image

14 July 2023 6:08 AM

World

താരങ്ങള്‍ സമരത്തില്‍; ഹോളിവുഡ് സ്തംഭിച്ചു

MyFin Desk

hollywood are on strike
X

Summary

  • ഐക്യദാർഢ്യം പ്രഖ്യാപിച്ച് വന്‍ ചിത്രങ്ങളുടെ അണിയറ പ്രവര്‍ത്തകര്‍
  • എഐ ഉയര്‍ത്തുന്ന ഭീഷണിയില്‍ താരലോകത്തിനും ആശങ്ക
  • ഡിസ്‍നി, നെറ്റ്ഫ്ളിക്സ് ആസ്ഥാനങ്ങള്‍ക്കു മുന്നില്‍ പ്രതിഷേധം


പതിനായിരക്കണത്തിന് താരങ്ങള്‍ സമരത്തിലേക്ക് നീങ്ങിയതോടെ ഹോളിവുഡിലെ സിനിമാ നിര്‍മാണവും ടെലിവിഷന്‍ ബിസിനസും നിലച്ചു. 63 വര്‍ഷത്തിനിടെ ആദ്യമായി ഹോളിവുഡിനെ ഒട്ടാകെ ബാധിച്ച സമരത്തിന് ഇന്നലെ രാത്രിയോടെയാണ് തുടക്കമായത്. നടീനടന്‍മാര്‍ക്കൊപ്പം എഴുത്തുകാരും പ്രൊഡക്ഷന്‍ ഹൗസുകള്‍ക്കെതിരായ സമരത്തില്‍ അണിചേര്‍ന്നിട്ടുണ്ട്.

സ്റ്റുഡിയോകളുമായി നടത്തിയ ദീര്‍ഘമായ ചര്‍ച്ചകള്‍ക്കൊടുവില്‍ തങ്ങളുടെ ആവശ്യങ്ങളില്‍ ഒരു കരാറിലെത്താന്‍ ആകാതിരുന്നതിനെ തുടര്‍ന്നാണ് സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ് (SAG-AFTRA) സമരത്തിലേക്ക് നീങ്ങിയത്. വേതനം കുറയുന്ന സാഹചര്യവും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉയർത്തിയ ഭീഷണിയും പരിഹരിക്കണമെന്നാണ് തൊഴിലാളി സംഘടന ആവശ്യപ്പെട്ടിട്ടുള്ളത്. "ഇത് ചരിത്രത്തിന്റെ ഒരു നിമിഷമാണ്, സത്യത്തിന്റെ ഒരു നിമിഷമാണ്. നമ്മൾ ഇപ്പോൾ തലയുയർത്തി നിന്നില്ലെങ്കിൽ, നാമെല്ലാവരും കുഴപ്പത്തിലാകും," SAG-AFTRA പ്രസിഡന്റ് ഫ്രാൻ ഡ്രെഷർ സമരം പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു, യൂണിയൻ ബോർഡ് ഏകകണ്ഠമായാണ് സമരം ചെയ്യാനുള്ള തീരുമാനത്തില്‍ എത്തിയത്.

"ഞങ്ങൾ ഇവിടെ ഇരകളാണ്. അത്യാഗ്രഹികളായ ഒരു സ്ഥാപനത്തിന്റെ ഇരകളാണ് ഞങ്ങൾ, ഞങ്ങൾ ബിസിനസ്സിൽ ഏർപ്പെട്ടിരുന്ന ആളുകൾ ഞങ്ങളോട് പെരുമാറുന്ന രീതി എന്നെ ഞെട്ടിച്ചു." ഡ്രെഷര്‍ വിവരിച്ചു. സ്ട്രീമിംഗ് പ്ലാറ്റ്‍ഫോമുകളുടെ വളര്‍ച്ചയോടെ ശമ്പളം ഗണ്യമായി കുറയുന്നുവെന്ന് യൂണിയന്‍ ചൂണ്ടിക്കാണിക്കുന്നു. നിര്‍മിതബുദ്ധിയുടെ വളര്‍ച്ച സര്‍ഗാത്മകമായ തൊഴിലുകള്‍ക്ക് അസ്തിത്വപരമായ ഭീഷണി ഉയർത്തുന്നുവെന്ന മുന്നറിയിപ്പും ഇവര്‍ നൽകുന്നുണ്ട്. "നമ്മളെല്ലാം യന്ത്രങ്ങളും വൻകിട ബിസിനസുകാരും ചേര്‍ന്ന് എടുത്തുമാറ്റുമെന്ന ഭീഷണിയെ നേരിടുന്നുണ്ട്," ഡ്രെഷര്‍ കൂട്ടിച്ചേര്‍ത്തു.

പണിമുടക്ക് ഔപചാരികമായി വെള്ളിയാഴ്ച രാവിലെ മുതലാണ് പ്രാബല്യത്തിൽ വന്നത്. 1960ന് ശേഷമുള്ള ആദ്യത്തെ ഹോളിവുഡ് ഡബിൾ സ്ട്രൈക്കാണ് ഇത്. സമാനമായ ആവശ്യങ്ങൾ നിറവേറ്റപ്പെടാത്തതിനെ തുടർന്ന് എഴുത്തുകാർ ഇതിനകം 11 ആഴ്ചകളായി ഡിസ്നി, നെറ്റ്ഫ്ലിക്സ് തുടങ്ങിയ കമ്പനികളുടെ ആസ്ഥാനത്തിന് പുറത്ത് പ്രതിഷേധിക്കുകയാണ്. മിക്കവാറും എല്ലാ പ്രൊഡക്ഷനുകളും ഫിലിം സെറ്റുകളും അടച്ചുപൂട്ടിയതോടെ, ഹോളിവുഡില്‍ ജനപ്രിയ ടെലിവിഷൻ പരമ്പരകൾ നീണ്ടകാലം മുടങ്ങുമെന്ന് വ്യക്തമായിരിക്കുകയാണ്.

മൂവി സ്റ്റുഡിയോകളും തങ്ങളുടെ കലണ്ടറുകൾ പുനഃക്രമീകരിക്കാൻ തുടങ്ങിയിട്ടുണ്ട്, സമരം നീണ്ടു പോയാൽ, പ്രധാന സിനിമകളുടെ റിലീസുകളും മാറ്റിവെക്കപ്പെടാം. ഹോളിവുഡ് സിനിമാ വ്യവസായത്തെ സംബന്ധിച്ച് ഏറ്റവും പ്രധാനമായ സമ്മർ ബ്ലോക്ക്ബസ്റ്റർ സീസണ്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഈ വർഷത്തെ ഏറ്റവും വലിയ റിലീസുകള്‍ ഉടന്‍ വരാനിരിക്കെ ഇവയുടെ പ്രചാരണത്തില്‍ നിന്ന് താരങ്ങള്‍ വിട്ടുനില്‍ക്കുന്നതാകും സമരം മൂലം ഉടനടി ഉണ്ടാകുന്ന വലിയ പ്രത്യാഘാതം.

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ചിത്രമായ ഓപ്പൺഹൈമറിന്റെ അണിയറപ്രവർത്തകർ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലണ്ടൻ പ്രീമിയറിൽ നിന്ന് ഇറങ്ങിപ്പോയി. "വ്യവസായത്തെ സംബന്ധിച്ച് ഇത് ഒരു നിർണായക സമയമാണെന്ന് ഞങ്ങൾക്കറിയാം, ഉന്നയിക്കപ്പെടുന്ന പ്രശ്നങ്ങൾ അഭിസംബോധന ചെയ്യേണ്ടതുണ്ട് , ചര്‍ച്ചകള്‍ കടുപ്പമുള്ളതാകാം," പണിമുടക്ക് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് ബ്രിട്ടീഷ് നടൻ കെന്നത്ത് ബ്രനാഗ് പറഞ്ഞു.

ഏകദേശം 160,000 അഭിനേതാക്കളെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് SAG-AFTRA. ടെലിവിഷൻ പരമ്പരകളിൽ ചെറിയ വേഷങ്ങൾ ചെയ്യുന്നവര്‍ മുതല്‍ മെറിൽ സ്ട്രീപ്പ്, ജെന്നിഫർ ലോറൻസ്, ഗ്ലെൻ ക്ലോസ് തുടങ്ങിയ എ-ലിസ്റ്റ് താരങ്ങള്‍ വരെ സംഘടനയില്‍ ഉള്‍പ്പെടുന്നു. ഇതിനു മുമ്പ് 1980ലാണ് സംഘടന സമരത്തിലേക്ക് നീങ്ങിയത്. അത് മൂന്നുമാസത്തോളം നീണ്ടുനിന്നു. ഇത്തവണ സ്റ്റുഡിയോകളുമായി അനുകൂലമായ കരാര്‍ സൃഷ്ടിക്കാനായില്ലെങ്കില്‍ സമരത്തിലേക്ക് നീങ്ങുന്നതിന് സംഘടനയില്‍ 98 ശതമാനം അംഗങ്ങളും മുന്‍കൂറായി വോട്ടെടുപ്പിലൂടെ അനുമതി നല്‍കിയിരുന്നു.

ശമ്പളം വെട്ടിക്കുറച്ചതിനു പുറമേ, തങ്ങള്‍ അഭിനയിച്ച വിജയകരമായ ഷോകളോ സിനിമകളോ ടെലിവിഷനിൽ വീണ്ടും പ്രദർശിപ്പിക്കുമ്പോൾ ലഭിച്ചിരുന്ന പേയ്‌മെന്റുകൾ ഇല്ലാതായെന്നും അഭിനേതാക്കള്‍ പറയുന്നു. സ്ട്രീമർമാർ തങ്ങളുടെ പ്രേക്ഷകരുടെ കണക്കുകൾ വെളിപ്പെടുത്താൻ വിസമ്മതിക്കുന്നതാണ് ഇതിലേക്ക് നയിച്ചത്.

അഭിനേതാക്കൾക്ക് "ചരിത്രപരമായ" വേതന വർദ്ധനയും എഐ നടപ്പാക്കലിനായുള്ള ഒരു ഗംഭീര നിര്‍ദേശവും മുന്നോട്ടുവെച്ചുവെന്നാണ് അലയൻസ് ഓഫ് മോഷൻ പിക്ചർ ആൻഡ് ടെലിവിഷൻ പ്രൊഡ്യൂസേഴ്‌സ് വിശദീകരിക്കുന്നത്.