image

26 July 2023 12:40 PM IST

World

ശ്രദ്ധവെക്കുന്നത് വലിയ ഡീലുകളിലെന്ന് വിപ്രൊ

MyFin Desk

wipro focuses on big deals
X

Summary

  • കഴിഞ്ഞ പാദത്തില്‍ ക്ലയന്‍റുകളുടെ എണ്ണം വെട്ടിക്കുറച്ചു
  • $100 മില്യൺ പ്ലസ് ശ്രേണിയിൽ രണ്ട് ക്ലയന്‍റുകളെ കൂട്ടിച്ചേര്‍ക്കാനായി
  • 9 വലിയ ഡീലുകളാണ് ആദ്യ പാദത്തില്‍ അന്തിമമാക്കിയത്


വരാനിരിക്കുന്ന പാദങ്ങളിൽ വലിയ ഡീലുകളിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് ഇന്ത്യൻ ഐടി സേവന കമ്പനിയായ വിപ്രോയുടെ മാനെജ്മെന്‍റ്. 2023-24 ഒന്നാം പാദത്തിലെ വരുമാന പ്രഖ്യാപനത്തിന് ശേഷം അനലിസ്റ്റുകളുമായി നടത്തിയ ചര്‍ച്ചയിലാണ് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ തിയറി ദെലാപ്രോട് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

“മൊത്തം കരാർ മൂല്യത്തിന്റെ അടിസ്ഥാനത്തിൽ, ഞങ്ങൾ 120 കോടി ഡോളറിന്റെ വലിയ ഡീലുകൾ അന്തിമമാക്കി, ഇത് 9 ശതമാനം വാർഷിക വളർച്ചയാണ്. എട്ട് പാദങ്ങളിലെ ഏറ്റവും ഉയർന്ന കരാര്‍ ബുക്കിംഗും കഴിഞ്ഞ പാദത്തില്‍ നടന്നു. ഏകദേശം 30 ദശലക്ഷം ഡോളറിലധികം മൂല്യമുള്ള 10 ഡീലുകൾ ബുക്ക് ചെയ്തു. മൂല്യത്തിന്‍റെ അടിസ്ഥാനത്തില്‍ മൊത്തം ബുക്കിംഗ് 370 കോടി ഡോളര്‍ ആണ്," വിപ്രൊ സിഇഒ വ്യക്തമാക്കി.

100 മില്യൺ ഡോളറിലധികം വരുമാനം നൽകുന്ന ബിസിനസുകളുടെ എണ്ണം 21 ആയി. വിപ്രോ ഇപ്പോള്‍ തന്ത്രപരമായി ക്ലയന്റുകളുടെ എണ്ണം കുറയ്ക്കാനും വലിയ ഓപ്പറേറ്റിംഗ് മാർജിനുകളുമായുള്ള ഇടപാടുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പദ്ധതിയിടുകയാണ്. കമ്പനി ക്ലയന്റുകളുടെ എണ്ണത്തില്‍ നൂറിനടുത്ത് കുറവു വരുത്തിയെന്നാണ് നേരത്തേ ആദ്യപാദ ഫലങ്ങള്‍ പുറത്തുവിട്ടുകൊണ്ട് കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ ജതിന്‍ ദലാല്‍ പറഞ്ഞത്. 20 മില്യൺ ഡോളറിന്റെയും 100 മില്യൺ ഡോളറിന്റെയും പരിധിയിലുള്ള ക്ലയന്റുകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്.

“ $20 മില്യൺ പ്ലസ് ശ്രേണിയിൽ ആറ് ക്ലയന്‍റുകളെയും $100 മില്യൺ പ്ലസ് ശ്രേണിയിൽ രണ്ട് ക്ലയന്‍റുകളെയും കഴിഞ്ഞ പാദത്തില്‍ ഞങ്ങള്‍ കൂട്ടിച്ചേര്‍ത്തു. തന്ത്രപരമായി, കൂടുതൽ വലിയ ഉപഭോക്താക്കൾക്കായി കൂടുതൽ മൂല്യവർദ്ധിത ജോലികൾ ചെയ്യുന്ന തരത്തിലേക്ക് ഞങ്ങൾ ഞങ്ങളുടെ ബിസിനസ്സിനെ നയിക്കുകയാണ്, ”കമ്പനിയുടെ പുതിയ സമീപനം വിശദീകരിച്ചുകൊണ്ട് സിഎഫ്ഒ പറഞ്ഞു.