image

21 Feb 2025 3:19 AM GMT

World

ട്രംപിന്റെ താരിഫ് യുദ്ധം; ഇളവ് തേടി ദക്ഷിണ കൊറിയ

MyFin Desk

south korea seeks concessions in trumps tariff war
X

Summary

  • സിയോള്‍ ഇതിനകം തന്നെ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് കുറഞ്ഞ തീരുവയാണ് ചുമത്തുന്നത്
  • ദക്ഷിണ കൊറിയയുടെ ഡെപ്യൂട്ടി വാണിജ്യ മന്ത്രി പാര്‍ക്ക് ജോങ്-വോണ്‍ ഈ ആഴ്ച യുഎസ് സന്ദര്‍ശിക്കും
  • കൊറിയന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാ പ്രവചനം നവംബറിന് ശേഷം രണ്ടാം തവണയും കുറച്ചു


വ്യാപാര പങ്കാളികള്‍ക്ക് മേല്‍ അധിക താരിഫ് ചുമത്താനുള്ള യുഎസ് പദ്ധതികളില്‍ നിന്ന് തങ്ങളുടെ രാജ്യത്തെ ഒഴിവാക്കണമെന്ന് ദക്ഷിണ കൊറിയ. ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ പ്രകാരം സിയോള്‍ ഇതിനകം തന്നെ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് കുറഞ്ഞ തീരുവയാണ് ചുമത്തുന്നതെന്ന് കൊറിയയുടെ ഡെപ്യൂട്ടി വാണിജ്യ മന്ത്രി വ്യക്തമാക്കി.

വൈറ്റ് ഹൗസ്, വാണിജ്യ വകുപ്പ്, യുഎസ് വ്യാപാര പ്രതിനിധി ഓഫീസ് എന്നിവയിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താന്‍ ദക്ഷിണ കൊറിയയുടെ ഡെപ്യൂട്ടി വാണിജ്യ മന്ത്രി പാര്‍ക്ക് ജോങ്-വോണ്‍ ഈ ആഴ്ച വാഷിംഗ്ടണിലേക്ക് പോകും.

ദക്ഷിണ കൊറിയന്‍ കമ്പനികള്‍ വന്‍തോതിലുള്ള ബിസിനസ് നിക്ഷേപങ്ങളിലൂടെ യുഎസ് സമ്പദ് വ്യവസ്ഥയ്ക്ക് എങ്ങനെ സംഭാവന നല്‍കുന്നുവെന്ന് പാര്‍ക്ക് ഉദ്ധരിച്ചു. കൂടാതെ അമേരിക്ക പോലുള്ള സ്വതന്ത്ര വ്യാപാര പങ്കാളികള്‍ക്ക് രാജ്യം ഇതിനകം തന്നെ കുറഞ്ഞ തീരുവ ചുമത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യാപാര പങ്കാളികളുമായി പരസ്പര താരിഫ് സ്ഥാപിക്കാനും ഇറക്കുമതി ചെയ്യുന്ന സ്റ്റീല്‍, അലുമിനിയം എന്നിവയ്ക്ക് തീരുവ ഉയര്‍ത്താനുമുള്ള യുഎസ് പദ്ധതികളില്‍ നിന്ന് ദക്ഷിണ കൊറിയയെ ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫുകളുടെയും ആഗോള വ്യാപാരം പുനഃസ്ഥാപിക്കാന്‍ ലക്ഷ്യമിട്ടുള്ള മറ്റ് നടപടികളുടെയും ആഘാതത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചുകൊണ്ട്, ദക്ഷിണ കൊറിയയിലെ പ്രമുഖ സാമ്പത്തിക തിങ്ക് ടാങ്ക് ഈ മാസം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാ പ്രവചനം നവംബറിന് ശേഷം രണ്ടാം തവണയും കുറച്ചു.

2025 ല്‍ ദേശീയ സമ്പദ്വ്യവസ്ഥ 1.6% വളര്‍ച്ച കൈവരിക്കുമെന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കൊറിയ ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവചിച്ചു. ഇത് മുന്‍ കണക്കുകളേക്കാള്‍ 0.4 ശതമാനം കുറവാണ്. ട്രംപിന്റെ സ്റ്റീല്‍, അലുമിനിയം താരിഫുകള്‍ ദക്ഷിണ കൊറിയയുടെ സമ്പദ് വ്യവസ്ഥയില്‍ വലിയ സ്വാധീനം ചെലുത്താന്‍ സാധ്യതയില്ലെന്ന് ഗ്രൂപ്പിന്റെ സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തി. കാരണം ആ ഉല്‍പ്പന്നങ്ങള്‍ യുഎസിലേക്കുള്ള കയറ്റുമതിയുടെ 1% ല്‍ താഴെയാണ്. എന്നിരുന്നാലും, സെമികണ്ടക്ടറുകള്‍ക്കും കാറുകള്‍ക്കുമുള്ള യുഎസ് തീരുവയില്‍ വര്‍ധനവ് വരുത്തുന്നത് രാജ്യത്തിന്റെ വ്യാപാരത്തെ ആശ്രയിച്ചുള്ള സമ്പദ് വ്യവസ്ഥയെ കൂടുതല്‍ ബാധിക്കുമെന്ന് അവര്‍ ആശങ്ക പ്രകടിപ്പിച്ചു.

ട്രംപിന്റെ വ്യാപാര നടപടികളുടെ സാധ്യതയുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ദക്ഷിണ കൊറിയയുടെ ആക്ടിംഗ് പ്രസിഡന്റ് ചോയ് സാങ്-മോക്ക് ഇന്ന് വ്യാപാര, വിദേശ നയ ഉദ്യോഗസ്ഥരുമായി ഒരു യോഗം വിളിച്ചിട്ടുണ്ട്.

യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍, ചൈന എന്നിവയുള്‍പ്പെടെ മറ്റ് പ്രധാന സമ്പദ് വ്യവസ്ഥകള്‍ ട്രംപിന്റെ വ്യാപാര നയങ്ങളോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന് പരിശോധിക്കാനും ദക്ഷിണ കൊറിയയുടെ നിലപാട് യുഎസ് ഉദ്യോഗസ്ഥരെ ഫലപ്രദമായി അറിയിക്കാന്‍ കൂടുതല്‍ ശ്രമിക്കാനും ദക്ഷിണ കൊറിയയുടെ ധനമന്ത്രി കൂടിയായ ചോയി ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു.

2024-ല്‍ യുഎസുമായുള്ള ദക്ഷിണ കൊറിയയുടെ വ്യാപാര മിച്ചം 55.7 ബില്യണ്‍ ഡോളറിലെത്തി. ദക്ഷിണ കൊറിയന്‍ വ്യാപാര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, യുഎസ് ഉല്‍പ്പാദന ഇറക്കുമതിക്ക് രാജ്യത്തിന്റെ താരിഫ് നിരക്ക് പൂജ്യം ശതമാനമാണ്.