29 Jun 2023 10:44 AM
രാജാവിനും രക്ഷയില്ല; പണപ്പെരുപ്പം ബ്രിട്ടീഷ് രാജകുടുംബത്തെയും ബാധിച്ചതായി റിപ്പോര്‍ട്ട്
MyFin Desk
Summary
- കഴിഞ്ഞ വര്‍ഷം ഏറ്റവും തിരക്കേറിയ വര്‍ഷമായിരുന്നു രാജകുടുംബത്തിന്റേത്
- പണപ്പെരുപ്പമാണ് ചെലവ് 100 മില്യന്‍ പൗണ്ടിനു മുകളിലെത്താനുള്ള കാരണം
- നികുതിദായകരില്‍ നിന്നും ശേഖരിക്കുന്ന തുക വച്ചാണ് രാജകുടുംബത്തിന്റെ ചെലവിലേക്കുള്ള ഫണ്ട് രൂപപ്പെടുത്തുന്നത്
ലോക രാഷ്ട്രങ്ങളെല്ലാം തന്നെ കുതിച്ചുയരുന്ന പണപ്പെരുപ്പത്തിന്റെ ദുരിതമനുഭവിക്കുകയാണ്. ഇന്ത്യ പോലെ ചുരുക്കം ചില രാജ്യങ്ങള്‍ മാത്രമാണ് പണപ്പെരുപ്പ തോത് അല്‍പമെങ്കിലും പിടിച്ചുനിര്‍ത്തിയിരിക്കുന്നത്. അമേരിക്ക ഉള്‍പ്പെടെയുള്ള വികസിത രാഷ്ട്രങ്ങള്‍ പലിശ നിരക്ക് വര്‍ധിപ്പിച്ചു കൊണ്ടാണ് പണപ്പെരുപ്പത്തെ നേരിട്ടു കൊണ്ടിരിക്കുന്നത്.
കുതിച്ചുയരുന്ന പണപ്പെരുപ്പം ബ്രിട്ടീഷ് രാജകുടുംബത്തെ ബാധിച്ചതായിട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്.
നികുതിദായകരില്‍ നിന്നും ശേഖരിക്കുന്ന തുക വച്ചാണ് രാജകുടുംബത്തിന്റെ ചെലവിലേക്കുള്ള ഫണ്ട് രൂപപ്പെടുത്തുന്നത്. ഈ ഫണ്ടിന്റെ ചെലവും അതിലേക്കു വരുന്ന വരുമാനവും വിശദമാക്കുന്ന റിപ്പോര്‍ട്ടാണ് ദ ആന്വല്‍ സോവറിന്‍ ഗ്രാന്റ് റിപ്പോര്‍ട്ട് (The annual Sovereign Grant report).
രാജുകുടുംബത്തിലെ സാമ്പത്തികകാര്യങ്ങള്‍ക്കു നേതൃത്വം വഹിക്കുന്ന ഉദ്യോഗസ്ഥനും, പ്രിവ്വി പഴ്‌സ് കീപ്പറുമായ സര്‍ മൈക്കിള്‍ സ്റ്റീവന്‍സാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
കഴിഞ്ഞ ദിവസം പുറത്തുവിട്ട 2022-23 കാലത്തുള്ള ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്, രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ക്രൗണ്‍ എസ്റ്റേറ്റില്‍ (Crown Estate) നിന്നുള്ള മിച്ച വരുമാനം 86.3 മില്യന്‍ പൗണ്ടെന്നാണ്.
കഴിഞ്ഞ വര്‍ഷം ഏറ്റവും തിരക്കേറിയ വര്‍ഷമായിരുന്നു രാജകുടുംബത്തിന്റേതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തിലായിരുന്നു എലിസബത്ത് രാജ്ഞി സിംഹാസനത്തിലേറിയതിന്റെ എഴുപതാം വര്‍ഷത്തിന്റെ ആഘോഷങ്ങള്‍ നടന്നത്. തുടര്‍ന്ന് സെപ്റ്റംബറില്‍ രാജ്ഞി മരണപ്പെട്ടു. ഈ വര്‍ഷം മെയ് മാസത്തില്‍ രാജാവായി ചാള്‍സിന്റെ കിരീടധാരണവും ഉണ്ടായി.
എലിസബത്ത് രാജ്ഞിയുടെ ശവസംസ്‌കാര ചടങ്ങുകള്‍ക്കും അനുബന്ധ പരിപാടികള്‍ക്കുമായി 1.6 മില്യന്‍ പൗണ്ടാണ് (3.3 മില്യന്‍ ഡോളര്‍) രാജകുടുംബം ചെലവഴിച്ചതെന്ന് റിപ്പോര്‍ട്ട് പറയുന്നു. സംസ്‌കാര ചടങ്ങിന് പൊലീസിനെയും മറ്റും നിയോഗിച്ചതിനുള്ള ചെലവ് മൊത്തത്തില്‍ 162 ദശലക്ഷം പൗണ്ടായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
രാജകുടുംബാംഗങ്ങളുടെ ചെലവ് അഞ്ച് ശതമാനം ഉയര്‍ന്ന് 107.5 മില്യന്‍ പൗണ്ടിലെത്തി. രാജകൊട്ടാരത്തിലെ ജീവനക്കാരുടെ ചെലവും ഗണ്യമായി വര്‍ധിച്ചു. ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് രാജകുടുംബത്തിന്റെ ചെലവ് 100 മില്യന്‍ പൗണ്ടിനും അപ്പുറത്തേയ്ക്ക് പോകുന്നത്. 2022-23 വര്‍ഷത്തില്‍ രാജകുടുംബത്തിന്റെ ചെലവ് 86.3 മില്യന്‍ പൗണ്ടായിരുന്നു.
പണപ്പെരുപ്പമാണ് ചെലവ് 100 മില്യന്‍ പൗണ്ടിനു മുകളിലെത്താനുള്ള കാരണമെന്നാണ് രാജകുടുംബം പറയുന്നത്.
യുകെയില്‍ ജീവിതച്ചെലവ് വര്‍ധിച്ചത് വലിയ പ്രതിസന്ധിയാണ് തീര്‍ത്തിരിക്കുന്നത്. ഇതോടെ കഴിഞ്ഞ മാസം പണപ്പെരുപ്പം 8.7 ശതമാനമായിരുന്നു.
ഗ്രീന്‍ ഹൗസ് ഗ്യാസ് എമിഷന്‍ (emission) കുറയ്ക്കുന്നതിന് കൊട്ടാരങ്ങളിലെ തെര്‍മോസ്റ്റാറ്റുകള്‍ 19 ഡിഗ്രി സെല്‍ഷ്യസായി കുറയ്ക്കണമെന്ന് ചാള്‍സ് രാജാവ് നിര്‍ദേശിച്ചിരുന്നു. പരിസ്ഥിതിവാദം മുറുകെ പിടിക്കുന്ന വ്യക്തിയെന്ന നിലയില്‍ ചാള്‍സ് രാജാവിന്റെ ഈ നിര്‍ദേശം വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
അതേസമയം രാജപദവികള്‍ ഉപേക്ഷിച്ച് യുകെ വിട്ട് അമേരിക്കയില്‍ താമസമാക്കിയ ചാള്‍സ് രാജാവിന്റെ ഇളയ മകന്‍ ഹാരി രാജകുമാരന്റെ സാമ്പത്തികനില മോശമായെന്ന് റിപ്പോര്‍ട്ട്. മാത്രമല്ല ഭാര്യ മേഗനുമായുള്ള ഹാരിയുടെ ബന്ധത്തില്‍ വിള്ളല്‍ വീണതായും റിപ്പോര്‍ട്ട്. ബ്രിട്ടീഷ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
യുകെ വിട്ട് അമേരിക്കയിലെത്തിയ ഹാരിക്ക് ഇപ്പോള്‍ താമസിക്കുന്ന കാലിഫോര്‍ണിയ ഇഷ്ടപ്പെട്ടെങ്കിലും ജനിച്ചു വളര്‍ന്ന നാട്ടില്‍ നിന്ന് അകന്ന് ജീവിക്കുന്നത് ഹാരിക്ക് താങ്ങാന്‍ കഴിയുന്നില്ലത്രേ. രാജപദവികള്‍ വിട്ടൊഴിഞ്ഞ്് ഭാര്യ മേഗനുമൊത്ത് ഒരു പുതുജീവിതം തേടിയാണ് ഹാരി അമേരിക്കയിലേക്ക് പോയതെങ്കിലും ബ്രിട്ടീഷ് രാജകുടുംബത്തിലേക്ക് തിരിച്ചുപോകണമെന്ന ചിന്ത ഇപ്പോള്‍ ഹാരിയെ പിടികൂടിയിരിക്കുകയാണ്. ഹാരി ഈയടുത്ത കാലത്ത് സ്‌പെയര്‍ (spare) എന്ന പേരില്‍ ഒരു ഓര്‍മക്കുറിപ്പ് എഴുതി പ്രസിദ്ധീകരിച്ചിരുന്നു.