image

8 July 2023 3:58 AM GMT

Lifestyle

ഇയു-വിന്‍റെ പുതിയ പരിസ്ഥിതി നയങ്ങള്‍ക്കെതിരേ ഡബ്ല്യുടിഒ-യില്‍ ആശങ്കയുണര്‍ത്തി ഇന്ത്യ

MyFin Desk

europes carbon tax
X

Summary

  • കര്‍ഷക സമൂഹത്തെ ദോഷകരമായി ബാധിക്കുമെന്ന് ഇന്ത്യ
  • എതിര്‍പ്പുമായി ഇന്ത്യക്കൊപ്പം റഷ്യയും ചൈനയും
  • ഇയു- ഏകപക്ഷീയ തീരുമാനമെടുത്തെന്ന് ആക്ഷേപം


യൂറോപ്യൻ യൂണിയന്‍ (ഇയു) നടപ്പിലാക്കുന്ന കാർബൺ നികുതിയും വനനശീകരണ നിയന്ത്രണ നയവും സംബന്ധിച്ച് ഇന്ത്യ ആശങ്ക അറിയിച്ചു. ജനീവയിൽ നടന്ന ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) യോഗത്തിൽ ഇന്ത്യക്കു പുറമേ റഷ്യ, ബ്രസീൽ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾ ഈ നടപടികൾ തങ്ങളുടെ രാജ്യങ്ങളില്‍ നിന്നുള്ള വ്യവസായങ്ങളെ ബാധിക്കുമെന്ന് നിലപാടെടുത്തു. ചരക്കു വ്യാപാരം സംബന്ധിച്ച വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഡബ്ല്യുടിഒ കൗൺസിലിന്‍റെ ദ്വിദിന യോഗം ഇന്നലെയാണ് സമാപിച്ചത്.

വികസ്വര രാജ്യങ്ങളെ സംബന്ധിച്ച് ജനസംഖ്യയുടെ വലിയൊരു ഭാഗത്തിന് തൊഴിലും സാമ്പത്തിക ക്ഷേമവും ഉറപ്പു വരുത്തുന്ന ഒരു പ്രധാന മേഖലയാണ് കാർഷികം. ഈ സാമൂഹിക-സാമ്പത്തിക ഗ്രൂപ്പുകളെ നേരിട്ടു ദോഷകരമായി ബാധിക്കുന്ന നയപരമായ തിരഞ്ഞെടുപ്പുകൾ നടത്തുന്നത് ദൗര്‍ഭാഗ്യകരമാണെന്നും, ഇയു പ്രഖ്യാപിച്ച വനനശീകരണ നിയന്ത്രണ നയം ഇത്തരത്തില്‍ ഉള്ളതാണെന്നും ഇന്ത്യ യോഗത്തില്‍ ചൂണ്ടിക്കാട്ടി.

2024 ഡിസംബർ 29-നാണ് ഇയു പുതിയ നിയന്ത്രണ സംവിധാനങ്ങള്‍ പൂര്‍ണമായി നടപ്പിലാക്കുന്നത്. ചെറുകിട സംരംഭങ്ങൾക്ക് ആറ് മാസത്തെ ഇളവ് കൂടി നല്‍കും. വനനശീകരണ രഹിത ഉല്‍പ്പന്നങ്ങള്‍ക്കായുള്ള നിയന്ത്രണ സംവിധാനം ജൂൺ 29 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. പുതിയ നിയമങ്ങൾ നടപ്പാക്കാൻ വ്യവസായങ്ങള്‍ക്കും വ്യാപാരികൾക്കും 18 മാസത്തെ സമയമുണ്ട്. ഇന്തോനേഷ്യ, റഷ്യ, ബ്രസീൽ, ഇക്വഡോർ, ഇന്ത്യ, പെറു, പരാഗ്വേ, ടി ആർകിയേ, അർജന്റീന എന്നിങ്ങനെ ഒമ്പത് ഡബ്ല്യുടിഒ അംഗങ്ങള്‍ ഈ നയത്തെ കുറിച്ചുള്ള തങ്ങളുടെ ആശങ്കകൾ ഉന്നയിച്ചു

യൂറോപ്യൻ യൂണിയന്റെ കാർബൺ ബോർഡർ അഡ്‍ജസ്‍റ്റ്‍മെന്റ് മെക്കാനിസം (സിബിഎഎം) സംബന്ധിച്ച് ചൈന, റഷ്യ, ബ്രസീൽ, ഇന്തോനേഷ്യ, പരാഗ്വേ, ഇന്ത്യ എന്നിവയുൾപ്പെടെ 12 ഡബ്ല്യുടിഒ അംഗങ്ങൾ തങ്ങളുടെ ആശങ്കകൾ ഉന്നയിച്ചു. ഡബ്ല്യുടിഒ-യിലെ പൊതുവായതും എന്നാൽ വ്യത്യസ്തവുമായ ഉത്തരവാദിത്തങ്ങളുടെ അടിസ്ഥാന തത്വങ്ങളിൽ നിന്ന് വ്യതിചലിക്കുന്ന ഏകപക്ഷീയമായ നടപടിയാണിതെന്ന് ചില അംഗങ്ങൾ വാദിച്ചു. ഒക്ടോബറിൽ ഇത് പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് അഭിപ്രായം അറിയിക്കുന്നതിന് ഡബ്ല്യുടിഒ അംഗങ്ങൾക്ക് യൂറോപ്യൻ യൂണിയൻ മതിയായ സമയം നൽകിയില്ലെന്നും പലരും പരാതിപ്പെട്ടു.

കാര്‍ബണ്‍ നിയന്ത്രണ സംവിധാനം രൂപീകരിച്ചിരിക്കുന്നത് സുതാര്യമായാണെന്നും 2025 അവസാനത്തോടെ ക്രമേണ മാത്രം നടപ്പിലാക്കുന്നതിനാല്‍ ഇക്കാലയളവില്‍ ഡബ്ല്യുടിഒ അംഗങ്ങളുമായി ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുമെന്നും ഇയു അറിയിച്ചു. ഈ വർഷം ഒക്ടോബർ 1 മുതലാണ് യൂറോപ്യന്‍ യൂണിയന്‍ സിബിഎഎം നടപ്പിലാക്കുന്നത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, 2026 ജനുവരി 1 മുതൽ യൂറോപ്യൻ യൂണിയനിലേക്കുള്ള ചില പ്രത്യേക ഇറക്കുമതികൾക്ക് സിബിഎഎം-ന് ക 20-35 ശതമാനം നികുതി ചുമത്തപ്പെടും. ഒക്‌ടോബർ മുതൽ, സ്റ്റീൽ, സിമൻറ്, വളം, അലുമിനിയം, ഹൈഡ്രോകാർബൺ ഉൽപന്നങ്ങൾ എന്നിവയുൾപ്പെടെ ഏഴ് കാർബൺ-തീവ്ര മേഖലകളിൽ നിന്നുള്ള ആഭ്യന്തര കമ്പനികൾ സിബിഎഎം മാനദണ്ഡങ്ങൾ പാലിക്കുന്നതിന് യൂറോപ്യൻ യൂണിയൻ അധികാരികളിൽ നിന്ന് കോംപ്ലിയന്‍സ് സർട്ടിഫിക്കറ്റ് തേടേണ്ടിവരും.

ഒക്ടോബർ 1 മുതൽ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ ഇരുമ്പ്, ഉരുക്ക്, അലുമിനിയം കയറ്റുമതിക്ക് ഈ സംവിധാനത്തിനു കീഴിലുള്ള അധിക പരിശോധനകള്‍ നേരിടേണ്ടിവരും. 2026 ജനുവരി 1 മുതൽ സ്റ്റീൽ, അലുമിനിയം, സിമന്റ്, വളം, ഹൈഡ്രജൻ, വൈദ്യുതി എന്നീ മേഖലകളിലെ ഓരോ ചരക്കിനും ഇയു കാർബൺ നികുതി ഈടാക്കാൻ തുടങ്ങും. 2022-ൽ ഇരുമ്പ്, ഉരുക്ക്, അലുമിനിയം ഉൽപ്പന്ന വിഭാഗങ്ങളിലായി 8.2 ബില്യൺ യുഎസ് ഡോളറിന്റെ കയറ്റുമതിയാണ് യൂറോപ്യന്‍ യൂണിയനിലേക്ക് ഇന്ത്യ നടത്തിയത്. ഇന്ത്യയുടെ ഈ വിഭാഗങ്ങളിലെ കയറ്റുമതിയുടെ 27 ശതമാനവും ഇങ്ങോട്ടാണ് പോയത്.