19 Jan 2024 10:35 AM
Summary
- ദൂരം കൂടിയ റൂട്ടുകള്‍ തെരഞ്ഞെടുക്കുന്നതുകാരണം ഭക്ഷ്യവസ്തുക്കള്‍ കേടാകുന്നു
- കാര്‍ഷികോല്‍പ്പന്നങ്ങളുടെയും മാംസത്തിന്റെയും വില ക്രമേണ വര്‍ധിക്കുന്നു
- പഴവര്‍ഗങ്ങളുടെ വ്യാപാരവും പ്രതിസന്ധിയില്‍
ചെങ്കടല്‍ പ്രതിസന്ധി അന്താരാഷ്ട്ര ഭക്ഷ്യ വ്യാപാരത്തിന് ഭീഷണിയായി. ഇത് സമീപ ഭാവിയില്‍ത്തന്നെ ഭക്ഷ്യ വിലക്കയറ്റത്തിന് വഴിവെക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
ചെങ്കടല്‍ പാത ഒഴിവാക്കി ആഫ്രിക്കയെ ചുറ്റിപ്പോകുന്ന കപ്പലുകളില്‍ ഭക്ഷ്യവസ്തുക്കള്‍ നിറച്ചവയും ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍ ഗ്യാസ്, ഓയില്‍, കണ്‍സ്യൂമര്‍ ഗുഡ്സ് ചരക്കുകള്‍ എന്നിവയെ ബാധിച്ചിരിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായി, ദൈര്‍ഘ്യമേറിയ ഷിപ്പിംഗ് സമയം നശിക്കുന്ന ഭക്ഷണങ്ങളെ വില്‍ക്കാന്‍ കഴിയാത്തതാക്കുന്നു.
ഭക്ഷ്യവ്യവസായത്തിന് കനത്ത തിരിച്ചടിയാണ് ചെങ്കടലിലെ ആക്രമണങ്ങള്‍. കിവി, സിട്രസ് പഴങ്ങള്‍ വഴിയില്‍ കേടാകുമെന്ന് കയറ്റുമതിക്കാര്‍ തന്നെ ഭയപ്പെടുന്നു. ചൈനീസ് ഇഞ്ചിക്ക് വില വര്‍ധിക്കുകയാണ്. ചില ആഫ്രിക്കന്‍ കാപ്പി ചരക്കുകള്‍ വൈകിയാണ് എത്തുന്നത്.
സൂയസ് കനാലില്‍ നിന്ന് ധാന്യങ്ങളും വഴിതിരിച്ചുവിടുകയാണ്. ഭക്ഷ്യ വിതരണ ശൃംഖലകള്‍ എത്രത്തോളം ദുര്‍ബലമാകുമെന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണിത്.
ചെങ്കടലിലെ അരാജകത്വം കാപ്പിയില്‍ നിന്ന് പഴങ്ങളിലേക്കുള്ള ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി തടസ്സപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു. 'എല്ലാവരും ഇവിടെ പരാജിതരാണ്,' പ്രമുഖ ഇന്ത്യന്‍ മുന്തിരി കയറ്റുമതിക്കാരനായ യൂറോ ഫ്രൂട്ട്സിന്റെ മാനേജിംഗ് ഡയറക്ടര്‍ നിതിന്‍ അഗര്‍വാള്‍ പറഞ്ഞു. കമ്പനി സാധാരണയായി ചെങ്കടല്‍ വഴി യൂറോപ്പിലേക്ക് കപ്പലുകള്‍ അയയ്ക്കുന്നു. എന്നാല്‍ ഇപ്പോള്‍ ചരക്ക് അയക്കുന്നതിന് ദൈര്‍ഘ്യമേറിയ പാതയാണ് ഉപയോഗിക്കുന്നത്. ഇത് ചെലവ് നാലിരട്ടിയാക്കുന്നതായും അഗര്‍വാള്‍ പറയുന്നു.
ഇവിടെ മുന്തിരിയുടെ ഗുണനിവാരം കുറയും. മിക്ക യൂറോപ്യന്‍ ഇറക്കുമതിക്കാരും ഇന്ത്യന്‍ മുന്തിരിയുടെ ഉയര്‍ന്ന വില താല്‍ക്കാലികമായി അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ ഉല്‍പ്പന്നങ്ങള്‍ കേടാകാനുള്ള സാധ്യത ഏറെയാണ്.
യൂറോപ്യന്‍ ഫ്രഷ് പ്രൊഡക്സ് അസോസിയേഷന്‍ ഫ്രെഷ്ഫെല്‍ പറയുന്നതനുസരിച്ച് അവര്‍ ഉപയോഗിക്കുന്ന മുന്തിരിയുടെ ഏഴിലൊന്ന് ഇന്ത്യയില്‍ നിന്നാണ്.
ഏകദേശം 4.4 ബില്യണ്‍ ഡോളര്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ ഏഷ്യയിലേക്ക് വില്‍ക്കുന്ന ഇറ്റാലിയന്‍ കയറ്റുമതിക്കാര്‍, ആഫ്രിക്കയില്‍ ചുറ്റിക്കറങ്ങുന്നത് നഷ്ടത്തിനിടയാക്കുമെന്ന് വ്യക്തമാക്കുന്നു. ഇത് ആപ്പിള്‍, കിവി, സിട്രസ് തുടങ്ങിയ പഴങ്ങളുടെ വില വര്‍ധിപ്പിക്കും.
ഷിപ്പിംഗ് പ്രശ്നങ്ങള്‍ യൂറോപ്പിന്റെ പന്നിയിറച്ചി, പാലുല്‍പ്പന്നങ്ങള്‍, വൈന്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയിലും ബാധിക്കുന്നു. ഏകദേശം 1.6 ദശലക്ഷം ടണ്‍ ധാന്യം വഹിച്ച് സൂയസ് കനാലിലേക്ക് പോകുന്ന കപ്പലുകള്‍ മറ്റ് റൂട്ടുകളിലേക്ക് തിരിച്ചുവിട്ടിട്ടുമുണ്ട്.