12 Oct 2023 10:48 AM IST
Summary
- എഫ്ടിഎ ഈ മാസാവസാനം ഒപ്പിട്ടേക്കും
- വ്യാപാര കരാറിലെ 26 ചാപ്റ്ററുകളില്‍ 24 എണ്ണത്തിലും ധാരണയായി
ഒക്ടോബര്‍ 29 ന് ലക്നോയില്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന ലോകകപ്പ് ക്രിക്കറ്റ് മത്സരം കാണാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് എത്തിയേക്കും.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ക്കായി ഒക്ടോബര്‍ അവസാനം ഋഷി സുനക് ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ടിരിക്കുന്നതായാണ് നിലവില്‍ ലഭിക്കുന്ന സൂചനകള്‍. എന്നാല്‍ സന്ദര്‍ശനം സംബന്ധിച്ച് ഇരു രാജ്യങ്ങളും ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. എങ്കിലും 28 -ന് കരാർ ഒപ്പിട്ടേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
നിര്‍ദിഷ്ട വ്യാപാര കരാറിലെ 26 ചാപ്റ്ററുകളില്‍ 24 എണ്ണത്തിലും ഇരു രാജ്യങ്ങളും ധാരണയിലെത്തിയതായാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ ന്യൂഡല്‍ഹിയില്‍ 14-ാം റൗണ്ട് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. അവശേഷിക്കുന്ന പ്രശ്‌നങ്ങളിലും സമവായത്തിലെത്തിയാല്‍ താല്‍ക്കാലികമായി ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന സന്ദര്‍ശനവുമായി സുനക് മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ മാസം ജി 20 ഉച്ചകോടിക്കായി ന്യൂഡെല്‍ഹിയില്‍ എത്തിയ സുനക്, സ്വതന്ത്ര വ്യാപാര കരാറിനായി (എഫ്ടിഎ) പ്രവര്‍ത്തിക്കുന്നതിനുള്ള ഉഭയകക്ഷി യോഗത്തിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ധാരണയിലെത്തിയിരുന്നു.
ഇന്ത്യാ സന്ദര്‍ശനത്തിനുള്ള മോദിയുടെ ക്ഷണം സുനക് സ്വീകരിക്കുകയും ചെയ്തു.
മിക്ക വിഷയങ്ങളിലും അഭിപ്രായസമന്വയിത്തില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ ഏതാനും ചില തര്‍ക്കവിഷയങ്ങള്‍ കരാറിനെ പിടിച്ചുനിര്‍ത്തുന്നു. പാലുല്‍പ്പന്നങ്ങള്‍, ഇലക്ട്രിക് വാഹനങ്ങള്‍, സ്‌കോച്ച് വിസ്‌കി തുടങ്ങിയവ ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ പ്രവേശിപ്പിക്കുവാനാണ് യുകെ ശ്രമിക്കുന്നത്. ഇന്ത്യന്‍ ഭാഗത്ത്, ഉല്‍പ്പന്നങ്ങളുടെ ഉത്ഭവ നിയമങ്ങളും പ്രൊഫഷണലുകള്‍ക്കുള്ള മൊബിലിറ്റിയും ആശങ്കകളില്‍ ഉള്‍പ്പെടുന്നു.
പ്രതിവര്‍ഷം ഇന്ത്യക്കാര്‍ക്ക് നല്‍കുന്ന 100,000 തൊഴില്‍ വിസകള്‍ക്കപ്പുറത്തേക്ക് പോകാന്‍ യുകെ വിമുഖത കാണിക്കുകയാണ്. എന്നാല്‍ വിവിധ മേഖലകളിലെ വിദഗ്ധ തൊഴിലാളികള്‍ക്ക് ദീര്‍ഘകാല വിസ ആവശ്യമില്ലെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടുന്നു.
തൊഴില്‍ മാനദണ്ഡങ്ങള്‍, സുസ്ഥിര ബിസിനസ് രീതികള്‍ എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകളില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും, ചില കാര്യങ്ങള്‍ക്ക് രാഷ്ട്രീയ തലത്തിലുള്ള ഇടപെടലുകള്‍ ആവശ്യമായി വന്നേക്കാം. ഇത്തവണ ഇതിനെല്ലാം പരിഹാരം കണ്ട് കാര്യങ്ങള്‍ നടക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.