17 Jan 2024 7:31 AM GMT
Summary
- സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് ആഗോള ടെക് ഭീമന്‍മാർ ജീവനക്കാരെ പിരിച്ചുവിടാനാരംഭിച്ചത്
- ഗൂഗിളിന്റെ ലാര്‍ജ് കസ്റ്റമര്‍ സെയില്‍സ് വിഭാഗത്തെയാകും പിരിച്ചുവിടലുകള്‍ പ്രധാനമായും ബാധിക്കുക
- തൊഴില്‍ നഷ്ടപ്പെട്ട ജീവനക്കാര്‍ക്ക് ഗൂഗിളിലെ മറ്റെവിടെയെങ്കിലും അപേക്ഷിക്കാം
കോവിഡിനുശേഷം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് ആഗോള ടെക് ഭീമന്‍മാരായ ഗൂഗിള്‍, ആപ്പിള്‍, ആമസോണ്‍, മൈക്രോസോഫ്റ്റ് തുടങ്ങി കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിടാനാരംഭിച്ചത്. കമ്പനി പുനസംഘടന, ജീവനക്കാരുടെ പ്രവര്‍ത്തന ക്ഷമത വര്‍ധിപ്പിക്കല്‍, പ്രവര്‍ത്തന ചെലവ് കുറയ്ക്കല്‍ എന്നിങ്ങനെ ഒരോ ലക്ഷ്യങ്ങളും ഓരോ പിരിച്ചുവിടല്‍ ഘട്ടത്തിലും കമ്പനികള്‍ വ്യക്തമാക്കുകയും ചെയ്യുന്നുമുണ്ട്. കഴിഞ്ഞയാഴ്ച്ച ആയിരത്തോളം ജീവനക്കാരെ പിരിച്ചുവിട്ട ഗൂഗിളാണ് വീണ്ടും ഏതാനും ജീവനക്കാരെക്കൂടി പിരിച്ചു വിടാനൊരുങ്ങുന്നത്. കമ്പനി പുനസംഘനയുടെ ഭാഗമായാണ് പരസ്യ, വില്‍പ്പന വിഭാഗങ്ങളിലെ ഏതാനും ആളുകളെക്കൂടി പിരിച്ചു വിടാനൊരുങ്ങുന്നതെന്നാണ് സൂചന. സെയില്‍സ് ടീമിന്റെ പ്രവര്‍ത്തന രീതിയിലെ മാറ്റങ്ങളുടെ ഭാഗമായാണ് തൊഴില്‍ വെട്ടിക്കുറയ്ക്കലെന്ന് കമ്പനിയുടെ ചീഫ് ബിസിനസ് ഓഫീസര്‍ ഫിലിപ്പ് ഷിന്‍ഡ്‌ലര്‍ ഉദ്യോഗസ്ഥരോട് പറഞ്ഞതായി ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പുനസംഘടനയുടെ ഭാഗമായി ആഗോളതലത്തില്‍ നൂറുകണക്കിന് ജീവനക്കാരെ നീക്കം ചെയ്യുന്നുണ്ടെന്ന് ഗൂഗിള്‍ വക്താവ് സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വന്‍കിട ബിസിനസുകള്‍ക്ക് പരസ്യങ്ങള്‍ വില്‍ക്കുന്നത് ഗൂഗിളിന്റെ ലാര്‍ജ് കസ്റ്റമര്‍ സെയില്‍സ് (എല്‍സിഎസ്) യൂണിറ്റാണ്. ഈ വിഭാഗത്തെയാകും പിരിച്ചുവിടലുകള്‍ പ്രധാനമായും ബാധിക്കുക. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഗൂഗിള്‍ എല്‍സിഎസ് ടീമിലെ ചില ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ചെറിയ ക്ലയന്റുകള്‍ക്ക് പരസ്യങ്ങള്‍ വില്‍ക്കുന്ന ഗൂഗിള്‍ കസ്റ്റമര്‍ സൊല്യൂഷന്‍സ് ടീം (ജിസിഎസ്) 'കോര്‍' പരസ്യ വില്‍പ്പന ടീമായി മാറും.
ഹാര്‍ഡ് വെയര്‍, സെന്‍ട്രല്‍ എഞ്ചിനീയറിംഗ് ടീമുകള്‍, ഗൂഗിള്‍ അസിസ്റ്റന്റ് എന്നിവയുള്‍പ്പെടെ നിരവധി വകുപ്പുകളിലെ ജീവനക്കാരെ ഗൂഗിള്‍ അടുത്തിടെ പിരിച്ചുവിട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ 12,000 പേര്‍ക്കാണ് തൊഴില്‍ നഷ്ടമായത്.
'ഞങ്ങളുടെ പരസ്യ ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുന്നതിന് ടീമിനെ രൂപപ്പെടുത്തുന്നതിന് എല്ലാ വര്‍ഷവും കര്‍ശനമായ പ്രക്രിയയിലൂടെ കടന്നുപോകുന്നുവെന്നാണ്,' ഇത് സംബന്ധിച്ച് കമ്പനി വക്താവ് വ്യക്തമാക്കിയിട്ടുള്ളത്.
ഉപഭോക്താക്കളുടെ സേവന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ശരിയായ സ്‌പെഷ്യലിസ്റ്റ് ടീമുകളിലേക്കും വില്‍പ്പന ചാനലുകളിലേക്കും ഉപഭോക്താക്കളെ എത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി, ആഗോളതലത്തില്‍ ഏതാനും റോളുകള്‍ ഇല്ലാതാക്കും. തൊഴില്‍ നഷ്ടം ബാധിക്കപ്പെട്ട ജീവനക്കാര്‍ക്ക് ഓപ്പണ്‍ റോളുകളിലേക്കോ ഗൂഗിളിലെ മറ്റെവിടെയെങ്കിലുമോ അപേക്ഷിക്കാന്‍ കഴിയുമെന്നും 'വക്താവ് കൂട്ടിച്ചേര്‍ത്തു.