image

12 Dec 2023 8:40 AM GMT

World

ഷി ജിന്‍പിങ്ങിന്റെ വിയറ്റ്നാം സന്ദർശനം; ഇന്ത്യയുമായുള്ള ബന്ധം ഉലയുമോ?

G Sunil

china and vietnam, what is their significance
X

Summary

  • ചൈന പ്ലസ് വണ്‍ പദ്ധതിക്ക് ബെയ്ജിംഗിന്റെ മൗനാനുവാദമെന്ന് സൂചന
  • വ്യാപാരയുദ്ധത്തെ മറികടക്കാന്‍ ബെയ്ജിംഗിന്റെ പുതിയ നീക്കം
  • കമ്പനികള്‍ ഇന്ത്യയിലേക്ക് എത്തുന്നത് ഒരു പരിധിവരെ തടയാനും പദ്ധതി


പുതിയ കാലത്ത് ഏഷ്യയില്‍ വിയറ്റ്‌നാമിന്റെ പ്രാധാന്യം ഏറിവരുന്നതിന് കാരണമേറെയാണ്. അതിനെ സാധൂകരിക്കുന്ന അന്ത്രാരാഷ്ട്ര നടപടികള്‍ നമുക്ക് കാണാന്‍ കഴിയും. ഹാനോയിയുമായി ബന്ധം ഊട്ടിഉറപ്പിക്കുന്നതിനും നിലവിലുള്ള സൗഹൃദം വര്‍ധിപ്പിക്കുന്നതിനും ആഗോള ശക്തികള്‍ ഇന്ന് ക്യൂ പാലിക്കുന്നു. സെപ്റ്റംബറില്‍ യുഎസ് പ്രസിഡന്റ്് ജോ ബൈഡന്‍ വിയറ്റ്‌നാം സന്ദര്‍ശിച്ചിരുന്നു. ഇപ്പോള്‍ മൂന്നുമാസത്തിനുശേഷം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗാണ് ഹാനോയിലെത്തുന്നത്.

ചൊവ്വാഴ്ച വിയറ്റ്‌നാമിലെത്തുന്ന ഷി രണ്ടു ദിവസം അവിടെ ചെലവഴിക്കുന്നുണ്ട്. കമ്യൂണിസ്റ്റുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ഉറപ്പിക്കുക എന്നതാണ് ലക്ഷ്യമെങ്കിലും ഇന്നത്തെ കാലത്ത് വിയറ്റ്‌നാമിന്റെ പ്രാധാന്യം മനസിലാക്കിയുള്ള ചൈനയുടെ വരവാണ് ഇത്.

ഇന്ത്യയും വിയറ്റ്‌നാമുമായുള്ള ബന്ധത്തിൽ അതീവ താല്‍പ്പര്യമുള്ള രാജ്യമാണ്. വളരെ മുന്‍പു തന്നെ പ്രതിരോധ ഉല്‍പ്പന്നങ്ങള്‍വരെ ഇന്ത്യ ഹാനോയ്ക്ക് നല്‍കിയിരുന്നു. ഇന്ത്യയും വിയറ്റ്‌നാമും തമ്മില്‍ ഇന്ന്് അടിയുറച്ച ഉഭയകക്ഷി ബന്ധം നിലവിലുണ്ട്. അത് കൂടുതല്‍ ദൃഢമാക്കാനുള്ള നടപടി ന്യൂഡെല്‍ഹി നടത്തിവരുന്നുമുണ്ട്. എങ്കിലും ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധം അത്ര സുഖകരമല്ലാത്ത നീങ്ങുന്ന സ്ഥിതിയിൽ പ്രസിഡന്റ് ഷിയുടെ വിയറ്റ്നാം സന്ദർശനം ഇന്ത്യ ഉറ്റു നോക്കുകയാണ്..ഇലക്ട്രോണിക്സ്, ടെക്സ്റ്റൈൽ മേഖലകളിൽ വിയറ്റ്നാം അതിശക്തമായ മുന്നേറ്റം കാഴ്ചവെച്ചിട്ടുണ്ട്

അയല്‍ രാജ്യമാണെങ്കിലും ഷിയുടെ വിയറ്റ്‌നാം സന്ദര്‍ശനത്തിന് ഏറെ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നു. ആറു റ്വര്‍ഷത്തിനുശേഷമാണ് ഷിയുടെ ഈ സന്ദര്‍ശനം. ബൈഡന്റെ സന്ദര്‍ശനത്തിന് മുമ്പ് ഷിയുടെ യാത്ര പരിഗണിച്ചിരുന്നു. എന്നാല്‍ പിന്നീട് അത് മാറ്റുകയായിരുന്നു.

നിലവില്‍ സാമ്പത്തികമായി ഇരു രാജ്യങ്ങളും തമ്മില്‍ അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്. എന്നാല്‍ ദക്ഷിണ ചൈനാ കടലിലെ അതിര്‍ത്തികളെച്ചൊല്ലി അയല്‍ രാജ്യങ്ങള്‍ ഭിന്ന ധ്രുവങ്ങളിലാണ്. സഹസ്രാബ്ദങ്ങള്‍ നീണ്ട പോരാട്ട ചരിത്രമുള്ള നാടുകൂടിയാണ് വിയറ്റ്‌നാം. കൂടാതെ 1979ല്‍ ചൈനതന്നെ വിയറ്റ്‌നാമിലേക്ക് കടന്നുകയറിയ ചരിത്രവുമുണ്ട്.

ഏഷ്യയുടെ ഭാവി ഏഷ്യക്കാരുടെ കൈകളിൽ

'ഏഷ്യയുടെ ഭാവി മറ്റാരുടെയും കൈകളിലല്ല, ഏഷ്യക്കാരുടെ കൈകളിലാണ്,' തന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി വിയറ്റ്‌നാമീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പത്രത്തില്‍ പ്രസിദ്ധീകരിച്ച ഒരു അഭിപ്രായത്തില്‍ ഷി പറയുന്നു. ഇന്ന് വിയറ്റ്‌നാമിനെ ആകര്‍ഷിക്കാന്‍ ചൈന ശ്രമിക്കുന്നത് ഒരു പരിധിവരെ വ്യാപാരയുദ്ധവുമായും ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ വിവരിക്കാന്‍ ബെയ്ജിംഗ് തെരഞ്ഞെടുത്തത് 'ഷെയര്‍ഡ് ഫ്യൂച്ചര്‍' എന്ന പ്രയോഗമാണ്. എന്നാല്‍ ഇതിനെ ഹാനോയ് ആദ്യം എതിര്‍ത്തിരുന്നു. ഈ പദപ്രയോഗം സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് നീണ്ട ചര്‍ച്ചകള്‍ തന്നെ ആവശ്യമായി വന്നിരുന്നു. ഇക്കാരണത്താല്‍ ഷിയുടെ സന്ദര്‍ശനം വൈകി എന്നും ഉദ്യോഗസ്ഥരും നയതന്ത്രജ്ഞരും സൂചിപ്പിച്ചിട്ടുണ്ട്.

ആസിയാനിലെ ചൈനയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയും ആഗോളതലത്തില്‍ നാലാമത്തെ വലിയ വ്യാപാര പങ്കാളിയുമാണ് വിയറ്റ്‌നാം. അവരുമായി കൂടുതല്‍ ഉയര്‍ന്നതലത്തിലുള്ള ബന്ധം സ്ഥാപിക്കാന്‍ ഇന്ന് ബെയ്ജിംഗ് ആഗ്രഹിക്കുന്നു. ഇന്നും നാളെയുമായി നടക്കുന്ന ഷിയുടെ വിയറ്റ്‌നാം സന്ദര്‍ശനത്തില്‍ നിരവധി കരാറുകള്‍ ഒപ്പിടുമെന്നും സൂചനയുണ്ട്. അയല്‍ക്കാര്‍ തമ്മിലുള്ള റെയില്‍ ബന്ധം നവീകരിക്കുന്നതിനായി ഉയര്‍ന്ന നിക്ഷേപങ്ങളും ഇവയില്‍ ഉള്‍പ്പെടും.

ഗതാഗത ബന്ധങ്ങള്‍ വര്‍ധിപ്പിക്കുന്നത് വിയറ്റ്‌നാമിനെ ചൈനയിലേക്ക് കൂടുതല്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ അനുവദിക്കും. അതേസമയം രാജ്യത്തിന്റെ വടക്ക് ഭാഗത്തെ തെക്കന്‍ വിതരണ ശൃംഖലയുമായി കൂടുതല്‍ സമന്വയിപ്പിക്കാന്‍ ബെയ്ജിംഗ് ആഗ്രഹിക്കുകയും ചെയ്യുന്നുണ്ട്.

ചൈന പ്ലസ് വണ്‍ പോളിസിയുമായി ആഗോള കമ്പനികൾ

കോവിഡ് 19 പാന്‍ഡെമിക്കിന് മുമ്പുള്ളതിനേക്കാള്‍ വേഗത്തില്‍ ചൈനീസ് സ്ഥാപനങ്ങള്‍ ഈ വര്‍ഷം ചില പ്രവര്‍ത്തനങ്ങള്‍ വിയറ്റ്‌നാമിലേക്ക് മാറ്റി എന്നത് പ്രധാനമാണ്. അതുവഴി ചൈനീസ് സ്ഥാപനങ്ങള്‍ പാശ്ചാത്യ ഇടപാടുകാരുമായി കൂടുതല്‍ അടുക്കാന്‍ ചൈന ശ്രമിക്കുന്നു. യുഎസ് ഉപരോധത്തെ മറികടക്കാനുള്ള ഒരുവഴിയായി വിയറ്റ്‌നാമിനെ ബെയ്ജിംഗ് കാണുന്നു. ഭാവിയിലും ഇത് ചൈനക്ക് ആവശ്യമായി വന്നേക്കാം. കൂടാതെ ചൈനയില്‍ പ്രവര്‍ത്തിക്കുന്ന ആഗോളകമ്പനികള്‍ ഇന്ന് ചൈന പ്ലസ് വണ്‍ പോളിസിയിലേക്ക് മാറിക്കഴിഞ്ഞു. അതിലൊന്ന് വിയറ്റ്‌നാമാണ്,മറ്റൊന്ന് ഇന്ത്യയും. വിയറ്റ്‌നാമിനെ പിന്തുണക്കുകയും ചൈനീസ് കമ്പനികള്‍ അവിടെ ക്രമേണ സ്ഥാപിക്കുകയും ചെയ്താല്‍ ഇന്ത്യയിലേക്കുള്ള വന്‍കമ്പനികളുടെ ഒഴുക്കിനെ തടയാനാകും എന്നും ബെയ്ജിംഗ് കരുതുന്നു.

യുഎസ്-ചൈന വ്യാപാര പിരിമുറുക്കത്തില്‍ നിന്നുള്ള അപകടസാധ്യതകള്‍ ഇവിടെ കുറയുകയാണ്. നിലവില്‍ സാമ്പത്തികമായി തകര്‍ച്ചയെ നേരിടുന്ന ചൈനീസ് സമ്പദ് വ്യവസ്ഥക്ക് വിയറ്റ്‌നാം ഒരു പ്രതീക്ഷയാണ്.

ശക്തമായ റെയില്‍ ശൃംഖലകള്‍ വിയറ്റ്‌നാമില്‍ അസംബ്ലി ചെയ്യുന്നതിനായി ചൈനയില്‍ നിന്നുള്ള ഘടകങ്ങളുടെ ഇറക്കുമതി വേഗത്തിലാക്കുകയും ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവ് (ബിആര്‍ഐ) ഫലപ്രദമായി വികസിപ്പിക്കുകയും ചെയ്യും.

ഇന്‍ഫ്രാസ്ട്രക്ചര്‍ കെട്ടിപ്പടുക്കുന്നതില്‍ വേഗത്തിലുള്ള സഹകരണത്തിന് ഷി വാഗ്ദാനം ചെയ്യുന്നത് ഇക്കാരണത്താലാണ്. പുതിയ കടലിനടിയിലെ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍, 5ജി നെറ്റ് വര്‍ക്ക്, മറ്റ് ടെലികോം ഇന്‍ഫ്രാസ്ട്രക്ചറുകള്‍ എന്നിവയ്ക്കായി നിക്ഷേപം നടത്താനും ചൈന ശ്രമിക്കുന്നു. അതിനായി ഡിജിറ്റല്‍ സില്‍ക്ക് റോഡില്‍ വിയറ്റ്‌നാമിനെ ഉള്‍പ്പെടുത്താന്‍ ചൈന ശ്രമിക്കുന്നു.

ബിആര്‍ഐ വായ്പ ലഭിച്ച വിയറ്റ്നാമിന്റെ ഒരേയൊരു പ്രോജക്റ്റ് ഹനോയ് മെട്രോ ആണ്. പക്ഷേ ചൈനീസ് വിരുദ്ധ വികാരം ഇപ്പോഴും വിയറ്റ്‌നാമില്‍ ശക്തമാണ്. അത് പരിഹരിക്കാനും ചൈന ഇനി ശ്രമിക്കും.

ഇന്ത്യ-വിയറ്റ്‌നാം ബന്ധം

സുരക്ഷ, കണക്റ്റിവിറ്റി, ഗ്രീന്‍ എനര്‍ജി, നിര്‍ണ്ണായക ധാതുക്കള്‍ എന്നിവയില്‍ വിപുലമായ സഹകരണം ഷി മുന്നോട്ട് വെക്കുന്നുണ്ട്..

കഴിഞ്ഞ വര്‍ഷം ഒക്ടോബറിനുശേഷം വിയറ്റ്‌നാം കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്‍ഗുയെന്‍ ഫു ട്രോങ്, പ്രധാനമന്ത്രി ഫാം മിന്‍ ചിന്‍, പ്രസിഡന്റ് വോ വാന്‍ തുവോങ് എന്നിവര്‍ ചൈന സന്ദര്‍ശിച്ചിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെയും പ്രസിഡന്റിന്റെയും ക്ഷണ പ്രകാരമാണ് ഇപ്പോള്‍ ഷി ഹാനോയ് സന്ദര്‍ശിക്കുന്നതെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമം ഗ്ലോബല്‍ ടൈസ് പറയുന്നു.

ഇന്തോ-പസഫിക് തന്ത്രപ്രധാന മേഖലയില്‍ ഒഴിവാക്കാനാകാത്ത സാന്നിധ്യമാണ് വിയറ്റ്‌നാമിനുള്ളത്. അതിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം അവരെ വേറിട്ടതാക്കുന്നു. കൂടാതെ വേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണ് അവരുടേത്. ബീച്ചുകള്‍, നദികള്‍, ബുദ്ധ പഗോഡകള്‍, തിരക്കേറിയ നഗരങ്ങള്‍ എന്നിവയ്ക്ക് പേരുകേട്ട തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യം വിനോദസഞ്ചാരത്തിന്റെ പറുദീസ കൂടിയാണ്.