14 Jun 2023 4:58 AM GMT
Summary
- 2030ഓടെ ഉഭയകക്ഷി വ്യാപാരം 100 ബില്യണ്‍ ഡോളറിലെത്തിക്കും
- ഇന്ത്യന്‍ സംരംഭങ്ങള്‍ യുഎഇയില്‍ പുതിയ അവസരങ്ങള്‍ തേടുന്നു
- ഇന്ത്യയുമായുള്ള സിഇപിഎ യുഎഇ സമ്പദ്‍വ്യവസ്ഥ പുനര്‍നിര്‍മിക്കുന്നതിന്‍റെ ആദ്യ പടി
യുഎഇ-ഇന്ത്യ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സിഇപിഎ) ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധത്തില്‍ നാഴികക്കല്ലായി മാറിയെന്നും ഇത് എല്ലാ സാമ്പത്തിക മേഖലകളിലും പ്രതിഫലം നൽകുന്നുണ്ടെന്നും യുഎഇ വിദേശ വ്യാപാര സഹമന്ത്രി ഡോ താനി അൽ സെയൂദി പറഞ്ഞു. കരാര്‍ നടപ്പാക്കുന്നതിന്‍റെ നേട്ടങ്ങൾ വാണിജ്യത്തില്‍ മാത്രം ഒതുങ്ങി നിക്കുന്നതല്ലെന്നും അത് വളരെ വിശാലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തമ്മിൽ നടന്ന വെർച്വൽ ഉച്ചകോടിയെത്തുടർന്ന് കഴിഞ്ഞ വർഷം ഫെബ്രുവരി 18-നാണ് വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യയും യുഎഇയും സിഇപിഎയിൽ ഒപ്പുവച്ചത്. സിഇപിഎ പ്രകാരം യുഎഇയിൽ നിന്നുള്ള സ്വർണം ഇറക്കുമതി ചെയ്യുന്നതിന് ഉള്‍പ്പടെ ഇന്ത്യ ചില നികുതി ഇളവുകൾ നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം മെയ് 1 മുതലാണ് കരാർ ഔദ്യോഗികമായി പ്രാബല്യത്തില്‍ വന്നത്.
"കരാർ ഒപ്പിട്ടതിനുശേഷം യുഎഇയിൽ പുതിയ അവസരങ്ങൾ തേടാൻ ഇന്ത്യൻ ബിസിനസ്സ് സംരംഭങ്ങള്‍ ശ്രമിക്കുകയാണ്. 2022ൽ ദുബായ് ചേംബർ ഓഫ് കൊമേഴ്‌സിൽ 11,000 പുതിയ കമ്പനികൾ ഇന്ത്യന്‍ ബിസിനസുകളുടേതായി രജിസ്റ്റർ ചെയ്തു, ഇതോടെ ഇത്തരം കമ്പനികളുടെ എണ്ണം 83,000-ലധികമായി," ഗൾഫ് ന്യൂസ് പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ അൽ സെയൂദി വിശദീകരിക്കുന്നു. യു.എ.ഇയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായി സി.ഇ.പി.എ പരിഗണിക്കപ്പെടുമെന്നതിൽ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാണിജ്യം, വൈദഗ്ധ്യം, സാങ്കേതികവിദ്യ, പ്രത്യേക മേഖലകളിലെ നിക്ഷേപം എന്നിവയുടെ കാര്യത്തില്‍ ആഗോള കേന്ദ്രമായി മാറ്റുന്ന തരത്തില്‍, സമ്പദ്‌വ്യവസ്ഥയെ പുനർനിർമ്മിക്കാനുള്ള പുതിയ ദേശീയ തന്ത്രത്തിന്റെ ഭാഗമായുള്ള യുഎഇയുടെ ആദ്യ ഉഭയകക്ഷി കരാറാണ് ഇന്ത്യയുമായി ഒപ്പുവെച്ചിട്ടുള്ളതെന്നും അൽ സെയൂദി വ്യക്തമാക്കി. ഈ ആഴ്ച ആദ്യം, സിഇപിഇ-യുടെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നതിനായി അദ്ദേഹം ന്യൂഡെൽഹിയിൽ വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലുമായി ഒരു ഉഭയകക്ഷി കൂടിക്കാഴ്ച നടത്തിയിരുന്നു.
"80 ശതമാനത്തിലേറേ ചരക്കുകളുടെ നികുതി നീക്കംചെയ്യുകയോ കുറയ്ക്കുകയോ ചെയ്തുകൊണ്ട്, ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരത്തിനുള്ള അനാവശ്യ തടസ്സങ്ങൾ ഇല്ലാതാക്കി. സർക്കാർ സജ്ജീകരണങ്ങള്‍ പങ്കാളി രാഷ്ട്രത്തിന്‍റെ സ്വകാര്യ സംരംഭങ്ങള്‍ക്കു തുറന്നുകൊടുത്തുകൊണ്ട് 2030ഓടെ , സിഇപിഎ ഉഭയകക്ഷി വ്യാപാരത്തിന്റെ മൂല്യം നിലവിലുള്ളതിന്‍റെ ഇരട്ടിയാക്കി 100 ബില്യൺ ഡോളറിലേക്ക് എത്തിക്കുകയാണെ ലക്ഷ്യം" അദ്ദേഹം വിശദീകരിച്ചു.
സിഇപിഎ ഒപ്പുവെച്ച ഘട്ടത്തില്‍, കരാർ യുഎഇയുടെ ജിഡിപിയിലേക്ക് 1.7 ശതമാനം അഥവാ 8.9 ബില്യൺ ഡോളർ കൂട്ടിച്ചേർക്കുമെന്നും കയറ്റുമതി 1.5 ശതമാനം വർദ്ധിപ്പിക്കുമെന്നുമാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ കരാറിന്‍റെ ആദ്യ വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ എണ്ണ ഇതര വ്യാപാരത്തിന്‍റെ മൂല്യം 50.5 ബില്യൺ ഡോളറിലെത്തി, ഒരു വർഷം മുമ്പുള്ള ഇതേ കാലയളവിനെ അപേക്ഷിച്ച് 5.8 ശതമാനം വർധനവുണ്ടായതായി പ്രാഥമിക കണക്കുകൾ കാണിക്കുന്നുവെന്ന് അൽ സെയൂദി ചൂണ്ടിക്കാട്ടി.
ഇന്ത്യയും യുഎഇയും മൂല്യവർധിത സ്വർണത്തിന്റെയും സ്വർണ ഉൽപ്പന്നങ്ങളുടെയും വ്യാപാരം വർധിപ്പിക്കാനുള്ള ശ്രമങ്ങളിലാണെന്ന് പിയുഷ് ഗോയല്‍ തിങ്കളാഴ്ച പറഞ്ഞിരുന്നു. ഇന്ത്യയില്‍ നിന്നുള്ള രത്നങ്ങളുടെയും ആഭരണങ്ങളുടെയും പ്രധാന ലക്ഷ്യസ്ഥാനമാണ് യുഎഇ. ഈ മേഖലയിൽ നിന്നുള്ള ഇന്ത്യയുടെ കയറ്റുമതിയുടെ 15 ശതമാനവും എത്തുന്നത് യുഎഇയിലേക്കാണ്.