image

1 Jan 2024 7:34 AM GMT

Trade

ഇന്ത്യ-യുകെ എഫ്ടിഎ: ഈസ്റ്ററിനുമുമ്പ് ഒപ്പിട്ടേക്കും

MyFin Desk

india-uk fta likely to be signed before easter
X

Summary

  • ഇനി നടക്കാനുള്ളത് അവസാനവട്ട ചര്‍ച്ചകളെന്ന് സൂചന
  • ഇരുരാജ്യങ്ങളിലും ഈ വര്‍ഷം പൊതുതെരഞ്ഞെടുപ്പ്
  • വ്യാപാരരംഗത്ത് കുതിച്ചുചാട്ടത്തിന് കരാര്‍ വഴിതുറക്കും


ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ ഈസ്റ്ററിനോടനുബന്ധിച്ച് ഒപ്പുവെക്കുമെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്ക് ഇതിനായി താല്‍പ്പര്യമെടുക്കുന്നതായി ഡെയ്ലി എക്സ്പ്രസ് ദിനപത്രം റിപ്പോര്‍ട്ടു ചെയ്തു. നിലവിലുള്ള 36 ബില്യണ്‍ പൗണ്ടിന്റെ ഉഭയകക്ഷി വ്യാപാര പങ്കാളിത്തം ഗണ്യമായി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള എഫ്ടിഎ ചര്‍ച്ചകള്‍ കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ആരംഭിച്ചത്.

സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും ഇതുവരെ 13 റൗണ്ട് ചര്‍ച്ചകളാണ് പൂര്‍ത്തിയാക്കിയത്.

അടുത്ത ഒരു റൗണ്ട് ചര്‍ച്ചകളോടെ കരാര്‍ അന്തിമമാക്കാനാണ് ഇരു രാജ്യങ്ങളും ശ്രമിക്കുന്നത്. ഇന്ത്യയില്‍ പൊതു തെരഞ്ഞെടുപ്പിന്റെ പ്രകടമായ തിരക്ക് ഉണ്ടാകുന്നതിനു മുമ്പ് ഇക്കാര്യത്തില്‍ ഒരു അന്തിമതീരകുമാനമാണ് കേന്ദ്ര സര്‍ക്കാരും ആഗ്രഹിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി സുനക്കും ഏപ്രിലോടെ കരാര്‍ പൂര്‍ത്തിയാക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. ചര്‍ച്ചകളില്‍ വളരെയധികം പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും ചില നിര്‍ണായക കാര്യങ്ങളില്‍ ഇനിയും യോജിപ്പിലെത്താനുണ്ട്. അവസാനമായി സമവായത്തിലെത്താനുള്ളത് ഏറ്റവും ബുദ്ധിമുട്ടേറിയ ചില കാര്യങ്ങളിലാണെന്ന് ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നു.

സ്‌കോച്ച് വിസ്‌കി, ഇലക്ട്രിക് കാറുകള്‍ എന്നിവയുടെ വ്യാപാരവും സേവനങ്ങളും നിക്ഷേപ അവസരങ്ങളും കരാറിന്റെ ഭാഗമായി യുകെ ആവശ്യപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട താരിഫുകളാണ് ഇപ്പോള്‍ തടസമായി നില്‍ക്കുന്നത്. ഇന്ത്യക്കും രാജ്യത്തിന്റേതായ താല്‍പ്പര്യങ്ങളും വ്യാപര കാഴ്ചപ്പാടുകളും ഉണ്ട്. ഇതില്‍ ഒരു യോജിപ്പിലെത്തുകയാണ് പ്രധാനം.

യുകെയും ഈ വര്‍ഷം തെരഞ്ഞെുപ്പിലേക്ക് നീങ്ങും. അതിനാല്‍ ഇരു രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ക്കും കരാര്‍ വളരെ പ്രധാനമാണ്. തെരഞ്ഞെടുപ്പില്‍ ഇത് ഒരു നേട്ടമായി അവതരിപ്പിക്കാനാകും. ഇരു രാജ്യങ്ങളിലെയും നേതാക്കള്‍ പ്രചാരണത്തരക്കിലേക്ക് കടക്കുന്നതിനുമുമ്പ് കരാറിലെത്താനാണ് ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനും താല്‍പ്പര്യമുണ്ട്.

എഫ്ടിഎയുടെ പ്രാധാന്യത്തെക്കുറിച്ച് ഇരുപക്ഷവും വളരെ ബോധവാന്മാരാണെന്നും അതിനായി പരമാവധി ശ്രമിക്കുമെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ മുന്‍പ് പറഞ്ഞിരുന്നു. കരാര്‍ സാധ്യമായാല്‍ അത് ഇരു രാജ്യങ്ങള്‍ക്കും വ്യാപാര രംഗത്ത് കുതിച്ചുചാട്ടത്തിന് വഴിയൊരുക്കും.