19 July 2023 2:38 PM IST
Summary
- പ്രഖ്യാപിക്കപ്പെട്ടത് ബ്രിട്ടനിലെ ഏറ്റവും വലിയ ജിഗാ ഫാക്റ്ററി
- 4000 തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി
- ഇവി മേഖലയില്‍ വലിയ വിപൂലീകരണം ലക്ഷ്യമിട്ട് ടാറ്റ മോട്ടോര്‍സ്
ബ്രിട്ടനിൽ ഇലക്ട്രിക് വാഹന ബാറ്ററി പ്ലാന്റ് നിർമ്മിക്കുമെന്ന് ടാറ്റ ഗ്രൂപ്പ് പ്രഖ്യാപിച്ചു . ഇന്ത്യയ്ക്ക് പുറത്തുള്ള ടാറ്റയുടെ ആദ്യ ജിഗാഫാക്‌ടറിക്കായി 4 ബില്യൺ പൗണ്ട് (5.2 ബില്യൺ ഡോളർ) നിക്ഷേപം നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. ബ്രിട്ടനിലെ ഇ -വാഹന വ്യവസായത്തിന് വലിയ ഉത്തേജനം നല്‍കുന്നതാണ് ഈ പദ്ധതിയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് പ്രതികരിച്ചു. എന്നാല്‍ കരാറിന്റെ ഭാഗമായി എന്ത് പിന്തുണയാണ് പ്ലാന്‍റ് സ്ഥാപിക്കുന്നതിന് കമ്പനിക്ക് നൽകുന്നത് എന്ന് സര്‍ക്കാര്‍ വിശദീകരിച്ചിട്ടില്ല.
"യുകെയിലെ ശക്തമായ കാർ നിർമ്മാണ വ്യവസായത്തിന്റെയും അതിലെ തൊഴിലാളികളുടെ വൈദഗ്ധ്യത്തിന്‍റെയും തെളിവാണ് ടാറ്റയുടെ ഈ നിക്ഷേപം," സുനക് പ്രസ്താവനയിൽ പറഞ്ഞു. കാര്‍ബണ്‍ പുറംതള്ളല്‍ കുറയ്ക്കുന്നതിനായി, 2030 മുതൽ പുതിയ പെട്രോൾ, ഡീസൽ കാറുകൾ വിൽക്കുന്നത് നിരോധിക്കുന്നത് ഉള്‍പ്പടെയുള്ള ലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ള തന്‍റെ സർക്കാരിന്റെ വിജയമായാണ് പുതിയ പ്ലാന്‍റിന്‍റെ വരവിനെ അദ്ദേഹം അവതരിപ്പിക്കുന്നത്. ബ്രിട്ടനിലെ ഇതുവരെയുള്ള ഏറ്റവും വലിയ ജിഗാഫാക്റ്ററിയാണ് ടാറ്റ പ്രഖ്യാപിച്ചിട്ടുള്ളത്. ജിഗാഫാക്‌ടറി എന്നത് ഇലക്ട്രിക് വാഹനങ്ങൾക്കായി വലിയ തോതിൽ ബാറ്ററികൾ നിർമ്മിക്കുന്ന ഫാക്റ്ററികളെ സൂചിപ്പിക്കുന്ന ഒരു പൊതു പദമാണ്.
4,000 തൊഴിലവസരങ്ങൾ ഫാക്റ്ററിയിലൂടെ ടാറ്റ ബ്രിട്ടനില്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിനു പുറമേ വിതരണ ശൃംഖലയിലെ കൂടുതൽ നിയമനങ്ങള്‍ക്കും ഈ നിക്ഷേപം വഴി തുറക്കും. നേരത്തേ ബ്രിട്ടനു പുറമേ സ്പെയ്നിനെയും പുതിയ ഫാക്റ്ററിക്കായി ടാറ്റ പരിഗണിച്ചിരുന്നു. എന്നാല്‍ യുകെയിലെ സാന്നിധ്യം വിപുലീകരിക്കുകയാകും ഈ ഘട്ടത്തില്‍ ഉചിതമെന്ന തീരുമാനത്തില്‍ എത്തിച്ചേരുകയായിരുന്നു. തന്ത്രപ്രധാനമായ ഈ നിക്ഷേപത്തിലൂടെ ടാറ്റ ഗ്രൂപ്പ് യുകെയോടുള്ള പ്രതിബദ്ധത കൂടുതൽ ശക്തിപ്പെടുത്തുന്നുവെന്ന് ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ പ്രസ്താവനയിൽ പറഞ്ഞു.
ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ബാറ്ററികള്‍ പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുന്നത് വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ബ്രിട്ടന്‍. കാരണം കാർ നിര്‍മാണ ഫാക്ടറികൾക്ക് ആവശ്യമുള്ള ഹെവി ബാറ്ററികള്‍ ഏറ്റവും സമീപത്തു തന്നെ ലഭ്യമാകുന്നതാണ് സൗകര്യപ്രദം. ബ്രെക്‌സിറ്റിനു (യൂറോപ്യന്‍ യൂണിയനില്‍ നിന്ന് യുകെ പുറത്തുകടക്കുന്നത്) ശേഷമുള്ള വ്യാപാര നിയമങ്ങൾ പാലിക്കുന്നതില്‍ വാഹന നിര്‍മാതാക്കളെ സഹായിക്കുന്നതു കൂടി കണക്കിലെടുത്താണ് ആഭ്യന്തര ബാറ്ററി ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നത്. 2024 മുതൽ യുകെ-ഇയു വ്യാപാരത്തിന് വിവിധ താരിഫുകൾ നിലവില്‍ വരികയാണ്.
ഇലക്‌ട്രിക് വാഹന രംഗത്ത് തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുന്നതിന് ആക്രമണാത്മക പദ്ധതിയാണ് ടാറ്റ മോട്ടോഴ്‌സ് ആവിഷ്‌കരിച്ചിട്ടുള്ളത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ, ടാറ്റ മോട്ടോഴ്‌സ് യൂണിറ്റായ ജാഗ്വാർ ലാൻഡ് റോവർ, ഇവി ബിസിനസിൽ 15 ബില്യൺ പൗണ്ട് നിക്ഷേപിക്കുമെന്നാണ് നേരത്തേ പ്രഖ്യാപിച്ചിട്ടുള്ളത് .ഈ വർഷാവസാനം പുറത്തിറക്കുന്ന ഇലക്ട്രിക് റേഞ്ച് റോവർ ഉൾപ്പെടെ രണ്ടു വര്‍ഷത്തില്‍ മൂന്ന് ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കാനാണ് കമ്പനിയുടെ പദ്ധതി. 2025ൽ റേഞ്ച് റോവർ സീരീസിൽ ഒരു മിഡ്-സൈസ് ഓൾ-ഇലക്ട്രിക് എസ്‌യുവിയും ജെഎൽആർ അവതരിപ്പിക്കും.
ജെഎൽആറിന്റെ ബാലൻസ് ഷീറ്റും വരുമാനവും വരും വര്‍ഷങ്ങളില്‍ മെച്ചപ്പെടുത്താൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ടാറ്റ മോട്ടോഴ്‌സ്. 2026 സാമ്പത്തിക വർഷത്തോടെ ഇരട്ട അക്ക എബിറ്റ് മാർജിനിലേക്ക് ജെഎല്‍ആര്‍-നെ എത്തിക്കുന്നതിനാണ് ശ്രമം നടക്കുന്നത്.
ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരികൾ ഉച്ചയ്ക്ക് 2:29ലെ നില അനുസരിച്ച് 1.36 ശതമാനം ഉയര്‍ന്ന് 620.40 രൂപയിലാണ് എന്‍എസ്ഇ-യില്‍ വ്യാപാരം നടക്കുന്നത്. ഈ വര്‍ഷത്തില്‍ ഇതുവരെ ഏകദേശം 61 ശതമാനം ഉയര്‍ച്ചയാണ് ഈ ഓഹരിയുടെ മൂല്യത്തില്‍ ഉണ്ടായത്.