image

21 Aug 2023 7:05 AM

World

ഇന്ത്യക്കെതിരേ സ്വരം കടുപ്പിച്ച് ട്രംപ്; അധികാരത്തിലെത്തിയാല്‍ പ്രതികാര നികുതി

Sandeep P S

Trump against India; would impose reciprocal tax if voted to power
X

Summary

  • നേരത്തേ ട്രംപ് ഇന്ത്യയെ "താരിഫ് രാജാവ്" എന്ന് വിശേഷിപ്പിച്ചിരുന്നു
  • ട്രംപ് 2024ലെ തെരഞ്ഞെടുപ്പിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായേക്കും


ചില അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക്, ഇന്ത്യയിൽ ഉയർന്ന നികുതി ചുമത്തുന്നതിനെതിരേ വീണ്ടും ശബ്ദമുയര്‍ത്തി മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലൂടെ താൻ അധികാരത്തിൽ തിരിച്ചെത്തിയാല്‍ ഇതിന് എതിരായ നികുതി ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളില്‍ ചുമത്തുമെന്ന ഭീഷണയും ട്രംപ് ഉയര്‍ത്തിയിട്ടുണ്ട്. പ്രത്യേകിച്ച് ഹാർലി-ഡേവിഡ്‌സൺ മോട്ടോർസൈക്കിളുകൾക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയ നികുതിയാണ് ട്രംപിനെ പ്രകോപിപ്പിക്കുന്നത്.

നേരത്തേ യുഎസ് പ്രസിഡന്റായിരിക്കെ, ട്രംപ് ഇന്ത്യയെ "താരിഫ് രാജാവ്" എന്ന് വിശേഷിപ്പിച്ചിരുന്നു. മുൻഗണനാ വിപണി പ്രവേശനം നല്‍കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് , 2019 മെയ് മാസത്തിൽ ട്രംപ് ഭരണകൂടം ഇന്ത്യയെ നീക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ വിപണിയില്‍ സമാനവും ന്യായയുക്തവുമായ പ്രവേശനം യുഎസിന് ലഭിക്കുന്നില്ലെന്ന് ആരോപിച്ചുകൊണ്ടായിരുന്നു ഇത്.

കഴിഞ്ഞ ദിവസം നല്‍കിയ ഒരു അഭിമുഖത്തിലാണ് ഇന്ത്യയുടെ നികുതി നിരക്കുകൾ വളരെ ഉയർന്നതാണെന്ന് ട്രംപ് ആരോപിച്ചത്. "അവർക്ക് ഇന്ത്യയില്‍ നിര്‍മിക്കുന്ന ഒരു ബൈക്ക് നികുതിയും താരിഫും കൂടാതെ നമ്മുടെ രാജ്യത്തേക്ക് വിൽക്കാൻ കഴിയും, എന്നാൽ നിങ്ങൾ ഒരു ഹാർലി നിർമ്മിക്കുമ്പോൾ, നിങ്ങൾ അത് അയയ്ക്കുമ്പോൾ അവിടെ താരിഫ് വളരെ ഉയർന്നതാണ്, ആരും അത് ആഗ്രഹിക്കുന്നില്ല. നമ്മള്‍ അവിടെപ്പോയി പ്ലാന്‍റ് നിര്‍മിക്കണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്, അപ്പോൾ നിങ്ങൾക്ക് താരിഫ് ഇല്ല," ട്രംപ് പറഞ്ഞു.

"ഇന്ത്യ നമ്മളോട് നിരക്ക് ഈടാക്കുന്നുവെങ്കിൽ, ഞാന്‍ ചെയ്യാന്‍ ആ ഗ്രഹിക്കുന്നതിനെ നിങ്ങള്‍ക്ക് പ്രതികാരം എന്ന് വിളിക്കാം, അതിനെ നിങ്ങൾക്ക് എന്ത് വേണമെങ്കിലും വിളിക്കാം. അവർ നമ്മളോട് നിരക്ക് ഈടാക്കുകയാണെങ്കിൽ, തിരിച്ച് നമ്മളും അവരിൽ നിന്ന് പണം ഈടാക്കും," ഒരു ചോദ്യത്തിന് മറുപടിയായി ട്രംപ് പറഞ്ഞു.

നിരവധി കോടതി കേസുകളും കുറ്റാരോപണങ്ങളും നേരിടുന്ന 77 കാരനായ ട്രംപ് 2024 ലെ തെരഞ്ഞെടുപ്പിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാകുമെന്നാണ് വിവരം.