1 Dec 2022 7:32 AM GMT
Summary
- കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ പുസ്തക വിപണി. 8.8 ബില്യണ്‍ ഡോളറാണ് 2019-20 ലെ ഇന്ത്യയുടെ പുസ്തക വിപണിയുടെ മൂല്യം.
- കഴിഞ്ഞ വര്‍ഷത്തില്‍ ഏതാണ്ട് നാല് കോടി രൂപയാണ് കേരളത്തിലെ നോണ്‍ ഫിക്ഷന്‍ പുസ്‌കത വിപണി മൂല്യം കണക്കാക്കിയിരിക്കുന്നത്.
- മാധവിക്കുട്ടിക്കും, ബഷീറിനും, എംടിയ്ക്കും, എം മുകുന്ദനുമൊക്കെ തന്നെയാണ് ഇപ്പോഴും വായനക്കാർ കൂടുതൽ.. ഏതാണ്ട് സമാനമായി കെ ആര്‍ മീരയ്ക്കും, ബെന്യാമിനും വായാനക്കാരുണ്ട്
- ലോകത്തിലെ ആറാമത്തെ വലിയതും ഇംഗ്ലീഷ് ഭാഷകളില്‍ രണ്ടാമത്തെ വലിയതുമാണ് ഇന്ത്യന്‍ ബുക്ക് മാര്‍ക്കറ്റ്.
വായനശാലയില്‍ ശ്വാസമടക്കി വരിവിരിയായി അടുക്കി വച്ച പുസ്തകങ്ങള്‍, ചിരിയുടേയും കണ്ണീരിന്റെയും പ്രണയത്തിന്റെയും ചിന്തകളുടേയും നൂറായിരം കഥകള്‍ വിളിച്ചോതുന്ന ഷെല്‍ഫുകളില്‍ അവ വായനക്കാരനെ കാത്തിരിക്കുന്നു. മറ്റൊരു തലത്തില്‍ പറഞ്ഞാല്‍ കാലാങ്ങളായി നമ്മള്‍ പാലിച്ച് വന്ന നല്ല ശീലമാണ് വായന. എഴുത്തും, ശൈലിയും കാലഘട്ടങ്ങള്‍ക്കനുസരിച്ച് രൂപം മാറിയിട്ടും വായന തുടര്‍ന്നുകൊണ്ടേയിരുന്നു. ഒവി വിജയനും, എംടി വാസുദേവന്‍ നായരും മാധവിക്കുട്ടിയും സാറാ ജോസഫുമടങ്ങുന്ന എഴുത്തുകാരുടെ വലിയ നിരതന്നെയുണ്ട് മലയാളികളുടെ സ്വകാര്യ അഹങ്കാരമായി. വരിയും നിരയും അരിച്ച് പെറുക്കിയാണ് വായനാ ശീലത്തിലേയ്ക്ക് നമ്മള്‍ പിച്ചവച്ചത്. അതിനാല്‍ മാറിയ വായനാനുഭവങ്ങള്‍ ഹൃദ്യമായി സ്വീകരിക്കാന്‍ മലയാളികള്‍ വിമുഖത കാട്ടാറില്ല.
വൃദ്ധിക്ഷയങ്ങളിലൂടെ വായന
ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ വാങ്ങുകയും വായിക്കുകയും ചെയ്യുന്ന പ്രദേശം കേരളമാണ്. പുസ്തക വിപണിയും വായനക്കാരുടെ എണ്ണവും തമ്മിലുള്ള ബന്ധത്തില്‍ ചില പൊരുത്തക്കേടുകളുണ്ട്. വില്‍പ്പന നടക്കുന്ന പുസ്തകങ്ങള്‍ മുഴുവന്‍ വായിക്കപ്പെടണമെന്നില്ല. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന് ഒരു വര്‍ഷം ഏതാണ്ട് 70 കോടിയോളം രൂപ വകയിരുത്തിയിട്ടുണ്ട്. അവർ ഓരോ വര്‍ഷവും പുസ്തകമേള സംഘടിപ്പിക്കുകയും അംഗ ലൈബ്രറികള്‍ക്ക് ഗ്രേഡിനനുസരിച്ച് പുസ്തകങ്ങള്‍ നല്‍കി ഗ്രാന്‍ഡ് വിനിയോഗിക്കുക്ശയും ചെയ്യുന്നു. എ പ്ലസ് ഗ്രേഡ് കിട്ടിയ ലൈബ്രറികളില്‍ 300 പുസ്തകങ്ങള്‍ ഗ്രാന്‍ഡ് വിഹിതം മാത്രമായി ഒരു വര്‍ഷം ലഭിക്കുന്നുണ്ട്. ഇതെല്ലാം വായിക്കപ്പെടണമെന്നില്ല. സ്‌കൂള്‍ ലൈബ്രറികള്‍, കോളെജ് ലൈബ്രറികള്‍, കോര്‍പ്പറേഷന്‍ ലൈബ്രറികള്‍, വില്ലേജ് ലൈബ്രറികള്‍ തുടങ്ങി ധാരാളം ലൈബ്രറി സംവിധാനങ്ങളുണ്ട്. വ്യക്തിഗത ലൈബ്രറികള്‍ വേറെയുണ്ട്. എന്നാല്‍ ഇവിടെയെല്ലാം എല്ലാ പുസ്തകങ്ങളും വായിക്കപ്പെടുന്നുണ്ടോ? സംശയകരമാണ്. വിപണി സജീവമാകുമ്പോള്‍ വായന സജീവമാണെന്ന് നൂറു ശതമാനം പറയാനാകില്ലെന്ന് പറഞ്ഞു വയ്ക്കുകയാണ് ഡിസി ബുക്ക്‌സിലെ ജീവനക്കാരനായ വിപിന്‍ വട്ടോളി. ആറ് വര്‍ഷമായി സ്വന്തം നാട്ടില്‍ ലൈബ്രിറി നടത്തി വരുന്ന വ്യക്തി കൂടിയാണ് ഇദ്ദേഹം.
സ്‌കൂള്‍ തലത്തിലെ വായന ആ കാലഘട്ടത്തിനപ്പുറത്തേയ്ക്ക് തുടരുന്നുണ്ടോ എന്നതും ചിന്തിക്കേണ്ടതാണ്. വായനക്കാരായി രംഗപ്രവേശം ചെയ്യുന്ന മുതിര്‍ന്ന വ്യക്തികള്‍ താരതമ്യേന കുറവാണ്. ആഴത്തില്‍ വായനയുള്ള മനുഷ്യരുണ്ട്. എന്നാല്‍ ബഹുഭൂരിപക്ഷവും ശരാശരി വായനക്കാരാണ്. അതുപോലെ സാഹിത്യത്തില്‍ നവാഗതര്‍ പെട്ടെന്ന് ശ്രദ്ധിക്കപ്പെടുന്നില്ല. വായനക്കാര്‍ പരിചിതമാകുന്നത് വളരെ കാലമെടുത്തിട്ടാണ്. വായന ഒരു വ്യായാമമാണ്. ശരിയായ വഴികാട്ടിയുണ്ടെങ്കില്‍ വായനയുടെ ലോകം കൂടുതല്‍ ഹൃദ്യമാകുമെന്ന് വിപിന്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ വര്‍ഷത്തില്‍ ഏതാണ്ട് നാല് കോടി രൂപയാണ് കേരളത്തിലെ നോണ്‍ ഫിക്ഷന്‍ പുസ്തക വിപണി മൂല്യം കണക്കാക്കിയിരിക്കുന്നത്. ഈ വര്‍ഷം അഞ്ച് കോടിയിലെത്തുമെന്നാണ് പ്രതീക്ഷയെന്നാണ് കൊച്ചി ബ്ലോസം ബുക്ക്‌സ്‌റ്റോര്‍ ഉടമ അബ്ദുള്‍ ലത്തീഫ് പങ്കുവയ്ക്കുന്നത്. 'ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട് പോലുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളാണ് കേരളത്തിന്റെ പുസ്തക വിപണി കയ്യടക്കുന്നത്. കൊവിഡിന് ശേഷം 'ടെക്സ്റ്റ് ആന്‍ഡ് ഫീലിന്' കാര്യമായ മുന്‍ഗണന നല്‍കുന്നില്ല. വലിയൊരു തോതിലുള്ള വില്‍പ്പന ഓണ്‍ലൈനുകള്‍ കയ്യാളിക്കഴിഞ്ഞു.' അദ്ദേഹം പറയുന്നു.
കണ്ടെയ്‌നര്‍ ബുക്‌സിന്റെ ബ്ലോസം
ഇന്ത്യ, ആഫ്രിക്ക, ഫിലിപ്പെയ്ന്‍, തായ്‌ലന്‍ഡ് തുടങ്ങിയ മൂന്നാം ലോക രാജ്യങ്ങളിലേയ്ക്കാണ് കണ്ടെയ്‌നര്‍ പുസ്തകങ്ങള്‍ ഏറെയും എത്തുന്നത്. ഡെല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, ബോംബെ തുടങ്ങിയ പ്രധാന നഗരങ്ങളില്‍ ഈ പുസ്തകങ്ങള്‍ എത്തുന്നു. മുന്‍പ് നേരിട്ട് കണ്ടെയ്‌നറുകളില്‍ നിന്ന് വാങ്ങിയിരുന്നെങ്കില്‍ ഇപ്പോള്‍ ഇറക്കുമതിക്കാരില്‍ നിന്ന് വാങ്ങുകയാണ് ചെയ്യുന്നത്. ഇംഗ്ലീഷ് പുസ്തകങ്ങളാണ് ഇത്തരത്തില്‍ വരുന്നവയെല്ലാം. ഇംഗ്ലണ്ട്, കാനഡാ പോലുള്ള രാജ്യങ്ങളിലെ ചാരിറ്റി ഷോപ്പുകളിലെത്തുന്ന അധിക പുസ്തകങ്ങളാണ് കടല്‍ കടന്ന് കേരളത്തിലെയ്ക്ക് എത്തുന്നത്. ബ്ലോസത്തിന്റെ ഉപഭോക്താക്കള്‍ ഏറെയും സ്ത്രീകളും, ചെറുപ്പക്കാരുമാണ്. തിരികെ ലഭിക്കുന്ന പുസ്തകങ്ങള്‍ പ്രസാധകരില്‍ നിന്ന് മൊത്തമായി ലേലത്തില്‍ വാങ്ങുക എന്നതാണ് പുസ്തകം എടുക്കുന്നതില്‍ ബ്ലോസത്തിന്റെ രീതി. കുട്ടികളുടെ പുസ്തകമാണ് വില്‍പ്പനയിലെ മിന്നും താരം. എന്നിരുന്നാലും ചെറുപ്പക്കാരാണ് വിപണിയിലെ മാറ്റങ്ങള്‍ തീരുമാനിക്കുന്നതെന്ന് അബ്ദുല്‍ ലത്തീഫ് വ്യക്തമാക്കുന്നു.
'മലയാളികള്‍ക്ക് ചില പ്രത്യേകതകളുണ്ട്. യൂസ്ഡ് ബുക്സിന്റെ ആരാധകരമല്ല അവര്‍. യൂസ്ഡ് ബുക്‌സ് എന്നതാണ് പേരിങ്കെലും മികതും പുതിയവ തന്നെയാണ്. കൈ പലത് മറിഞ്ഞ് എത്തുന്നുവെന്ന് മാത്രം. പുതിയ പുസ്തകങ്ങളായി വില്‍ക്കാന്‍ സാധിക്കുമെങ്കില്‍ യൂസ്ഡ് ബു്ക്‌സ് അഥവാ കണ്ടെയ്‌നര്‍ ബുക്‌സിന് വലിയ സാധ്യതകള്‍ കേരളത്തിലുണ്ട്. മലയാളികള്‍ വളരെ അശ്രദ്ധമായാണ് പുസ്തകങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നാണ് ലത്തീഫ് പറയുന്നത്. അതിനാല്‍ നമ്മുടെ പുസ്തകങ്ങള്‍ക്ക് പുനര്‍വില്‍പ്പനയ്ക്ക് സാധ്യതയില്ല. ലോകവിപണിയിലെ പുസ്തകങ്ങളുടെ 20 ശതമാനമാണ് ഇന്ത്യയില്‍ എത്തുന്നത്. ദീപാവലി പോലുള്ള ഫെസ്റ്റിവല്‍ സീസണുകളില്‍ ഉത്തരേന്ത്യന്‍ ബുക്ക് ഷോപ്പുകള്‍ സ്റ്റോക്ക് ക്ലിയറന്‍സുകള്‍ നടത്തും. എന്നാല്‍ ഇത്തരം പുസ്തകങ്ങള്‍ വാങ്ങിയാല്‍ തിരിച്ച് നല്‍കാന്‍ പറ്റാത്തതിനാല്‍ നഷ്ട സാധ്യത സ്വയം വഹിക്കേണ്ടി വരാറുണ്ട്. അതിനാല്‍, ഞങ്ങള്‍ അവ ഏറ്റവും കുറഞ്ഞ വിലയ്ക്ക് വാങ്ങുകയും അതേ രീതിയില്‍ വില്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. മറ്റ് കടകളില്‍ നിന്ന് കൊണ്ടുവന്ന പുസ്തകങ്ങള്‍ വില്‍ക്കാനുള്ള സൗകര്യവും ബ്ലോസത്തിലുണ്ട്. മലയാളം പുസ്തകങ്ങള്‍ക്ക് പരമാവധി 30 ശതമാനവും ഇംഗ്ലീഷ് പുസ്തകങ്ങള്‍ക്ക് 20 ശതമാനവും അവരുടെ അവസ്ഥയെ അടിസ്ഥാനമാക്കി വില്‍പ്പനക്കാരന് ലഭിക്കും.' അദ്ദേഹം പറയുന്നു. ബ്ലോസം ഉപഭോക്താവിന് അവരുടെ പുസ്തകങ്ങള്‍ വിറ്റ് 40 ശതമാനം ആദായം നേടാന്‍ കഴിയുന്ന ബൈബാക്ക് ഓപ്ഷനും ലഭ്യമാണ്.
സ്ഥിരമായ വാങ്ങല്‍ ശേഷി
സ്ഥിരവരുമാനമുള്ള ആളുകളാണ് കൂടുതലും പുസ്തകങ്ങള്‍ നേരിട്ട് വാങ്ങുന്ന വിഭാഗക്കാരായിട്ടുള്ളത്. അല്ലാത്തവര്‍ ലൈബ്രറികളെയാണ് കൂടുതലായി ആശ്രയിച്ച് വരുന്നത്. വരുമാനം നഷ്ടപ്പെടുന്നില്ലെന്നതിനാല്‍ സ്ഥിര വരുമാനക്കാരെ വാങ്ങലില്‍ നിന്ന് പിന്നോട്ട് നയിക്കുന്നില്ലെന്നാണ് വിപിന്‍ വട്ടോളി അഭിപ്രായപ്പെടുന്നത്. മലയാളത്തില്‍ ഇപ്പോഴും ഏറ്റവും കൂടുതല്‍ വില്‍ക്കുന്നത് ക്ലാസിക്കുകള്‍ തന്നെയാണ്. ക്ലാസിക്ക് പുസ്തകങ്ങളുടെ വില്‍പ്പന തലത്തിലേയ്ക്ക് മറ്റ് പുസ്തകങ്ങള്‍ എത്തിപ്പെടുന്നത് വളരെ ചുരുക്കമാണ്. മാധവിക്കുട്ടിക്കും, ബഷീറിനും, എംടിയ്ക്കും, എം മുകുന്ദനുമൊക്കെ തന്നെയാണ് ഇപ്പോഴും വായനക്കാർ കൂടുതൽ.. ഏതാണ്ട് സമാനമായി കെ ആര്‍ മീരയ്ക്കും, ബെന്യാമിനും വായാനക്കാരുണ്ട്.
'വിവാദ പുസ്‌കങ്ങളെ തേടി സ്ഥിരം വായനക്കാര്‍ മാത്രമാണെത്തുന്നത്. അതേസമയം കവിത പദ്യത്തില്‍ നിന്ന് ഗദ്യമായതിനാല്‍ വായനയില്‍ വ്യത്യാസം വന്നിട്ടുണ്ട്. മറ്റ് വായനകളെ അപേക്ഷിച്ച് കവിത പുറകിലാണെങ്കിലും മുന്നേറുന്നുണ്ടെന്നാണ് വിലയിരുത്തല്‍. സാമൂഹ്യമാധ്യമങ്ങളില്‍ കാണുന്ന വലിയ തോതിലുള്ള സ്വീകാര്യത പുസ്തകത്തിന്റെ കാര്യത്തില്‍ കവിതയ്ക്ക് ലഭിക്കുന്നില്ലെന്ന് വേണം പറയാന്‍. നോവലും ആത്മകഥയും വലിയ തോതില്‍ വില്‍പ്പന ചെയ്യപ്പെടുന്നുണ്ട്. ഒപ്പം യാത്രാവിവരണം, സെല്‍ഫ് കെയര്‍, ത്രില്ലര്‍ പുസ്തകങ്ങള്‍, വിവര്‍ത്തനങ്ങള്‍ എന്നിവ തേടിയെത്തുന്നവരും കൂടുതലാണ്,' വിപിന്‍ പറയുന്നു.
രാജാറാം മോഹന്‍ റോയ് ലൈബ്രറി ഫൗണ്ടേഷന്റെ കീഴില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കി വരുന്ന ഫണ്ടുപയോഗിച്ച് വനിതകള്‍ക്കായി പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്. സ്ത്രീകളുടെ വായന പരിപോഷിക്കാന്‍ വീടുകള്‍ തോറും പുസ്തകങ്ങള്‍ എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പരിമിതമായ വായനാനുഭവമാണ് ഇതിലൂടെ ലഭിക്കുന്നതെന്ന ന്യൂനത പദ്ധതിക്കുണ്ടെങ്കിലും വായനയെ പ്രോത്സാഹിപ്പിക്കാന്‍ ഇതിലൂടെ സാധിക്കും. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലില്‍ നിന്നടക്കമുള്ള ചുരുക്കം ചില ഗ്രാന്റുകള്‍ ലഭിക്കുന്നത് കൊണ്ട് മാത്രമാണ് കേരളത്തിലെ ലൈബ്രറികള്‍ ഇന്ന് പൂട്ടാതിരിക്കുന്നത്. എന്നിരുന്നാലും വായനയില്‍ മറ്റ് സംസ്ഥാനങ്ങളെ പിന്നിലാക്കുന്നുണ്ട്. എന്നിരുന്നാലും നമ്മുടെ വിദ്യാഭ്യാസവും സാക്ഷരതയും അനുസരിച്ചുള്ള ശരാശരി നിലവാരത്തിലേയ്ക്ക് മലയാളി വായന ഉയരുന്നില്ലെന്നാണ് വിപിന്‍ ചൂണ്ടിക്കാട്ടുന്നത്. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മാസത്തില്‍ നടക്കുന്ന സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ മേളയില്‍ ഓരോ ലൈബ്രറിക്കും കിട്ടുന്ന പുസ്തങ്ങളുടെ കോപ്പിയുടെ എണ്ണം, വായനക്കാരുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വിലയ വിടവ് സൃഷ്ടിക്കുന്നുണ്ട്.
'വളരെ ചെറിയ വിഭാഗം ആളുകളാണ് ഡിജിറ്റല്‍ വായനയിലേയ്ക്ക് മാറിയിട്ടുള്ളു. സമ്മര്‍ദ്ദങ്ങളില്‍ ജീവിക്കുന്ന പുതിയ തലമുറയ്ക്ക് വായനയോട് അടുപ്പം കാണിക്കുന്നതിന് സാഹചപര്യങ്ങളും പുറകോട്ട് വലിക്കുന്നുണ്ട്. വായനയിലെ പുതിയ ആളുകള്‍ വിപണിയിലെ മറ്റ് ഓഫറുകളുമായി താരതമ്യം ചെയ്ത് വരുന്നവരുണ്ട്. എന്നാല്‍ മികച്ച വായനക്കാരന് ഓഫറുകളും വിലയും ബാധകമാകുന്നില്ല,' വിപിന്‍ വ്യക്തമാക്കുന്നു. പുസ്തകങ്ങള്‍ക്ക് വളരെ ചുരുങ്ങിയ കോപ്പികള്‍ അടിക്കാനുള്ള സൗകര്യവും ഇപ്പോഴുണ്ട്. അതിനാല്‍ വിപണിയുടെ സപ്ന്ദനമറിഞ്ഞ് പുസ്തകം ഇറക്കാമെന്നതും പബ്ലിഷിംഗ് വിഭാഗത്തിലെ നഷ്ടം കുറയ്ക്കാന്‍ സഹായിക്കുന്നുണ്ട്.
ഡിസി ബുക്ക്‌സിലെ ജീവനക്കാരനായ അനീഷ് വി നായര്‍ പറയുന്നത്: 'അഭിരുചികളില്‍ കാലങ്ങള്‍ക്കനുസരിച്ച് മാറ്റം ഉണ്ടാകുന്നുണ്ട്. ത്രില്ലറുകള്‍ നോവലുകള്‍ക്ക് മലയാളത്തില്‍ സാധ്യതകള്‍ വര്‍ധിച്ചു. അതിനാല്‍ തന്നെ അത്തരം ബുക്കുകള്‍ക്ക് കൂടുതല്‍ ഡിമാന്റ് ഉണ്ടാകുന്നുണ്ട്. പ്രത്യേകിച്ച് ചെറുപ്പക്കാര്‍ ഏറെ എത്തുന്നുണ്ടെന്നതാണ് നിലവില്‍ കണ്ട് വരുന്ന പ്രവണത. മുന്‍പ് കവിത വായിച്ചിരുന്നവര്‍ നോവലിലേയ്ക്കും തുടര്‍ന്ന് ആത്മകഥയിലേയ്ക്കും തിരിഞ്ഞു. പിന്നീട് സെല്‍ഫ് കെയര്‍ പോലുള്ള പുസ്തകങ്ങളാണ് വായനയില്‍ മുന്നിട്ട് നില്‍ക്കുന്നത്. അത്തരത്തില്‍ വായനയുടെ തലം മാറിയിട്ടുണ്ട്.'
ലഘു വായന വായനയിലെ പതിവുകാര്‍
പത്രവായനയില്‍ തുടങ്ങുന്ന ദിനങ്ങളാണ് നമ്മുടെ ഓരോരുത്തരുടേയും. ഒരു പത്രമെങ്കിലും വരുത്താത്ത വീടുകള്‍ വളരെ ചുരുക്കമാണ്. പത്രം ഒന്നിന് 8.50 പ്രതിദിന ചെലവില്‍ പരിഗണിച്ചാല്‍ 30 ദിവസത്തിന് 255 രൂപവരും. ഞായര്‍ ദിവസങ്ങളില്‍ സപ്ലിമെന്റുകള്‍ ഉള്‍പ്പെടുന്നതിനാല്‍ നിരക്കില്‍ വ്യത്യാസമുണ്ട് അതിനാല്‍ പ്രതിമാസ നിരക്ക് 30 ദിവസത്തെ നിരക്ക് കണക്കാക്കിയതിനേക്കാള്‍ ഉയര്‍ന്ന് നില്‍ക്കും. പല ആഴ്ചപ്പതിപ്പുകള്‍ക്കും 30 രൂപയാണ് ശരാശരി വില. യാത്രാ അനുബന്ധ മാസികകള്‍ക്ക് 60-70 രൂപ നിരക്കാണ് ഈടാക്കുന്നത്. നല്ലൊരു വായനക്കാരന്‍ ശരാശരി രണ്ട് പത്രങ്ങളെങ്കിലും വരുത്തുന്നുവരാണ്. ഒപ്പം ഒരു വാരികയോ മാസികയോയും ഇക്കൂട്ടര്‍ വരുത്തുന്നു. കൊവിഡ് കാലത്ത് ഇ-ബുക്ക് വായന ഇരട്ടിയായിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കിന്‍ഡില്‍ പോലുള്ള ഓണ്‍ലൈന്‍ വായന പ്ലാറ്റ്‌ഫോമുകളില്‍ 169 രൂപയാണ് അടിസ്ഥാന നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഉപയോക്താക്കള്‍ക്ക് 999 രൂപയ്ക്ക് ആറ് മാസത്തേക്ക് സബ്സ്‌ക്രൈബ് ചെയ്യാം. അല്ലെങ്കില്‍ 1799 രൂപ നല്‍കി വാര്‍ഷിക സബ്സ്‌ക്രിപ്ഷനെടുക്കാനാകും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ശരാശരി വായനക്കാരന്‍ ചുരുങ്ങിയത് 1500 നും 2500 നും ഇടയില്‍ ഒരു മാസം ചെലവാക്കുന്നുണ്ട്.
ലോകത്തിലെ ആറാമത്തെ വലിയതും ഇംഗ്ലീഷ് ഭാഷകളില്‍ രണ്ടാമത്തെ വലിയതുമാണ് ഇന്ത്യന്‍ ബുക്ക് മാര്‍ക്കറ്റ്. കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ പുസ്തക വിപണി. 8.8 ബില്യണ്‍ ഡോളറാണ് 2019-20 ലെ ഇന്ത്യയുടെ പുസ്തക വിപണിയുടെ മൂല്യം. 2023-2026 ഓടെ 19.4 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്ക് കൈവരിക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യന്‍ പുസ്തക വിപണിയുടെ വലിയൊരു ഭാഗം സ്‌കൂള്‍ ഉന്നത വിദ്യാഭ്യാസ മേഖലയാണ് കൈവശം വച്ചിരിക്കുന്നത്. വിപണി മൂല്യം 1020 കോടി രൂപ. ഓരോ വര്‍ഷവും 20 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.
അറിവിലേയ്ക്കുള്ള ആദ്യജാലകമാണ് വായന. മനുഷ്യന് മാത്രം സിദ്ധിച്ച അത്ഭുതം. വൃദ്ധിക്ഷയങ്ങളിലൂടെ നമ്മള്‍ വായിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ പൂര്‍വ്വികര്‍ വായിച്ചറിഞ്ഞത് പോലെ, നമ്മളിലൂടെ, നാളെയുടെ തലമുറകളും വായന മറക്കാതിരിക്കട്ടെ.