17 Jun 2024 4:43 AM GMT
Summary
- ബ്രിട്ടനിലേക്കുള്ള കയറ്റുമതി 1.37 ബില്യണ്‍ ഡോളറിലെത്തി
- വാണിജ്യവകുപ്പാണ് മെയ്മാസത്തിലെ കണക്കുകള്‍ പുറത്തുവിട്ടത്
- പത്ത് പ്രധാന കയറ്റുമതി വിപണികളില്‍ ഇന്ത്യ തിളങ്ങി
ചൈനയെ മറികടന്ന് യുകെ ഇന്ത്യയുടെ നാലാമത്തെ വലിയ കയറ്റുമതി വിപണിയായി. വാണിജ്യ വകുപ്പ് പുറത്തുവിട്ട മെയ് മാസത്തിലെ കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം മേയില്‍ ഇന്ത്യയുടെ ആറാമത്തെ വലിയ കയറ്റുമതി കേന്ദ്രമായിരുന്നു യുകെ.
യുകെയിലേക്കുള്ള കയറ്റുമതി മെയ് മാസത്തില്‍ വര്‍ധിച്ച് 1.37 ബില്യണ്‍ ഡോളറിലെത്തി. ഇതേസമയം ചൈനയിലേക്കുള്ള കയറ്റുമതി 1.33 ബില്യണ്‍ ഡോളറായിരുന്നു. ഇവിടെ മൂന്നുശതമാനം വര്‍ധനയുണ്ട്.
മെഷിനറികള്‍, ഭക്ഷ്യവസ്തുക്കള്‍, ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍, തുണിത്തരങ്ങള്‍, ആഭരണങ്ങള്‍, ഇരുമ്പ്, സ്റ്റീല്‍ തുടങ്ങിയ ഇനങ്ങളാണ് യുകെയിലേക്കുള്ള കയറ്റുമതിയില്‍ ആധിപത്യം പുലര്‍ത്തുന്നതെന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളിലെ ട്രെന്‍ഡുകള്‍ കാണിക്കുന്നു.
ചില രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി ഒരു വര്‍ഷത്തിലേറെയായി ചുരുങ്ങിവരികയായിരുന്നു. എന്നാല്‍ മികച്ച 10 പ്രധാന കയറ്റുമതി വിപണികളില്‍ ഇന്ത്യ നല്ല വളര്‍ച്ച കൈവരിച്ചിട്ടുണ്ട്.
കഴിഞ്ഞമാസം കയറ്റുമതി ചെയ്ത രാജ്യത്തിന്റെ മൊത്തം ചരക്കുകളുടെ 52 ശതമാനവും ഈ 10 രാജ്യങ്ങളിലേക്കാണ്. ഇന്ത്യയുടെ ചരക്ക് കയറ്റുമതി മെയ് മാസത്തില്‍ 9.13 ശതമാനം വര്‍ധിച്ച് 38 ബില്യണ്‍ ഡോളറിലെത്തുകയും ചെയ്തു.
യുണൈറ്റഡ് സ്റ്റേറ്റ്‌സ് (യുഎസ്) 13 ശതമാനം വളര്‍ച്ചയോടെ ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി ലക്ഷ്യസ്ഥാനമായി തുടരുന്നു. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലേക്കുള്ള (യുഎഇ) കയറ്റുമതി 19 ശതമാനം വളര്‍ച്ച കൈവരിച്ചു.
ഇന്ത്യയുടെ മൂന്നാമത്തെ വലിയ കയറ്റുമതി വിപണി കൂടിയായ നെതര്‍ലന്‍ഡ്സിലേക്കുള്ള കയറ്റുമതി മെയ് മാസത്തില്‍ ഏകദേശം 44 ശതമാനം വളര്‍ച്ചയോടെ 2.19 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.
സൗദി അറേബ്യ (8.46 ശതമാനം), സിംഗപ്പൂര്‍ (4.64 ശതമാനം), ബംഗ്ലാദേശ് (13.47 ശതമാനം), ജര്‍മനി (6.74 ശതമാനം), ഫ്രാന്‍സ് (36.94 ശതമാനം) എന്നിവയാണ് പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിയ മറ്റ് രാജ്യങ്ങള്‍.
ഇന്ത്യയിലേക്കുള്ളമികച്ച 10 ഇറക്കുമതി വിപണികളില്‍ മെയ് മാസത്തില്‍ സൗദി അറേബ്യയില്‍ നിന്നും സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നുമുള്ള ഇന്‍ബൗണ്ട് ഷിപ്പ്മെന്റുകള്‍ യഥാക്രമം 4.11 ശതമാനവും 32.33 ശതമാനവും ചുരുങ്ങിയതായി കണക്കുകള്‍ കാണിക്കുന്നു.
മൊത്തം ചരക്ക് ഇറക്കുമതി 7.7 ശതമാനം ഉയര്‍ന്ന് 61.91 ബില്യണ്‍ ഡോളറിലെത്തുകയും ചെയ്തു.