7 Dec 2022 10:45 AM GMT
Summary
- ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളുമായി ഒപ്പിട്ട 'സെപ' കരാര്‍ രാജ്യത്തെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ വലിയ അളവില്‍ സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
- ഡോളറിതര കറന്‍സികളില്‍ കൈമാറ്റം നടത്തുന്ന രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി വര്‍ധിപ്പിച്ചതാണ് ദിര്‍ഹമിന് നേട്ടമായത്
യുഎഇയില്‍ അടുത്തവര്‍ഷവും പണപ്പെരുപ്പ നിരക്ക് കുറയുമെന്ന് യുഎഇ സാമ്പത്തികകാര്യ മന്ത്രി അബ്ദുല്ല ബിന്‍ തൂഖ് അല്‍ മര്‍രി. നിലവില്‍ ലോകത്ത് പണപ്പെരുപ്പ നിരക്ക് ഏറ്റവും കുറവ് രേഖപ്പെടുത്തിയ രാജ്യമാണ് യുഎഇയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളുമായി ഒപ്പിട്ട 'സെപ' കരാര്‍ (കോപ്രഹെന്‍സീവ് ഇകണോമിക് പാര്‍ട്ണര്‍ഷിപ്പ് എഗ്രിമെന്റ്) രാജ്യത്തെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ വലിയ അളവില്‍ സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
'ഫ്യൂച്ചര്‍ 100' പദ്ധതി പ്രഖ്യാപന ചടങ്ങിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്. രാജ്യത്തിന്റെ ഭാവി സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് 100 ഓളം സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കുന്നതാണ് 'ഫ്യൂച്ചര്‍ 100' പദ്ധതി. ആഗോളതലത്തിലെ അസ്ഥിരമായ സാമ്പത്തിക സാഹചര്യമൊന്നും യുഎഇ സാമ്പത്തിക മേഖലയെ കാര്യമായി ബാധിച്ചിട്ടിലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ഈ വര്‍ഷം സെപ്റ്റംബര്‍ വരെ മാത്രം രാജ്യത്തെ പണപ്പെരുപ്പം 5.5 ശതമാനമാണ് കാണിക്കുന്നത്. ലോകത്തിലെ ഏറ്റവും താഴ്ന്ന നിരക്കാണിത് കാണിക്കുന്നത്. അടുത്ത വര്‍ഷത്തോടെ പണപ്പെരുപ്പം ഇനിയും കുറയുമെന്നാണ് പ്രതീക്ഷ.
ഡോളറിതര കറന്‍സികളില്‍ കൈമാറ്റം നടത്തുന്ന രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി വര്‍ധിപ്പിച്ചതാണ് ദിര്‍ഹമിന് നേട്ടമായത്. ഇന്ത്യയുള്‍പ്പടെ വിവിധ രാജ്യങ്ങളുമായി ഉണ്ടാക്കിയ സെപ കരാര്‍ അവശ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പിക്കാനും പണപ്പെരുപ്പം കുറയ്ക്കാനും സഹായകരമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
ഇന്ത്യയെക്കൂടാതെ ഇന്തോനേഷ്യ, ഇസ്രയേല്‍ എന്നീ രാജ്യങ്ങളാണ് യുഎഇയുമായി ഈ വര്‍ഷം സെപ കരാര്‍ ഒപ്പുവെച്ചത്. അടുത്ത എട്ട് വര്‍ഷത്തിനുള്ളില്‍ കൂടുതല്‍ രാജ്യങ്ങളുമായി കരാര്‍ ഒപ്പുവെക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.