2 Oct 2024 10:04 AM GMT
ഇന്ത്യയിലും വിദേശത്തുമായി 45,801 ഒഴിവുകള്‍; കേരള നോളജ് ഇക്കോണമി മിഷന്‍ അപേക്ഷ ക്ഷണിച്ചു
MyFin Desk
വിവിധ ഒഴിവുകളിലേക്ക് കേരള നോളജ് ഇക്കോണമി മിഷന്‍ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലും വിദേശത്തുമായി 45,801 ഒഴിവുകളുണ്ട്. ന്യൂസീലന്‍ഡ്, ജര്‍മനി, യു.എ.ഇ. എന്നീ രാജ്യങ്ങളിലും മുംബൈ, ദില്ലി, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളിലുമാണ് അവസരം.
സെയിൽസ് ആൻഡ് മാർക്കറ്റിങ്, ടെക്‌നിക്കൽ, ഹെല്‍ത്ത് കെയർ, ബിസിനസ് അഡ്‌മിനിസ്ട്രേഷൻ, ബാങ്കിങ് ആൻഡ് ഇൻഷുറൻസ്,മീഡിയ കോഡിനേറ്റര്‍, കെയര്‍ ടേക്കര്‍, ടെക്‌നിക്കല്‍ ഓപ്പറേറ്റര്‍, അക്കൗണ്ടന്റ്, ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ തുടങ്ങി 526-ഓളം തസ്തികകളിലേക്കാണ് അപേക്ഷിക്കാനാവുക.
ജർമ്മനി
ജര്‍മ്മനിയില്‍ മെക്കട്രോണിക് ടെക്നീഷ്യന്‍, കെയര്‍ ടേക്കര്‍, സ്റ്റാഫ് നഴ്സ് തസ്തികകളിലായി 2000 ഒഴിവുകളുണ്ട്. സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് ബിരുദവും ജനറല്‍ നഴ്സിങ്, ഓക്‌സിലറി നഴ്സിങ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കെയര്‍ ടേക്കര്‍ തസ്തികയ്ക്ക് ഡിപ്ലോമയാണ് യോഗ്യത. 1,75,000-2,50,000 രൂപ പ്രതിമാസ വരുമാനം.
ന്യൂസിലന്‍ഡ്
ന്യൂസീലന്‍ഡില്‍ ബി.ടെക്., ഡിപ്ലോമ, ഐ.ടി.ഐ. യോഗ്യതയുള്ളവര്‍ക്ക് സിവില്‍ എന്‍ജിനിയറിങ്, വെല്‍ഡിങ്, സ്‌പ്രേ പെയിന്റിങ് മേഖലകളിലായി 500 ഒഴിവുകളുണ്ട്. സ്‌പ്രേ പെയിന്റിങ്, വെല്‍ഡര്‍ തസ്തികകളിലേക്ക് ഐ.ടി.ഐ. ആണ് യോഗ്യത. 1,75,000-2,50,000 രൂപയാണ് പ്രതിമാസശമ്പളം. സിവില്‍ എന്‍ജിനിയറിങ്, മേഖലയിലെ സൈറ്റ് ട്രാഫിക് മാനേജ്മെന്റ് സൂപ്പര്‍വൈസറാകാന്‍ ബിരുദവും സിവില്‍ എന്‍ജിനിയറിങ്ങുമാണ് യോഗ്യത. 1,75,000-2,50,000 രൂപയാണ് പ്രതിമാസശമ്പളം.
യു.എ.ഇ
യു.എ.ഇ.യില്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക് ടെക്നീഷ്യന്‍, ലെയ്ത്ത് ഓപ്പറേറ്റര്‍ തുടങ്ങിയ മേഖലകളിലായാണ് അവസരം. ചില തസ്തികകളിലേക്ക് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാര്‍ക്കും അപേക്ഷിക്കാം.
അപേക്ഷിക്കേണ്ട വിധം
കേരള നോളജ് ഇക്കോണമി മിഷന്‍റെ വെബ് പോർട്ടലായ ഡിഡബ്ല്യുഎംഎസില്‍ (dwms) രജിസ്റ്റർ ചെയ്‌തിട്ടുള്ള ഉദ്യോഗാർഥികൾക്ക് യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള ജോലിയിലേക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങൾ 0471-273881, 0471-2737882 എന്നീ നമ്പരുകളിൽ നിന്നോ knowledgemission.kerala.gov.in എന്ന വെബ് സൈറ്റിൽ നിന്നോ ലഭ്യമാണ്.