image

15 Dec 2022 12:31 PM IST

World

വിലക്കയറ്റക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ല, യുഎസ് ഫെഡ് ഏഴാം തവണയും പലിശ ഉയര്‍ത്തി

MyFin Desk

USA
X

Summary

പുതിയ നിരക്ക് വര്‍ധനയോടെ അമേരിക്കയില്‍ പലിശ നിരക്ക് 15 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. അതായിത് 4.25-4.50 ശതമാനം. അതേസമയം, ഇത് ഒരു അവസാനമല്ലെന്നും പണപ്പെരുപ്പത്തെ നിയന്ത്രണത്തിലാക്കാന്‍ ഇത് ആവര്‍ത്തിക്കുമെന്നും ഫെഡറല്‍ റിസേര്‍വ് സൂചന നല്‍കുകയും ചെയ്തു.




ആഗോളതലത്തില്‍ പണപ്പെരുപ്പം തുടരുമ്പോള്‍ ഇതിനെ വരുതിയിലാക്കാന്‍ കര്‍ശന നടപടികള്‍ തുടര്‍ന്ന് അമേരിക്കന്‍ ഫെഡറല്‍ റിസേര്‍വ്. വിലക്കയറ്റത്തിന്റെ കുതിച്ച് ചാട്ടത്തില്‍ ശമനമുണ്ടെങ്കിലും തുടര്‍ച്ചയായി ഏഴാം തവണയും പലിശ നിരക്കില്‍ വര്‍ധന വരുത്തിയിരിക്കുകയാണ് ഫെഡ് റിസേര്‍വ്. ഇത്തവണ വര്‍ധനയുടെ തോതില്‍ അല്പം കുറവ് വരുത്തിയിട്ടുണ്ട്.


ഇക്കുറി അര ശതമാനം (50ബേസിസ് പോയിന്റ്) ആണ് വര്‍ധന. തൊട്ടു മുമ്പത്തെ നാല് തവണ മുക്കാല്‍ ശതമാനം വീതമായിരുന്നു കൂട്ടിയിരുന്നത്. പുതിയ നിരക്ക് വര്‍ധനയോടെ അമേരിക്കയില്‍ പലിശ നിരക്ക് 15 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. അതായിത് 4.25-4.50 ശതമാനം. അതേസമയം, ഇത് ഒരു അവസാനമല്ലെന്നും പണപ്പെരുപ്പത്തെ നിയന്ത്രണത്തിലാക്കാന്‍ ഇത് ആവര്‍ത്തിക്കുമെന്നും ഫെഡറല്‍ റിസേര്‍വ് സൂചന നല്‍കുകയും ചെയ്തു. നിലവില്‍ 7.7 ശതമാനത്തില്‍ നിന്ന് പണപ്പെരുപ്പ നിരക്ക് നവംമ്പറില്‍ 7.1 ശതമാനത്തിലേക്ക് താണിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്. ഇത് രണ്ട് ശതമാനത്തിലേക്ക് താഴ്ത്തുകയാണ് ലക്ഷ്യം. ഈ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കില്ലെന്ന് ഫെഡ് ചെയര്‍മാന്‍ ജെറോ പവ്വൽ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ആഗോള തലത്തില്‍ ഇന്ന് വരാനിരിക്കുന്ന യൂറോപ്യന്‍ കേന്ദ്ര ബാങ്കിന്റെയും, ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും പണനയ യോഗം നിര്‍ണായകമാകും. ഇരു ബാങ്കുകളും നിരക്ക് 50 ബേസിസ് പോയിന്റ് ഉയര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആര്‍ ബി ഐ കഴിഞ്ഞ ദിവസം തുടര്‍ച്ചയായ അഞ്ചാം വര്‍ധയില്‍ റിപ്പോ നിരക്ക് 0.35 ശതമാനം വര്‍ധിപ്പിച്ചിരുന്നു.