image

7 March 2025 9:44 AM IST

World

അയല്‍ക്കാര്‍ക്കെതിരായ താരിഫ്; ട്രംപ് ഗതിമാറ്റി ഇറങ്ങുന്നു

MyFin Desk

trump reverses course on tariffs against neighbors
X

Summary

  • മെക്‌സിക്കോയ്ക്കും കാനഡയ്ക്കും എതിരായ ചില തീരുവകള്‍ ഒരു മാസത്തേക്ക് വൈകിപ്പിച്ചു
  • ഏപ്രില്‍ 2 മുതല്‍ പരസ്പര താരിഫുകള്‍ ഏര്‍പ്പെടുത്തുമെന്നും ട്രംപ്


നയം മാറ്റി ഡൊണാള്‍ഡ് ട്രംപ്. മെക്‌സിക്കോയ്ക്കും കാനഡയ്ക്കും എതിരായ ചില തീരുവകള്‍ യുഎസ് പ്രസിഡന്റ് ഒരുമാസത്തേക്ക് വൈകിപ്പിച്ചു. വ്യാപാര യുദ്ധം മൂലമുണ്ടാകുന്ന സാമ്പത്തിക പ്രത്യാഘാതങ്ങള്‍ വ്യാപകമാകുമെന്ന ആശങ്കകള്‍ക്കിടെയാണ് ട്രംപിന്റെ നടപടി.

ഫെന്റനൈലിന്റെ കള്ളക്കടത്ത് തടയുന്നതിനാണ് തങ്ങളുടെ താരിഫുകള്‍ ചുമത്തുന്നതെന്ന് വൈറ്റ് ഹൗസ് തറപ്പിച്ചുപറയുന്നു. എന്നാല്‍ ട്രംപ് നിര്‍ദ്ദേശിച്ച നികുതികള്‍ പതിറ്റാണ്ടുകള്‍ പഴക്കമുള്ള വടക്കേ അമേരിക്കന്‍ വ്യാപാര പങ്കാളിത്തത്തില്‍ വലിയ മുറിവുണ്ടാക്കി. ട്രംപിന്റെ താരിഫ് പദ്ധതികള്‍ ഓഹരി വിപണിയെ തകര്‍ക്കുകയും യുഎസ് ഉപഭോക്താക്കളെ ആശങ്കാകുലരാക്കുകയും ചെയ്തു.

ഏപ്രില്‍ 2 മുതല്‍ പരസ്പര താരിഫുകള്‍ ഏര്‍പ്പെടുത്താന്‍ താന്‍ ഇപ്പോഴും പദ്ധതിയിടുന്നുണ്ടെന്ന് ഓവല്‍ ഓഫീസില്‍ സംസാരിക്കവെ അദ്ദേഹം ഊന്നിപ്പറഞ്ഞു. ഏപ്രില്‍ രണ്ടാം തീയതി മുതല്‍ മിക്ക താരിഫുകളും പ്രാബല്യത്തില്‍ വരുമെന്ന് ഉത്തരവുകളില്‍ ഒപ്പിടുന്നതിനുമുമ്പ് ട്രംപ് പറഞ്ഞു.

ട്രംപ് ഒപ്പുവച്ച ഉത്തരവുകള്‍ പ്രകാരം, 2020 ലെ വ്യാപാര ഉടമ്പടി പാലിക്കുന്ന മെക്‌സിക്കോയില്‍ നിന്നുള്ള ഇറക്കുമതികള്‍ ഒരു മാസത്തേക്ക് 25 ശതമാനം താരിഫില്‍ നിന്ന് ഒഴിവാക്കപ്പെടും. വ്യാപാര കരാറിന് അനുസൃതമായി കാനഡയില്‍ നിന്നുള്ള ഓട്ടോ-അനുബന്ധ ഇറക്കുമതികള്‍ ഒരു മാസത്തേക്ക് 25 ശതമാനം താരിഫ് ഒഴിവാക്കും. അതേസമയം യുഎസ് കര്‍ഷകര്‍ കാനഡയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പൊട്ടാഷിന് 10 ശതമാനം താരിഫ് ചുമത്തും. ട്രംപ് കനേഡിയന്‍ ഊര്‍ജ്ജ ഉല്‍പ്പന്നങ്ങള്‍ക്ക് ചുമത്താന്‍ ആഗ്രഹിക്കുന്ന അതേ നിരക്കാണിത്.

കാനഡയില്‍ നിന്നുള്ള ഏകദേശം 62 ശതമാനം ഇറക്കുമതികളും വ്യാപാര കരാറിന് അനുസൃതമല്ലാത്തതിനാല്‍ പുതിയ താരിഫ് നേരിടേണ്ടിവരുമെന്ന് സൂചനയുണ്ട്.

ഏപ്രില്‍ 2 വരെ യുഎസും മെക്‌സിക്കോയും തമ്മിലുള്ള എല്ലാ വ്യാപാരത്തെയും താരിഫുകളില്‍ നിന്ന് ഒഴിവാക്കുമെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ് ഷെയിന്‍ബോം പറഞ്ഞു. കുടിയേറ്റം, സുരക്ഷ എന്നിവയില്‍ ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും യുഎസിലേക്കുള്ള ഫെന്റനൈല്‍ കടത്ത് കുറയ്ക്കുമെന്നും അവര്‍ പറഞ്ഞു.