10 April 2025 11:55 AM IST
Summary
- സാങ്കേതിക വൈദഗ്ധ്യവും ചെലവിലെ കാര്യക്ഷമതയും രാജ്യത്തിന്റെ പ്രത്യേകത
- സാങ്കേതികവിദ്യയിലും ഡിജിറ്റല്‍ പരിവര്‍ത്തനത്തിലും വൈദഗ്ധ്യമുള്ളരെ കമ്പനികള്‍ തേടുന്നു
ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടയിലും ഇന്ത്യന്‍ തൊഴില്‍ വിപണി സ്ഥിരത പുലര്‍ത്തുന്നതായി റിപ്പോര്‍ട്ട്. വ്യവസായങ്ങളിലുടനീളം മികച്ച നിയമനങ്ങള്‍ നടക്കുന്നു. ആഴത്തിലുള്ള സാങ്കേതിക വൈദഗ്ധ്യം, ചെലവിലെ കാര്യക്ഷമത, അതിവേഗം വൈദഗ്ധ്യം വര്‍ധിപ്പിക്കുന്ന തൊഴിലാളികള്‍ എന്നിവയിലാണ് രാജ്യത്തിന്റെ ശക്തിയെന്ന് ആഗോള റിക്രൂട്ട്‌മെന്റ് സ്ഥാപനമായ മൈക്കല്‍ പേജ് ഇന്ത്യ പറയുന്നു.
ചില മേഖലകളിലെ സാമ്പത്തിക മാന്ദ്യം ജാഗ്രതയോടെയുള്ള നിയമനങ്ങള്‍ക്ക് കാരണമായിട്ടുണ്ടെങ്കിലും സാങ്കേതികവിദ്യയിലും ഡിജിറ്റല്‍ പരിവര്‍ത്തനത്തിലും വൈദഗ്ധ്യമുള്ള പ്രൊഫഷണലുകള്‍ക്ക് ഇന്ത്യയില്‍ ആവശ്യം തുടരുന്നുവെന്ന് മൈക്കല്‍ പേജ് ഇന്ത്യയുടെ സീനിയര്‍ എംഡി നിലയ് ഖണ്ഡേല്‍വാള്‍ പിടിഐയോട് പറഞ്ഞു.
മത്സരാധിഷ്ഠിത ശമ്പള ഘടനകള്‍, സര്‍ക്കാര്‍ പിന്തുണയുള്ള നൈപുണ്യ വികസന സംരംഭങ്ങള്‍, ഗ്ലോബല്‍ കപ്പാസിറ്റി സെന്ററുകളുടെ വിപുലീകരണം എന്നിവയിലൂടെ രാജ്യം ഒരു പ്രതിഭാ കേന്ദ്രമായി നിലകൊള്ളുന്നു. ജിസിസികള്‍ ഇപ്പോള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഓട്ടോമേഷന്‍, ഗവേഷണ വികസനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇത് ഇന്ത്യയെ നവീകരണത്തിനുള്ള തന്ത്രപരമായ കേന്ദ്രമാക്കി മാറ്റുകയാണ്. മാത്രമല്ല, സ്‌കില്‍ ഇന്ത്യ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത തൊഴില്‍ ശക്തി വികസനം തുടങ്ങിയ പരിപാടികള്‍ പ്രൊഫഷണലുകളുടെ തൊഴില്‍ക്ഷമത വര്‍ധിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യ പ്രതിവര്‍ഷം 2.5 ദശലക്ഷത്തിലധികം STEM ബിരുദധാരികളെ സൃഷ്ടിക്കുന്നു. ഇത് ഇന്ത്യക്ക് മികവ് നല്‍കുന്നു. ഇതിനുപുറമെ, പാശ്ചാത്യ വിപണികളെ അപേക്ഷിച്ച് ഇന്ത്യയില്‍ ഉല്‍പ്പാദനത്തിന് ഗണ്യമായ ചെലവ് കുറവ് ആണ് ഉള്ളത്.
മത്സരാധിഷ്ഠിത ശമ്പള ഘടനകള്‍, കുറഞ്ഞ റിക്രൂട്ട്മെന്റ് ചെലവുകള്‍, ശക്തമായ പ്രതിഭാ ശേഖരം എന്നിവ ആഗോള പ്രതിഭാ കേന്ദ്രമെന്ന നിലയില്‍ ഇന്ത്യയുടെ സ്ഥാനത്തിന് സംഭാവന നല്‍കുന്നു,' ഖണ്ഡേല്‍വാള്‍ കൂട്ടിച്ചേര്‍ത്തു.
ഖണ്ഡേല്‍വാളിന്റെ അഭിപ്രായത്തില്‍, പ്രതിഭകളെ കണ്ടെത്തുന്നതില്‍ മത്സരശേഷി നിലനിര്‍ത്തുന്നതിന്, ഇന്ത്യ അതിന്റെ നൈപുണ്യ വികസന വേഗത ത്വരിതപ്പെടുത്തേണ്ടതുണ്ട്. കാരണം എഐ, സെമികണ്ടക്ടര്‍ വ്യവസായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് രാജ്യത്തിന് കൂടുതല്‍ ഉയര്‍ന്ന വൈദഗ്ധ്യമുള്ള പ്രൊഫഷണലുകള്‍ ആവശ്യമാണ്. തൊഴില്‍-ജീവിത സന്തുലിതാവസ്ഥ വികസിച്ചുകൊണ്ടിരിക്കുകയാണെന്നും കമ്പനികള്‍ ഉല്‍പ്പാദനക്ഷമതയെ അടിസ്ഥാനമാക്കിയുള്ള തൊഴില്‍ മാതൃകകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയമനങ്ങളില്‍ കുതിച്ചുചാട്ടം കാണുന്ന പ്രത്യേക വ്യവസായങ്ങളില്‍ ജിസിസികളും ഉള്‍പ്പെടുന്നു. ചെലവ്, കഴിവുകളുടെ ലഭ്യത എന്നിവ കാരണം ഇന്ത്യ വിപുലീകരണത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലമായി തുടരുന്നു.
മാത്രമല്ല, സര്‍ക്കാര്‍ പ്രോത്സാഹനങ്ങള്‍, ആഗോള വിതരണ ശൃംഖലയിലെ മാറ്റങ്ങള്‍, സ്വകാര്യ മേഖലയിലെ നിക്ഷേപങ്ങള്‍ എന്നിവ ചിപ്പ് ഡിസൈനിലും നിര്‍മ്മാണത്തിലും ദ്രുതഗതിയിലുള്ള നിയമനങ്ങള്‍ക്ക് കാരണമാകുന്നു. കുതിച്ചുചാട്ടം കാണുന്ന മറ്റ് മേഖലകളില്‍ എഐ & സൈബര്‍ സുരക്ഷ ഉള്‍പ്പെടുന്നു. ഡാറ്റ സുരക്ഷ ആഗോള മുന്‍ഗണനയായി മാറുന്നതോടെ, ഇന്ത്യ സൈബര്‍ സുരക്ഷാ പ്രതിഭകളുടെ കേന്ദ്രമായി ഉയര്‍ന്നുവരികയാണ്.
2025 ലെ മൈക്കല്‍ പേജ് സാലറി ഗൈഡ് അനുസരിച്ച്, ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്ന കഴിവുകളില്‍ എഐ & മെഷീന്‍ ലേണിംഗ്, സൈബര്‍ സുരക്ഷ & ക്ലൗഡ് കമ്പ്യൂട്ടിംഗ്, സെമികണ്ടക്ടര്‍ ഡിസൈന്‍ & എഞ്ചിനീയറിംഗ്, ഡാറ്റ സയന്‍സ് & അഡ്വാന്‍സ്ഡ് അനലിറ്റിക്‌സ് തുടങ്ങിയവ ഉള്‍പ്പെടുന്നു.