23 Nov 2023 6:55 AM
Summary
- മരുന്നുകളോട് പ്രതികരിക്കുന്നത് വളരെ കുറവായതിനാല്‍ രോഗം മാറാന്‍ കാലതാമസം എടുക്കുന്നതും അപകട സാധ്യത ഉയര്‍ത്തുന്നുണ്ട്.
ചൈനയിലെ കുഞ്ഞുങ്ങളില്‍ ന്യൂമോണിയ അടക്കമുള്ള ശ്വാസകോശ രോഗങ്ങള്‍ വര്‍ധിച്ചുവരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ എപ്പിഡെമിയോളജിക്കല്‍, ക്ലിനിക്കല്‍ വിവരങ്ങളും പരിശോധനാ ഫലങ്ങളുമടക്കം വിശദവിവരങ്ങള്‍ നല്‍കാന്‍ ചൈനയോട് ഡബ്ല്യുഎച്ച്ഒ ആവശ്യപ്പെട്ടിട്ടുണ്ട്.
കൊവിഡിന് ശേഷം നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതിന് ശേഷം ചൈന ശൈത്യകാലത്തേക്ക് കടക്കുമ്പോഴാണ് ശ്വാസകോശ രോഗങ്ങളുടെ വര്‍ധന റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് പ്രത്യേകിച്ചും കുട്ടികളെ കഠിനമായി ബാധിച്ചതായാണ് വിലയിരുത്തല്‍.
ചൈനയില്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്ത ശ്വസന അണുബാധകളുടെ വര്‍ധനവുമായി ഇവ ബന്ധപ്പെട്ടിട്ടുണ്ടോയെന്നും അതോ പ്രത്യേക സംഭവമാണോ എന്ന് വ്യക്തമല്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. കിന്റര്‍ഗാര്‍ട്ടന്‍, പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ മൈകോപ്ലാസ്മ എന്ന ബാക്റ്റീരിയയിൽ നിന്നുള്ള അണുബാധകള്‍ ക്രമാനുഗതമായി വര്‍ധിക്കുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പ്രതിരോധ ശേഷിയുള്ള മുതിര്‍ന്ന കുട്ടികളിലും മുതിര്‍ന്നവരിലുംമൈകോപ്ലാസ്മ നേരിയ ജലദോഷം മാത്രമേ ഉണ്ടാക്കു. എന്നാല്‍ ചെറിയ കുട്ടികളളിൽ ഈ ബാക്റ്റീരിയ പിടിപെട്ടാൽ ന്യുമോണിയക്കു കാരണമായി മാറാന്‍ സാധ്യതയുണ്ട് - ആഴ്ചകളോളം നീണ്ടുനില്‍ക്കുന്നതാണ് ലക്ഷണങ്ങള്‍.
ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനില്‍ നിന്നുള്ള ഡാറ്റയും ഒക്ടോബറില്‍ ഇന്‍ഫ്‌ലുവന്‍സ പോസിറ്റിവിറ്റി നിരക്ക് ക്രമാനുഗതമായി ഉയരുന്നതായി പറയുന്നു. വേനല്‍ക്കാലത്ത് നേരയി വര്‍ധന രേഖപ്പെടുത്തിയ കോവിഡ് നിരക്ക് ഇപ്പോള്‍ കുറഞ്ഞു കൊണ്ടിരിക്കുകയാണ്.
മൈകോപ്ലസ്മ നിരക്ക് കുട്ടികളില്‍ 40 ശതമാനവും മുതിര്‍ന്നവരില്‍ 60 ശതമാനവും ഉയര്‍ന്നു. ഇത് മുന്നൂ മുതല്‍ ഏഴ് വര്‍ഷം വരെയുള്ള കാലയളവില്‍ വീണ്ടും ലക്ഷണങ്ങള്‍ പ്രകടിപ്പിക്കും.
അതേസമയം മരുന്നുകളോട് പ്രതികരിക്കുന്നത് വളരെ കുറവായതിനാല്‍ രോഗം മാറാന്‍ കാലതാമസം എടുക്കുന്നതും അപകട സാധ്യത ഉയര്‍ത്തുന്നുണ്ട്.