷ് അംബാനി അച്ഛന്‍ ധീരുഭായി പറയുന്നത് അനുസരിച്ച് വളര്‍ന്നപ്പോള്‍ തന്നിഷ്ട പ്രകാരം ജീവിതം മുന്നോട്ട് കൊണ്ടുപോയ വ്യക്തിയായിരുന്നു അനില്‍ അംബാനി. അച്ഛന്‍ കണ്ടെത്തിയ നിതയെ മുകേഷ് വധുമാക്കിപ്പോള്‍ കുടുംബത്തിന്റെ അനിഷ്ടം വകവയ്ക്കാതെയാണ് അനില്‍ ബോളിവുഡ് താരമായ ടീനയെ വിവാഹം ചെയ്യുന്നത്.

അച്ഛന്‍റെ പാത പിന്തുടര്‍ന്ന മുകേഷ്

രാഷ്ട്രീയക്കാരെയും സിനിമാക്കാരെയും എപ്പോഴും കൈ അകലത്തില്‍ നിര്‍ത്തിയിരുന്ന വ്യക്തിയാണ് ധീരുഭായി അംബാനി. മുകേഷ് അംബാനി ഏറെക്കുറേ ഈ പാത പിന്തുടര്‍ന്നപ്പോള്‍ അനില്‍ അംബാനി പിതാവിന്റെ നിലപാടുകളെ കാറ്റില്‍ പറത്തി രണ്ട് മേഖലകളിലും ബന്ധങ്ങള്‍ സ്ഥാപിച്ചു. ബോളിവുഡില്‍ അമിതാ ബച്ചനുമായുള്ള സൗഹൃദം മുതല്‍ ഹോളിവുഡ് സംവിധായകന്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗിന്റെ നിര്‍മ്മാണ കമ്പനിയുടെ പങ്കാളിത്തം വരെ ഇതുനീണ്ടു. ഇടയ്ക്ക് സമാജ് വാദി പാര്‍ട്ടി വഴി രാജ്യസഭയില്‍ എംപിയുമായി.

2002ല്‍ ധീരുഭായി അംബാനി മരണമടഞ്ഞു. അന്ന് മുകേഷ് അംബാനി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനും അനില്‍ അംബാനി മാനേജിംഗ് ഡയറക്ടറുമായിരുന്നു. 28,000 കോടി രൂപയുടെ ബിസിനസ്സ് കമ്പനിയായിരുന്നു അന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. 2005ല്‍ റിലയന്‍സ് ഗ്രൂപ്പ് രണ്ടായി പിരിഞ്ഞു. മുകേഷ് അംബാനിക്ക് എണ്ണയും, പ്രകൃതിവാതകവും, പെട്രോകെമിക്കല്‍, റിഫൈനിങ്, നിര്‍മ്മാണ മേഖലകള്‍ വീതമായി കിട്ടയപ്പോള്‍ അനില്‍ അംബാനിക്ക് വൈദ്യുതി, ടെലികോം, ഫിനാന്‍ഷ്യല്‍ സര്‍വീസ് മേഖലകള്‍ ലഭിച്ചു.

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ അല്ലെങ്കില്‍ ആര്‍കോം അനില്‍ ഏറ്റെടുത്ത ഏറ്റവും മികച്ച ബിസിനസ്സ് ആയിരുന്നു. എന്നാല്‍ എയര്‍ടെല്‍, ഹച്ച് തുടങ്ങിയ എതിരാളികള്‍ ജിഎസ്എം (ഗ്ലോബല്‍ സിസ്റ്റം ഫോര്‍ മൊബൈല്‍ കമ്മ്യൂണിക്കേഷന്‍) ആണ് ഉപയോഗിച്ചിരുന്നത്. ടെലികോം വ്യവസായം വളര്‍ന്നപ്പോള്‍, സിഡിഎംഎ റിലയന്‍സിന് ഒരു പോരായ്മയായി. കാരണം ഇത് 2 ജി, 3 ജി സേവനങ്ങളെ മാത്രമേ പിന്തുണച്ചിരുന്നുള്ളൂ. അതുകൊണ്ട് തന്നെ 4 ജി നേടാന്‍ ആര്‍കോമിനായില്ല.

ഇതോടെ ബിസിനസ്സ് വളര്‍ത്തുന്നതിനും വിപുലീകരിക്കുന്നതിനുമായി അനില്‍ കടം വാങ്ങി. എന്നാല്‍ കാലക്രമേണ, പല കാരണങ്ങളാല്‍ ഈ വ്യവസായത്തിന്റെ ലാഭം കുറയാന്‍ തുടങ്ങി. ബിസിനസ്സ് വളര്‍ത്താന്‍ കൂടുതല്‍ മൂലധന നിക്ഷേപങ്ങള്‍ വേണ്ടി വന്നു. വന്‍തോതില്‍ വായ്പകളെ ആശ്രയിക്കാന്‍ അനില്‍ നിര്‍ബന്ധിതനായി. എന്നാല്‍, വിപണിയിലെ കടുത്ത മത്സരം മൂലം നിക്ഷേപത്തിനൊത്ത് വരുമാനം ഉയരുകയുമുണ്ടായില്ല.

മുകേഷ് അംബാനിയുടെ ജിയോ ഇന്‍ഫോകോം

ഇതിനിടെ, 2016-ല്‍ മുകേഷ് അംബാനി റിലയന്‍സ് ജിയോ ഇന്‍ഫോകോം ആരംഭിച്ചതോടെ ടെലികോം അനില്‍ അംബാനിയ്ക്ക് തിരിച്ചടിയായി. ആര്‍കോം വയര്‍ലെസ് സേവനം 2017ല്‍ നിര്‍ത്തിവച്ചു.

ആര്‍കോം ജിയോയ്ക്ക് വില്‍ക്കാന്‍ കരാറിലേര്‍പ്പെട്ടു, എന്നാല്‍ ടെലികോം വകുപ്പ് ജിയോയോട് ആര്‍കോമിന്റെ കുടിശ്ശികയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് വില്‍പ്പന റദ്ദാക്കി. 2018 മേയില്‍ അനില്‍ അംബാനി പാപ്പര്‍ നടപടികളിലേക്ക് കടന്നു.

നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ (എന്‍സിഎല്‍ടി) ആര്‍കോമിനെതിരെ മൂന്ന് പരാതികള്‍ ഫയലില്‍ സ്വീകരിച്ചു. ആര്‍കോം 1,100 കോടി രൂപ കുടിശ്ശിക നല്‍കാനുണ്ടെന്ന് എറിക്സണ്‍ അവകാശപ്പെട്ടിരുന്നു. എറിക്സണ്‍ ഇന്ത്യയ്ക്ക് ഒരു മാസത്തിനുള്ളില്‍ 550 കോടി രൂപ നല്‍കിയില്ലെങ്കില്‍ അനിലിനെ തടവിലാക്കുമെന്ന് സുപ്രീം കോടതിയി അനിലിന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. മുകേഷ് അംബാനി അവസാന നിമിഷം ഇടപെട്ടാണ് അന്ന് സഹോദരനെ രക്ഷിച്ചത്.

ഇനി ജിയോ ഫിന്‍

ഒരിക്കല്‍ സഹോദരനിലൂടെ നഷ്ടമായ ടെലികോം സംരംഭം വന്‍ വിജയത്തിലേക്ക് എത്തിച്ച ശേഷമാണ് മുകേഷ് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസ് ആരംഭിച്ചത്. ബിസിനസ് തന്ത്രങ്ങള്‍ക്ക് കേമനായ മുകേഷ് ഇവിടെയും ജയം ആവര്‍ത്തിക്കാനുള്ള സാധ്യത മാത്രമാണ് വിപണി കാണുന്നതും.