image

7 Jan 2023 4:50 AM GMT

Employment

ടെക്ക് മേഖലയില്‍ പിരിച്ചുവിടല്‍ കടുക്കുമ്പോള്‍, 'ബ്ലൂ കോളര്‍' തൊഴിലുകള്‍ വര്‍ധിക്കുന്നു : റിപ്പോര്‍ട്ട്

MyFin Desk

blue collar jobs
X

Summary

  • ബ്ലൂ കോളര്‍, ഗ്രേ കോളര്‍ മേഖലയിലെ തൊഴിലവസരങ്ങള്‍ 301 ശതമാനവും, തൊഴിലന്വേഷകരുടെ എണ്ണം 236 ശതമാനവുമായി ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


മുംബൈ: മെറ്റ, ആമസോണ്‍, ട്വിറ്റര്‍, ആപ്പിള്‍ എന്നിങ്ങനെ തൊഴിലാളികളുടെ എണ്ണം കൊണ്ടും, ആഗോള തലത്തിലെ സാന്നിധ്യം കൊണ്ടും ഭീമന്‍മാരായ പല ടെക്, ഐടി കമ്പനികളും ജീവനക്കാരെ പിരിച്ചു വിട്ടുകൊണ്ടിരിക്കുകയാണ്. പിരിച്ചുവിടല്‍ അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ 'പുറം പണി' (ജിഗ് വര്‍ക്ക്) യെ ആശ്രയിക്കുന്ന ഈ മേഖലയിലെ തൊഴിലാളികളുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്.

വൈറ്റ് കോളര്‍ തൊഴില്‍ മേഖലയിലെ പ്രതിസന്ധികള്‍ക്കിടയില്‍ ബിസിനസ് ഡെവലപ്മെന്റ്, കസ്റ്റമര്‍ കെയര്‍, ഫീല്‍ഡ് സെയില്‍സ് എന്നിങ്ങനെയുള്ള ബ്ലൂ കോളര്‍, ഗ്രേ കോളര്‍ മേഖലയിലെ തൊഴിലവസരങ്ങള്‍ 301 ശതമാനവും, തൊഴിലന്വേഷകരുടെ എണ്ണം 236 ശതമാനവുമായി ഉയര്‍ന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഡിജിറ്റൈസേഷന്‍, ഓട്ടോമേഷന്‍, പുതിയ തൊഴില്‍ മാതൃകകകള്‍ എന്നിവയെല്ലാം ബ്ലൂ കോളര്‍ മേഖലയിലെ തൊഴില്‍ ഡിമാന്‍ഡ് 2022 ല്‍ നാലു ശതമാനം വര്‍ധിക്കാന്‍ കാരണമായെന്നാണ് ക്വസ് കോര്‍പറേറ്റിന്റെ അനുബന്ധ കമ്പനിയായ ബില്യണ്‍ കരിയേഴ്സിന്റെ ഡാറ്റ വ്യക്തമാക്കുന്നത്. കൂടാതെ, ഈ മേഖലയില്‍ തൊഴില്‍ ലഭിക്കുന്നവരില്‍ 60 ശതമാനം പേരും പഠനം കഴിഞ്ഞ് പുറത്തിറങ്ങിയവരോ അല്ലെങ്കില്‍ തൊഴില്‍ ചെയ്യാന്‍ തുടങ്ങിയിട്ട് മൂന്നു വര്‍ഷം ആയവരോ ആണ്.

മെഷീന്‍ ലേണിംഗ്, റോബോട്ടിക്സ്, ത്രീഡി പ്രിന്റിംഗ്, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് എന്നിങ്ങനെയുള്ള പുതിയ സാങ്കേതികവിദ്യകളുടെ കാര്യത്തില്‍ അറിവുള്ളവരും, കാര്യക്ഷമതയുള്ളവരുമായ പുതിയ ആളുകളെ നിയമിക്കാനാണ് കമ്പനികള്‍ താല്‍പര്യപ്പെടുന്നത്. പുതിയതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്കും 8,000 രൂപ മുതല്‍ 25,000 രൂപ വരെയാണ് വിവിധ ജോലികള്‍ക്ക് ലഭിക്കുന്ന ശമ്പളം.

2021 ലെ 2,626,637 തൊഴിലവസരങ്ങളെ അപേക്ഷിച്ച് ബ്ലൂ കോളര്‍, ഗ്രേ കോളര്‍ മേഖലയിലെ തൊഴിലവസരങ്ങള്‍ 10,542,820 ആയി 2022 ല്‍ ഉയര്‍ന്നു. ഈ മേഖലയിലെ തൊഴിലന്വേഷകരുടെ എണ്ണത്തിലും വര്‍ധനയുണ്ടായിട്ടുണ്ടെന്നാണ് ഡേറ്റ സൂചിപ്പിക്കുന്നത്. മെട്രോ നഗരങ്ങളായ ഡെല്‍ഹിയില്‍ 11.57 ശതമാനം, ബെംഗളുരുവില്‍ 11.55 ശതമാനം എന്നിങ്ങനെയാണ് ബ്ലൂ കോളര്‍, ഗ്രേ കോളര്‍ ജോലിക്കുള്ള ഡിമാന്‍ഡ് ഉയര്‍ന്നത്. ടയര്‍ വണ്‍ നഗരങ്ങളായ മുംബൈ, ഹൈദരാബാദ്, പൂനെ എന്നിവിടങ്ങളില്‍ യഥാക്രമം 10.21 ശതമാനം, 7.78 ശതമാനം, 5.8 ശതമാനം എന്നിങ്ങനെയും തൊഴില്‍ ഡിമാന്‍ഡ് ഉയര്‍ന്നു.

ബിപിഒ (ബിസിനസ് പ്രോസസ് ഔട്ട്സോഴ്സിംഗ്), കസ്റ്റമര്‍ കെയര്‍ ജോലികള്‍ 21 ശതമാനം, ഫീല്‍ഡ് സെയില്‍സ് ഏഴ് ശതമാനം, ബിസിനസ് ഡെവലപ്മെന്റ് 19 ശതമാനം, ഹ്യൂമന്‍ റിസോഴ്സ് 31 ശതമാനം, സെക്യൂരിറ്റി ഗാര്‍ഡ് 110 ശതമാനം എന്നിങ്ങനെയാണ് വിവിധ തൊഴിലുകളില്‍ 2021 നെ അപേക്ഷിച്ച് 2022 ല്‍ ഉണ്ടായിരിക്കുന്ന വര്‍ധന. എന്നാല്‍, ഡാറ്റ എന്‍ട്രി, ബാക്ക് ഓഫീസ് ജോലികളില്‍ 18 ശതമാനം, കൗണ്ടര്‍ സെയില്‍സ്, റീട്ടെയില്‍ എന്നിവയില്‍ ഏഴ് ശതമാനം, ഡെലിവറി, ഡ്രൈവിംഗ് എന്നിവയില്‍ 25 ശതമാനം എന്നിങ്ങനെ കുറവുണ്ടായി.