image

13 July 2023 10:05 AM GMT

World

ജാപ്പനീസ് സമുദ്രോല്‍പ്പന്നങ്ങള്‍ ഇന്ത്യ വിലക്കുമോ, എന്താണ് കാരണം?

G Sunil

india ban japanese seafood and why
X

Summary

  • ജപ്പാന്റെ അയല്‍ രാജ്യങ്ങളില്‍ പ്രതിഷേധം കനക്കുന്നു
  • സമുദ്രോല്‍പ്പന്ന വിലക്കിന് ചൈനയും ഹോങ്കോംഗും കൊറിയയും
  • ജാപ്പനീസ് നടപടികള്‍ രാജ്യത്തെ ഫിഷറീസ് വിപണിയെ ബാധിച്ചേക്കാം


ജപ്പാനില്‍ നിന്നുള്ള സമുദ്രോല്‍പ്പന്ന ഇറക്കുമതി ഇന്ത്യ നിരോധിക്കുമോ എന്ന അഭ്യൂഹം ഇന്ന് രാജ്യത്തെ വിപണികളില്‍ വ്യാപിക്കുന്നു. ദക്ഷിണ കൊറിയ, ചൈന തുടങ്ങിയ രാജ്യങ്ങളും ഹോങ്കോംഗും ജാപ്പനീസ് സമുദ്രോല്‍പ്പന്നങ്ങള്‍ വിലക്കാന്‍ തയ്യാറെടുക്കുകയാണ്. പ്രതിഷേധവും ആശങ്കയും ഈ മേഖലയില്‍ ഇന്ന് വളരുന്നു. ഈ പ്രതിഷേധം വരും നാളുകളില്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരാനും സാധ്യത ഏറെയാണ്. എന്താണ് ഇതിനു കാരണം? ജപ്പാന്റെ നടപടികള്‍ക്കെതിരെയും സമുദ്രോല്‍പ്പന്ന ഇറക്കുമതിക്കെതിരെയും പ്രതിഷേധം കഴിഞ്ഞ നാളുകളിലാണ് കൂടുതല്‍ ശ്രദ്ധ പിടിച്ചുപറ്റിയത്. ഇതിനുള്ള കാരണം വര്‍ഷങ്ങള്‍ക്കു മുമ്പ് തകര്‍ന്ന ഫുകുഷിമ ആണവനിലയവുമായി ബന്ധപ്പെട്ടതാണ് എന്നറിയുമ്പോള്‍ വിഷയത്തിന്റെ ഗൗരവം മനസിലാകും.

അയല്‍ രാജ്യങ്ങളെ പ്രതിസന്ധിയിലാക്കുന്നത് എന്തെല്ലാം?

തകര്‍ന്ന ഫുകുഷിമ ആണവനിലയത്തില്‍ നിന്ന് റേഡിയോ ആക്ടീവ് ജലം പസഫിക് സമുദ്രത്തിലേക്ക് വിടാനുള്ള ജപ്പാന്റെ തീരുമാനമാണ് ഇന്ന് അയല്‍ രാജ്യങ്ങളെ പ്രതിസന്ധിയിലാക്കുന്നത്. ഈതീരുമാനത്തിന്റെ പേരില്‍ ടോക്കിയോ നിരീക്ഷണത്തിലുമാണ്. എന്നാല്‍ നടപടി ഒഴിവാക്കാനാവാത്തതാണെന്നും അത് ഉടന്‍ ആരംഭിക്കണമെന്നും ജപ്പാന്‍ പറയുന്നു. പ്ലാന്റിന്റെ ഓപ്പറേറ്ററായ ടോക്കിയോ ഇലക്ട്രിക് പവര്‍ കമ്പനി ഹോള്‍ഡിംഗ്സ് (ടെപ്കോ) റേഡിയോ ആക്ടീവ് ജലം ശുദ്ധീകരിച്ച് പസഫിക് സമുദ്രത്തിലേക്ക് പുറന്തള്ളാനാണ് ലക്ഷ്യമിടുന്നത്. കടലിനടിയിലൂടെയുള്ള തുരങ്കം വഴിയുള്ള പദ്ധതി ജപ്പാന്റെ ആണവ നിയന്ത്രണ സംവിധാനം ഈയിടെ അംഗീകരിച്ചു.

രണ്ടുവര്‍ഷത്തെ അവലോകനത്തിനുശേഷമാണ് ജപ്പാന്‍ ഈ തീരുമാനം എടുത്തത്. അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി മേധാവി റാഫേല്‍ മരിയാനോ ഗ്രോസിയും ജപ്പാന്റെ തീരുമാനത്തെ പിന്തുണയ്ക്കുന്നുണ്ട്. ഇതുസംബന്ധിച്ച തീരുമാനം ഈ മാസമാണ് ഏജന്‍സി കൈക്കൊണ്ടത്.

2011 മാര്‍ച്ചില്‍ ഉണ്ടായ ജപ്പാനില്‍ ഭൂകമ്പവും സുനാമിയും ആണ് ഫുകുഷിമ ആണവ ദുരന്തത്തിന് കാരണമായത്. ഇത് ചരിത്രത്തിലെ ഏറ്റവും വിനാശകരമായ ആണവ സംഭവങ്ങളില്‍ ഒന്നാണ്. ദുരന്തസമയത്ത്, പ്ലാന്റിലെ മൂന്ന് ആണവ റിയാക്ടറുകള്‍ ഉരുകിപ്പോയിരുന്നു. ഇക്കാരണത്താല്‍ ഗണ്യമായ അളവില്‍ റേഡിയോ ആക്ടീവ് വസ്തുക്കള്‍ പരിസ്ഥിതിയിലേക്ക് പുറന്തള്ളപ്പെടുകയും ചെയ്തു. കൂടുതല്‍ അപകടം ഒഴിവാക്കുന്നതിന് മറ്റ് റിയാക്ടറുകളിലേക്ക് തണുത്ത വെള്ളം ഇന്‍ജക്റ്റ് ചെയ്തിരുന്നു.

ഫുകുഷിമ പ്ലാന്റില്‍ നിന്നും ശുദ്ധീകരിച്ച റേഡിയോ ആക്ടീവ് ജലം കടലിലേക്ക് പുറന്തള്ളാനുള്ള പദ്ധതിയുമായി ടോക്കിയോ മുന്നോട്ട് പോയാല്‍ 10 ജാപ്പനീസ് പ്രിഫെക്ചറുകളില്‍ നിന്നുള്ള സമുദ്രോല്‍പ്പന്ന ഇറക്കുമതി നിരോധിക്കുമെന്ന് ഹോങ്കോംഗിന്റെ പരിസ്ഥിതി വകുപ്പ് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ശീതീകരിച്ചതോ ഉണക്കിയതോ ആയ സമുദ്രോല്‍പ്പന്നങ്ങള്‍, ഉപ്പ്, സംസ്‌കരിച്ചതോ അല്ലാത്തതോ ആയ കടല്‍പ്പായല്‍ എന്നിവയുടെ ഇറക്കുമതിയാണ് നിരോധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

ആണവനിലയത്തില്‍ ഇനി അവശേഷിക്കുന്നത്

2021-ലെ കണക്കനുസരിച്ച് ഏകദേശം 1.25 ദശലക്ഷം ടണ്‍ മലിനമായ ജലമാണ് ഇനി ഫുകുഷിമയില്‍ ഉള്ളത്. ഇതാണ് ഒഴിവാക്കാന്‍ ജപ്പാന്‍ ആഗ്രഹിക്കുന്നത്. ഒരു ദശാബ്ദത്തിനു ശേഷം, ഫുകുഷിമ ദായിച്ചി ആണവനിലയത്തില്‍ കുമിഞ്ഞുകൂടിയ ഈ റേഡിയോ ആക്ടീവ് ജലം കൈകാര്യം ചെയ്യുന്നതില്‍ ജപ്പാന്‍ ഒരു വെല്ലുവിളി നേരിടുകയുമാണ്.

ജലം ശുദ്ധീകരിക്കുന്നതിനായി ടോക്കയോ ഒരു പ്രത്യേക സംവിധാനം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതില്‍ ആണവനിലയത്തിലെ ജലം ശുദ്ധീകരിച്ചശേഷം നേര്‍പ്പിച്ച് ടാങ്കുകളിലേക്ക് ശേഖരിക്കും. അത് ഒടുവില്‍ കടലിനടിയിലെ തുരങ്കം വഴി സമുദ്രത്തിലേക്ക് വിടും. ഇതാണ് ജപ്പാന്റെ പദ്ധതി.

ദിവസേന സൃഷ്ടിക്കപ്പെടുന്ന 130 ടണ്‍ മലിനജലം ശേഖരിക്കുകയും ശുദ്ധീകരിക്കുകയും ടാങ്കുകളില്‍ സംഭരിക്കുകയും ചെയ്യാനാണ് പദ്ധതിയിടുന്നത്. എങ്കിലും ശുദ്ധീകരിച്ച ജലത്തില്‍ സീസിയവും മറ്റ് റേഡിയോ ന്യൂക്ലൈഡുകളും അടങ്ങിയിരിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇത് അപകടരമാണ്. ഈ ജലം കടലിലേക്ക് പുറംതള്ളിയാല്‍ ഉണ്ടാകുന്ന പ്രശ്‌നമാണ് എല്ലാരാജ്യങ്ങളെയും അലട്ടുന്നത്. എന്നാല്‍ റേഡിയോ ആക്ടിവിറ്റി സുരക്ഷിതമായ നിലയിലേക്ക് കുറയ്ക്കാന്‍ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ട്രിറ്റിയം വെള്ളത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ കഴിയില്ലെന്നും എന്നാല്‍ ചെറിയ അളവില്‍ ദോഷകരമല്ലെന്നും ആണവനിലയങ്ങള്‍ അത് പതിവായി പുറത്തുവിടാറുണ്ടെന്നും ജാപ്പനീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.



ജപ്പാന്റെ സമുദ്രോല്‍പ്പന്ന വിപണി

സമുദ്രോല്‍പ്പന്നങ്ങളുടെ പ്രധാന കയറ്റുമതിക്കാരില്‍ ഒരാളാണ് ജപ്പാനാണ്. ഇന്ത്യയില്‍ നിന്ന് ജപ്പാനും അവിടെ നിന്ന് ഇന്ത്യയിലേക്കും സമുദ്രോല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്നുണ്ട്.

ടോക്കിയോ മലിനജലം പുറന്തള്ളാനുള്ള പദ്ധതിയുമായി മുന്നോട്ടുപോയാല്‍ ജാപ്പനീസ് പ്രിഫെക്ചറുകളില്‍ നിന്നുള്ള കടല്‍ ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുമെന്ന് ഹോങ്കോംഗ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് പരിസ്ഥിതി വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്.കാര്‍ഷിക, മത്സ്യബന്ധന വ്യാപാരത്തില്‍ ചൈനയ്ക്ക് ശേഷം ജപ്പാനാണ് ഹോങ്കോംഗ് വിപണിയില്‍ രണ്ടാമത് . 2022-ല്‍ ജപ്പാന്‍ 75.5 ബില്യണ്‍ യെന്‍ (536 ദശലക്ഷം ഡോളര്‍ മത്സ്യബന്ധന ഉല്‍പ്പന്നങ്ങള്‍ ഹോങ്കോംഗിലേക്ക് കയറ്റുമതി ചെയ്തതായി ജാപ്പനീസ് സര്‍ക്കാരിന്റെ സ്ഥിതിവിവര കണക്കുകള്‍ പറയുന്നു.

യുഎന്‍ ആണവ നിരീക്ഷക സമിതി അംഗീകരിച്ച ജപ്പാന്റെ പദ്ധതി ഇപ്പോള്‍ എതിര്‍പ്പ് നേരിടുകയാണ്. അതേസമയം ഉല്‍പ്പന്നങ്ങള്‍ സുരക്ഷിതവും ആഗോള നിലവാരം പുലര്‍ത്തുന്നതുമാണെന്ന് ടോക്കിയോ പറയുന്നു. അതേസമയം ശുദ്ധീകരിച്ച റേഡിയോ ആക്ടീവ് വെള്ളം പുറന്തള്ളാനുള്ള പദ്ധതി കാരണം ജപ്പാനില്‍ നിന്നുള്ള ഭക്ഷ്യ ഇറക്കുമതി നിയന്ത്രണങ്ങള്‍ കര്‍ശനമാക്കരുതെന്ന് ജപ്പാന്‍ ഹോങ്കോംഗ് ഉദ്യോഗസ്ഥരോട് അഭ്യര്‍ത്ഥന നടത്തിയിട്ടുണ്ട്.

വിഷയം ചര്‍ച്ച ചെയ്യാന്‍ ഹോങ്കോംഗിലെ ജാപ്പനീസ് കോണ്‍സല്‍ ജനറലുമായി അധികൃതര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ടോക്കിയോ, ഫുകുഷിമ, ചിബ, തോച്ചിഗി, ഇബാറക്കി, ഗുന്‍മ, മിയാഗി, നിഗറ്റ, നാഗാനോ, സൈതാമ എന്നിവിടങ്ങളില്‍ നിന്ന് ഉള്ള സമുദ്രോല്‍പ്പന്നങ്ങളാണ് സംശയത്തിന്റെ നിഴലില്‍ ഉള്ളത്.

ഫുകുഷിമ പ്ലാന്റില്‍ നിന്ന് ശുദ്ധീകരിച്ച റേഡിയോ ആക്ടീവ് വെള്ളം സമുദ്രത്തിലേക്ക് പുറന്തള്ളാനുള്ള പദ്ധതിയുമായി ടോക്കിയോ മുന്നോട്ട് പോയാല്‍, ധാരാളം ജാപ്പനീസ് പ്രിഫെക്ചറുകളില്‍ നിന്നുള്ള സമുദ്രോല്‍പ്പന്നങ്ങള്‍ നഗരം നിരോധിക്കുമെന്ന് ഹോങ്കോംഗ് നേതാവ് ജോണ്‍ ലീ നേരത്തെ പറഞ്ഞിരുന്നു. ജപ്പാനില്‍ നിന്നുള്ള ഭക്ഷണത്തിന്റെ സൂക്ഷ്മപരിശോധന കര്‍ശനമാക്കുമെന്നും ചില ജാപ്പനീസ് ഇറക്കുമതിയില്‍ നിയന്ത്രണം നിലനിര്‍ത്തുമെന്നും ചൈന കഴിഞ്ഞ ആഴ്ച തന്നെ വ്യക്തമാക്കിയിരുന്നു.

ദക്ഷിണകൊറിയയിലെ പ്രതിഷേധം

ഫുകുഷിമ മേഖലയില്‍ നിന്നുള്ള ഭക്ഷ്യ, സമുദ്രോല്‍പ്പന്ന ഇറക്കുമതി നിരോധനം തുടരുമെന്ന് ദക്ഷിണ കൊറിയയും അറിയിച്ചു. അന്താരാഷ്ട ആണവ ഏജന്‍സി പിന്തുണച്ചിട്ടുണ്ടെങ്കിലും കൊറിയില്‍ പദ്ധതിക്കെതിരെ ആശങ്കയും ജനരോഷവും ഉയരുകയാണ്. ഇതിന് പ്രതിപക്ഷ പിന്തുണയുമുണ്ട്. ടോക്കിയോയുടെ നടപടിക്കെതിരെ കൊറിയയില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നുമുണ്ട്. ജപ്പാനില്‍ നിന്നുള്ള സമുദ്രോല്‍പ്പന്ന ഇറക്കുമതി അവസാനിപ്പിക്കണം എന്നാണ് ജനങ്ങളുടെ ആവശ്യം.

തങ്ങളുടെ ബിസിനസുകള്‍ക്കും ഉപജീവനമാര്‍ഗങ്ങള്‍ക്കും ഇനിയും നാശനഷ്ടമുണ്ടാകുമെന്ന് പ്രാദേശിക മത്സ്യബന്ധന സമൂഹങ്ങളും അഭിപ്രായപ്പെട്ടിട്ടുണ്ട്. കൂടാതെ ചില പസഫിക ദ്വീപ് രാജ്യങ്ങളും ടോക്കിയോയുടെ നടപടിയില്‍ സുരക്ഷാ ആശങ്കകള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. പസഫിക് സമുദ്രത്തെ ഒരു അഴുക്കുചാലായി' കണക്കാക്കുന്നുവെന്ന് ജപ്പാനെ ചൈന അടുത്തിടെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അതേസമായം ഫുകുഷിമ മത്സ്യബന്ധനത്തെ പിന്തുണയ്ക്കുന്നതിനായി ജാപ്പനീസ് സര്‍ക്കാര്‍ 80 ബില്യണ്‍ യെന്‍ (580 ദശലക്ഷം ഡോളര്‍) നീക്കിവച്ചിട്ടുണ്ട്.



വരും തലുറയ്ക്കും ഭീഷണി

എന്നാല്‍ ജലം പുറംതള്ളിയാല്‍ അത് അടുത്ത തലമുറയ്ക്കുതന്നെ ഭീഷണിയാകും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അടുത്ത 20മുതല്‍ 30വര്‍ഷം വേണ്ടിവരും ഈ ഭീഷണി പരിഹരിക്കപ്പെടാന്‍. എങ്കിലും ഇനിയും ഒരു ദുരന്തത്തെക്കൂടി അനുഭവിക്കണോ എന്നാണ് അയല്‍ രാജ്യങ്ങള്‍ ചോദിക്കുന്നത്. റേഡിയോ ആക്റ്റീവ് സംബന്ധിച്ച പ്രതിസന്ധികള്‍ ഇനി സൃഷ്ടിക്കപ്പെടുമോ എന്നാണ് മറ്റുള്ളവര്‍ ഭയക്കുന്നത്. ആണവരംഗത്തെ വിദഗ്ധര്‍ പറയുന്നത് മലിനജലം സമുദ്രത്തിലേക്ക് പുറംതള്ളുന്നത് അപകടരം തന്നെയാണ് എന്നാണ്. ഈ പദ്ധതി സമുദ്രത്തിനും അതിലുള്ള മത്സ്യങ്ങള്‍ക്കും അപകടകരമായ സ്ഥിതി സംജാതമാക്കും.

2020ല്‍ ഇന്ത്യ അഞ്ച് കോടി അറുപത്‌ലക്ഷം രൂപയുടെ സമുദ്രോല്‍പ്പന്നങ്ങളണാണ് ഇന്ത്യ ജപ്പാനില്‍ നിന്ന് ഇറക്കുമതി ചെയ്തത്. ഇത് താരതമ്യേന കുറവാണ്. എന്നാല്‍ അയല്‍ രാജ്യങ്ങള്‍ 16ലധികം പ്രിഫെക്ചറുകളില്‍നിന്നുള്ള സമുദ്രോല്‍പ്പന്നങ്ങള്‍ നിരോധിക്കാനൊരുങ്ങുമ്പോള്‍ അളവില്‍ കുറവെങ്കിലും അവ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ രൂക്ഷമായേക്കാം.