16 May 2024 11:21 AM GMT
Summary
- കീടനാശിനിയുടെ സാന്നിധ്യം ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തിരിച്ചടി
- സൂക്ഷ്മപരിശോധന വേഗത്തിലാക്കുന്ന ആദ്യത്തെ രാജ്യമാണ് യുകെ
ഇന്ത്യയില്‍നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങള്‍ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കി യുകെ. അന്താരാഷ്ട്രതലത്തില്‍ രണ്ട് ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ക്കെതിരെ ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ബ്രിട്ടീഷ് നടപടി. ഇന്ത്യന്‍ സുഗന്ധവ്യഞ്ജനങ്ങളില്‍ കാന്‍സറിന് കാരണമാകുന്ന എഥിലീന്‍ ഓക്‌സൈഡ് ഉയര്‍ന്ന അളവില്‍ കണ്ടെത്തിയതാണ് എംഡിഎച്ച്, എവറസ്റ്റ് എന്നീ ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ വില്‍പ്പന നിരോധിക്കാന്‍ കാരണമായത്. സിംഗപ്പൂരും ഹോങ്കോംഗുമാണ് ഈ രണ്ട് ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ക്കെതിരെ ആദ്യമായി രംഗത്തുവന്നത്. അതിനുശേഷം എല്ലാ ഇന്ത്യന്‍ സുഗന്ധവ്യഞ്ജനങ്ങളുടെയും സൂക്ഷ്മപരിശോധന വേഗത്തിലാക്കുന്ന ആദ്യത്തെ രാജ്യമാണ് യുകെ.
എഥിലീന്‍ ഓക്‌സൈഡ് ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഹോങ്കോംഗ് കഴിഞ്ഞ മാസം എംഡിഎച്ച് നിര്‍മ്മിച്ച മൂന്ന് സുഗന്ധവ്യഞ്ജന മിശ്രിതങ്ങളുടെയും എവറസ്റ്റിന്റെ ഒരെണ്ണത്തിന്റെയും വില്‍പ്പന നിര്‍ത്തിവച്ചിരുന്നു. എവറസ്റ്റ് മിക്‌സ് തിരിച്ചുവിളിക്കാന്‍ സിംഗപ്പൂരും ഉത്തരവിട്ടു. ന്യൂസിലാന്‍ഡ്, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ഇന്ത്യ, ഓസ്‌ട്രേലിയ എന്നീരാജ്യങ്ങള്‍ രണ്ട് ബ്രാന്‍ഡുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അന്വേഷിക്കുകയാണ്. ലോകത്തിലെ സുഗന്ധവ്യഞ്ജനങ്ങളുടെ ഏറ്റവും വലിയ കയറ്റുമതിരാജ്യവും ഉപഭോക്താവും ഉല്‍പ്പാദകരുമാണ് ഇന്ത്യ.