27 Dec 2022 10:07 AM GMT
Summary
- ജോലിസ്ഥലത്തെ മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍, 56 ശതമാനം ജീവനക്കാര്‍ പറയുന്നത് വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോഴും മാനേജര്‍മാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ്.
ഡെല്‍ഹി: തൊഴിലിടങ്ങളിലെ അന്തരീക്ഷം കൂടുതല്‍ അനുകൂലമാകണം എന്നാഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം ജോലിക്കാരും. അതിനായി വിട്ടുവീഴ്ച്ചകള്‍ ചെയ്യാന്‍ അവര്‍ തയ്യാറാണെന്നും പഠന റിപ്പോര്‍ട്ട്. എഡിപി റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പതിനേഴ് രാജ്യങ്ങളിലെ 33,000 ജീവനക്കാര്‍ക്കിടയില്‍ 'പീപ്പിള്‍ അറ്റ് വര്‍ക്ക് 2022: എ ഗ്ലോബല്‍ വര്‍ക്ക് ഫോഴ്സ് വ്യു' എന്ന പേരില്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ടാണ് ഇക്കാര്യം ചൂണ്ടിക്കാണിയ്ക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം 10 ല്‍ ഏഴ് ജീവനക്കാരും അവരുടെ തൊഴില്‍ അന്തരീക്ഷം അനുകൂലമാകണം എന്നാണ് ആഗ്രഹിക്കുന്നത്.
ഇന്ത്യയില്‍ 76.07 ശതമാനം ജീവനക്കാരും അവരുടെ ജോലി സമയം സൗകര്യപ്രദമാകണമെന്ന് താല്‍പ്പര്യപ്പെടുന്നു. വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനുള്ള സൗകര്യം ഉറപ്പുനല്‍കുകയോ, അല്ലെങ്കില്‍ വീട്ടിലും, ഓഫീസിലും മാറിമാറി ജോലി ചെയ്യുന്നതിനുള്ള സൗകര്യമോ ലഭിക്കണമെങ്കില്‍ ശമ്പളം വെട്ടിക്കുറയ്ക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യയിലെ 76.38 ശതമാനം ജീവനക്കാരും മുഴുവന്‍ സമയ ജോലിയിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടാല്‍ പുതിയ ജോലി തേടുമെന്ന അഭിപ്രായമുള്ളവരാണ്.
ജീവനക്കാരെ സംതൃപ്തരാക്കുന്നതിന് പരമ്പരാഗതമായ ഒമ്പത് മുതല്‍ അഞ്ച് വരെ എന്ന സമയക്രമത്തിന് ബദലായി നൂതനമായ ഓപ്ഷനുകള്‍ കണ്ടുപിടിക്കേണ്ടത് ആവശ്യമാണ്. പകര്‍ച്ച വ്യാധി സമയത്ത് ജീവനക്കാര്‍ വളരെയധികം സമ്മര്‍ദ്ദം സഹിക്കുകയും, തുടര്‍ച്ചയായ പ്രകടനത്തിലൂടെ അവരുടെ പ്രാധാന്യം തെളിയിക്കുകയും ചെയ്തതിനാല്‍ ജീവനക്കാരുടെ ജീവിതത്തില്‍ കൂടുതല്‍ സൗകര്യവും, നിയന്ത്രണവും വാഗ്ദാനം ചെയ്യുന്നത് പരിഗണിക്കേണ്ടതാണെന്ന് സൗത്ത് ഈസ്റ്റ് ഏഷ്യ ആന്‍ഡ് ഇന്ത്യ, എഡിപി, എംഡി, രാഹുല്‍ ഗോയല്‍ പറഞ്ഞു.
സൗകര്യപ്രദമായ സമയം ഏര്‍പ്പെടുത്തുക, ജീവനക്കാരുടെ ജോലി സമയം നാലു ദിവസമാക്കി പുനഃക്രമീകരിക്കുക തുടങ്ങിയ ആശയങ്ങള്‍ മുമ്പ് തമാശയായി കണ്ടിരുന്നെങ്കില്‍ നിലവില്‍, മികച്ച പ്രതിഭകളെ നിലനിര്‍ത്തുന്നതിനും ആകര്‍ഷിക്കുന്നതിനും ഗൗരവമായ ഇത്തരം കാര്യങ്ങളെ പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരും തൊഴില്‍ പുരോഗതിയെക്കുറിച്ച് തങ്ങളുടെ തൊഴിലുടമകളുമായി സംസാരിക്കുകയും, വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോള്‍ പോലും തങ്ങള്‍ ശ്രദ്ധിക്കപ്പെടുകയും ഉചിതമായി വിലമതിക്കപ്പെടുകയും ചെയ്യുന്നുവെന്ന് കരുതുന്നവരുമാണ് 73 ശതമാനം പേരും.
തൊഴില്‍ദാതാക്കള്‍ ഉയര്‍ന്ന നൈപുണ്യത്തെയും, പരിശീലന ആവശ്യകതകളെയും കുറിച്ച് സംസാരിക്കാന്‍ തയ്യാറാണെന്ന് 74 ശതമാനം ജീവനക്കാരും അഭിപ്രായപ്പെടുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ജോലിസ്ഥലത്തെ മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍, 56 ശതമാനം ജീവനക്കാര്‍ പറയുന്നത് വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോഴും മാനേജര്‍മാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ്.
ഹ്യൂമന്‍ ക്യാപിറ്റല്‍ മാനേജ്‌മെന്റ് ഡാറ്റയില്‍ എച്ച്ആര്‍ മാനേജ്‌മെന്റ് ടൂളുകളും, പ്ലാറ്റ്‌ഫോമുകളും അവതരിപ്പിക്കുന്നത് തീരുമാനമെടുക്കല്‍ സുഗമമാക്കാനും കൂടുതല്‍ അടുപ്പം തോന്നിക്കുന്ന ആന്തരിക സംസ്‌കാരം വളര്‍ത്താനും, തൊഴിലുടമകളും ജീവനക്കാരും തമ്മിലുള്ള വിശ്വാസവും വിശ്വസ്ഥതയും വര്‍ധിപ്പിക്കാനും സഹായിക്കുമെന്നുമാണ് പഠനം വ്യക്തമാക്കുന്നത്.