image

28 Dec 2022 8:33 AM GMT

Employment

2023 തൊഴിലവസരങ്ങളുടെ വര്‍ഷമായേക്കും, 60% കമ്പനികളും ആളെയെടുക്കുന്നു: സര്‍വേ

MyFin Desk

Manufacturing company
X

Summary

  • രാജ്യത്തെ 14 നഗരങ്ങളില്‍ നിന്നുള്ള 300 കമ്പനികള്‍ക്കിടയിലാണ് സര്‍വേ നടത്തിയത്.


മുംബൈ: വരുന്ന മൂന്നു മാസത്തിനകം രാജ്യത്തെ ഉത്പന്ന നിര്‍മ്മാണ കമ്പനികള്‍ കൂടുതല്‍ ആളുകളെ ജോലിയ്‌ക്കെടുക്കാന്‍ സാധ്യതയെന്ന് സര്‍വേ റിപ്പോര്‍ട്ട്. തൊഴില്‍ പോര്‍ട്ടലായ ടീംലീസ് നടത്തിയ എംപ്ലോയ്‌മെന്റ് ഔട്ട്‌ലുക്ക് റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

വന്‍കിട കമ്പനികളില്‍ 69 ശതമാനവും, ഇടത്തരം കമ്പനികളില്‍ 44 ശതമാനവും, ചെറിയ കമ്പനികളില്‍ 39 ശതമാനവും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് സര്‍വേയിലൂടെ വ്യക്തമായെന്ന് റിപ്പോര്‍ട്ട് പറയുന്നു.

രാജ്യത്തെ 14 നഗരങ്ങളില്‍ നിന്നുള്ള 300 കമ്പനികള്‍ക്കിടയിലാണ് സര്‍വേ നടത്തിയത്. 60 ശതമാനത്തിലേറെ കമ്പനികളും പുതിയതായി ആളുകളെ ജോലിയ്‌ക്കെടുക്കാനുള്ള നീക്കത്തിലാണ്. വന്‍ നഗരങ്ങളുടെ അടിസ്ഥാനത്തില്‍ കണക്കാക്കിയാല്‍ മുംബൈയിലെ ഉത്പാദന കമ്പനികളിലെ 97 ശതമാനവും പുതിയ ആളുകളെ ജോലിയ്‌ക്കെടുക്കാനുള്ള നീക്കത്തിലാണ്.

മാത്രമല്ല, ബെംഗലൂരു - 94 ശതമാനം, ചെന്നൈ - 89 ശതമാനം, ഡെല്‍ഹി - 84 ശതമാനം, പൂനെ - 73 ശതമാനം എന്നീ അളവില്‍ ഉത്പാദന കമ്പനികളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കഴിഞ്ഞ ഏതാനും മാസങ്ങളായി ആഗോള തലത്തില്‍ പിരിച്ചുവിടലുകള്‍ ശക്തമായി വരികയായിരുന്നു. ടെക്ക് കമ്പനികളിലാണ് ഇവയില്‍ ഏറെയും. എന്നാല്‍ ഇത്തരത്തില്‍ ജോലി നഷ്ടപ്പെട്ടവര്‍ക്ക് അവസരം നല്‍കുമെന്ന് ഇന്ത്യയിലെ ടെലികോം കമ്പനികള്‍ ഏതാനും ആഴ്ച്ച മുന്‍പ് അറിയിച്ചിരുന്നു.

5ജി വിന്യസിക്കുന്നത് ഉള്‍പ്പടെയുള്ള ജോലികള്‍ പല കമ്പനികളും ഊര്‍ജ്ജിതമാക്കിയിരിക്കുന്നതിനാല്‍ രാജ്യത്ത് ഇനിയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടേക്കും.