5 Dec 2023 9:43 AM GMT
Summary
- അദാനി പോര്‍ട്‍സിനെതിരേ ആരോപണങ്ങളില്ലെന്ന് വിശദീകരണം
- വായ്പ നല്‍കുന്നത് ശ്രീലങ്കയിലെ തുറമുഖ വികസനത്തിന്
ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ പരിശോധിച്ച ശേഷമാണ് അദാനി ഗ്രൂപ്പിന് വായ്പ നല്‍കാന്‍ തീരുമാനമെടുത്തതെന്ന് യുഎസ്. ശ്രീലങ്കയിലെ കണ്ടെയ്നര്‍ ടെര്‍മിനല്‍ നിര്‍മണത്തിനായാണ് 533 മില്യണ്‍ ഡോളറിന്‍റെ വായ്പാ സഹായം യുഎസിലെ ഇന്‍റര്‍നാഷണല്‍ ഡെവലപ്മെന്‍റ് ഫിനാന്‍സ് കോര്‍പ് അഥവാ ഡിഎഫ്‍സി അനുവദിച്ചത്. യുഎസ് ആസ്ഥാനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്‍റെ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ വിശദമായ പരിശോധനയും അന്വേഷണവും നടത്തിയെന്നും എന്നാല്‍ അനുവദിക്കപ്പെട്ട വായ്പയുടെ കാര്യത്തില്‍ ഈ ആരോപണങ്ങള്‍ക്ക് പ്രസക്തിയില്ലെന്നാണ് വിലയിരുത്തലെന്നും ഡിഎഫ്‍സി ഉദ്യോഗസ്ഥന്‍ ബ്ലൂംബെര്‍ഗിനോട് വെളിപ്പെടുത്തി.
അദാനി പോർട്ട്സ് & സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡിനെ ബാധിക്കുന്ന ആരോപണങ്ങള്‍ റിപ്പോര്‍ട്ടിലില്ല. വായ്പ നല്‍കിയിട്ടുള്ളത് അദാനി പോര്‍ട്സുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കാണ്. സാമ്പത്തികമായ ദുര്‍നടപ്പിനെയോ മറ്റ് വഴിവിട്ട നടപടികളെയോ യുഎസ് സര്‍ക്കാര്‍ പിന്തുണയ്ക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ അദാനി ഗ്രൂപ്പിനു മേലുള്ള നിരീക്ഷണം ഡിഎഫ്‍സി തുടരും.
ഏഷ്യയില്‍ അമേരിക്കന്‍ ധനസഹായത്തോടെ നടപ്പാക്കുന്ന ഏറ്റവും വലിയ അടിസ്ഥാന സൗകര്യ പദ്ധതികളിലൊന്നാണ് ശ്രീലങ്കയിലെ തുറമുഖ നിര്‍മാണം. ബെൽറ്റ് ആൻഡ് റോഡ് ഉദ്യമത്തിലൂടെ ചൈന വളര്‍ത്തിയെടുക്കുന്ന സ്വാധീനത്തിന് ബദലായുള്ള അമേരിക്കന്‍ ശ്രമങ്ങളുടെ ഭാഗം കൂടിയാണിത്.
ഈ വര്‍ഷമാദ്യം പുറത്തുവന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് അദാനി ഗ്രൂപ്പിന്‍റെ വിപണി മൂല്യത്തില്‍ 100 ബില്യണ്‍ ഡോളര്‍ വരെ ഇടിയുന്നതിന് ഇടയാക്കിയിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച അദാനി ഗ്രൂപ്പ് വിവിധ കമ്പനികളിലെ ഓഹരി പങ്കാളിത്തം കുറച്ച് വിശ്വാസ്യത ഉയര്‍ത്താന്‍ ശ്രമിച്ചു.