17 Oct 2023 4:01 PM IST
Summary
- ലോകവ്യാപാര സംഘടനയുടെ യോഗത്തിലാണ് രാജ്യങ്ങള്‍ ആശങ്ക അറിയിച്ചത്
- അതേസമയം ഇറക്കുമതിക്ക് ലൈസന്‍സിംഗ് ഏര്‍പ്പെടുത്തില്ലെന്ന് ഇന്ത്യ
- നടപടികള്‍ പുനഃപരിശോധിക്കണമെന്ന് കൊറിയ
ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) യോഗത്തില്‍ ലാപ്ടോപ്പുകള്‍ക്കും കംപ്യൂട്ടറുകള്‍ക്കും ഇറക്കുമതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ഇന്ത്യയുടെ തീരുമാനത്തില്‍ യുഎസ്, ചൈന, കൊറിയ, ചൈനീസ് തായ്പേയ് എന്നീ രാജ്യങ്ങള്‍ ആശങ്ക ഉന്നയിച്ചു. ഒക്ടോബര്‍ 16-ന് ജനീവയില്‍ നടന്നയോഗത്തിലാണ് വിഷയം ചര്‍ച്ചയായത്.
ഇന്ത്യയുടെ തീരുമാനം നടപ്പായാല്‍ ഇന്ത്യയിലേക്കുള്ള ഉല്‍പ്പന്നങ്ങളുടെ വ്യാപാരത്തെ ബാധിക്കുമെന്ന് യുഎസ് വ്യക്തമാക്കിയതായി ജനീവ ആസ്ഥാനമായുള്ള ഉദ്യോഗസ്ഥന്‍ പറഞ്ഞു. തീരുമാനം കയറ്റുമതിക്കാര്‍ക്കും ഉപയോക്താക്കള്‍ക്കും അനിശ്ചിതത്വം സൃഷ്ടിക്കുന്നുവെന്ന് യുഎസ് പറയുന്നു.
ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും ഇറക്കുമതി വെട്ടിക്കുറയ്ക്കുന്നതിനുമായി ലാപ്ടോപ്പുകള്‍, പേഴ്സണല്‍ കമ്പ്യൂട്ടറുകള്‍ (ടാബ്ലെറ്റ് കമ്പ്യൂട്ടറുകള്‍ ഉള്‍പ്പെടെ), മൈക്രോ കമ്പ്യൂട്ടറുകള്‍, വലിയ അല്ലെങ്കില്‍ മെയിന്‍ഫ്രെയിം കമ്പ്യൂട്ടറുകള്‍, ചില ഡാറ്റാ പ്രോസസ്സിംഗ് മെഷീനുകള്‍ തുടങ്ങി നിരവധി ഐടി ഹാര്‍ഡ്വെയര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഓഗസ്റ്റ് 3-ന് ഇന്ത്യ ഇറക്കുമതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
ചൈനപോലുള്ള രാജ്യങ്ങളെ മുന്‍നിര്‍ത്തിയാണ് കേന്ദ്രസര്‍ക്കാര്‍ ഇങ്ങനെയൊരു നിര്‍ദ്ദേശം പുറത്തിറക്കിയത്. നവംബര്‍ ഒന്നു മുതല്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പാകുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു.
എന്നിരുന്നാലും, ഇറക്കുമതിക്ക് ഇന്ത്യ ലൈസന്‍സിംഗ് നിബന്ധനകള്‍ ഏര്‍പ്പെടുത്തില്ലെന്ന് വാണിജ്യ സെക്രട്ടറി സുനില്‍ ബര്‍ത്ത്വാള്‍ കഴിഞ്ഞ ആഴ്ചതന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അവരുടെ ഇറക്കുമതി നീരീക്ഷിക്കും എന്നും ഇന്ത്യ വ്യക്തമാക്കി.
ഇന്ത്യയുടെ നിര്‍ദിഷ്ട നടപടികള്‍ ഡബ്ല്യുടിഒ നിയമങ്ങളുമായി പൊരുത്തക്കേടുള്ളതായി തോന്നുന്നുവെന്നും അത് അനാവശ്യമായ വ്യാപാര തടസങ്ങള്‍ സൃഷ്ടിക്കുമെന്നും കൊറിയ അഭിപ്രായപ്പെട്ടു.
ഈ നടപടികള്‍ നടപ്പിലാക്കുന്നത് പുനഃപരിശോധിക്കണമെന്നും ഇത് നടപ്പിലാക്കുന്നതിന്റെ സമയക്രമം ഉള്‍പ്പെടെ ഈ വിഷയത്തില്‍ വിശദമായ വ്യക്തതകളും വിവരങ്ങളും നല്‍കണമെന്നും സോള്‍ ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചു. ഇന്ത്യ പ്രതിവര്‍ഷം 700-800 കോടി ഡോളറിന്റെ മേല്‍പ്പറഞ്ഞ സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്.