29 Jan 2024 9:28 AM GMT
Summary
- കപ്പലുകളുടെ യാത്രാ ദൈര്‍ഘ്യം റൂട്ടിംഗ് ഇന്‍ഷുറന്‍സ് ചെലവുകള്‍ വര്‍ദ്ധിപ്പിക്കുകയും റിഫൈനിംഗ് മാര്‍ജിനുകള്‍ കുറയ്ക്കുകയും ചെയ്യും.
- ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഇറക്കുമതിക്കാരാണ് ഇന്ത്യ
- ഇന്ത്യയില്‍ നിന്ന് യുഎസിലേക്കുള്ള ഷിപ്പുകള്‍ക്ക് 10-14 ദിവസങ്ങള്‍ അധികമെടുക്കും
ചെങ്കടല്‍ പ്രതിസന്ധി ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ നീക്കത്തെ ബാധിച്ചില്ലിട്ടെന്ന് ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പുഷ്പ് കുമാര്‍ ജോഷി പറഞ്ഞു. അതേസമയം നിലവില്‍ കോപ് ഓഫ് ഗുഡ് ഹോപ്പ് വഴി, തിരിച്ച് വിടുന്നതിനാല്‍ ചരക്ക് ഗതാഗതം വര്‍ധിച്ചതായി അദ്ദേഹം സൂചിപ്പിച്ചു. നിലവില്‍ റഷ്യന്‍ കപ്പലുകളും ചരക്കുകളും ഹൂതി തീവ്രവാദികളുടെ പ്രധാന ലക്ഷ്യമല്ല. എന്നിരുന്നാലും, സൂയസ് കനാലിലൂടെയും ചെങ്കടലിലൂടെയുള്ള ചരക്ക് നീക്കത്തിന് പകരം ആഫ്രിക്കയുടെ തെക്കേ അറ്റത്തുകൂടി കപ്പലുകള്‍ വഴിതിരിച്ചുവിട്ടത് യാത്രാ സമയം കൂടുതലാക്കിയിട്ടുണ്ട്. കപ്പലുകളുടെ ക്ഷാമത്തിനും, ചരക്ക് ചാര്‍ജില്‍ വര്‍ദ്ധനയ്ക്ക് ഇത് കാരണമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഇറക്കുമതിക്കാരാണ് ഇന്ത്യ. റഷ്യയാണ് ഇന്ത്യയുടെ പ്രധാന വിതരണക്കാര്‍. റഷ്യയുടെ വിതരണത്തിന്റെ ഭൂരിഭാഗവും ചെങ്കടലിലൂടെയാണ് ലഭിക്കുന്നത്. 2023-ലെ ഇന്ത്യയുടെ മൊത്തം ക്രൂഡ് ഇറക്കുമതിയുടെ 35 ശതമാനവും റഷ്യയാണ്. പ്രതിദിനം 1.7 ദശലക്ഷം ബാരലുകളാണ് ഇറക്കുമതി ചെയ്യുന്നത്.
എച്ച്പിസിഎല്‍ ഏപ്രില്‍ പകുതി വരെ ക്രൂഡ് ഓയില്‍ വിതരണം നിര്‍ത്തിയിട്ടുണ്ടെന്നും എന്നാല്‍ വിതരണ തടസ്സങ്ങളൊന്നും ഇല്ലെന്നും ജോഷി പറഞ്ഞു. എച്ച്പിസിഎല്‍ ക്രൂഡ് ഓയില്‍ ആവശ്യത്തിന്റെ 44-45 ശതമാനം നിറവേറ്റുന്നത് സൗദി അറേബ്യ, ഇറാഖ് തുടങ്ങിയ ദേശീയ എണ്ണ കമ്പനികളുമായുള്ള ടേം കരാറിലാണ്. ബാക്കിയുള്ളത് നിലവിലെ മാര്‍ക്കറ്റില്‍ നിന്നും മറ്റുമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
വടക്കന്‍ യെമനില്‍ ഇറാന്‍ പിന്തുണയുള്ള ഹൂതി തീവ്രവാദികളെ യുഎസ് നേതൃത്വത്തിലുള്ള സഖ്യം ആക്രമിച്ചതിനെത്തുടര്‍ന്ന് ഷിപ്പര്‍മാര്‍ ചെങ്കടലും ബാബ് അല്‍-മന്ദാബ് കടലിടുക്കും ഒഴിവാക്കുന്നു. എന്നാല്‍ ഇത് യൂറോപ്പിലേക്കുള്ള ഡീസല്‍ കയറ്റുമതിയെ ബാധിച്ചു. ദൈര്‍ഘ്യമേറിയ യാത്രകള്‍ ഡീസല്‍ കാര്‍ഗോ വിലയെ ബാധിച്ചു, ഇത് 850,000-1 ദശലക്ഷം ഡോളറാണ് വര്‍ധിച്ചത്.
സൂയസ് കനാലിലൂടെ പോകുന്നതിനുപകരം കേപ് ഓഫ് ഗുഡ് ഹോപ്പിലൂടെയുള്ള യാത്ര തിരിച്ചുവിടുന്നതിനാല്‍, ഇന്ത്യയില്‍ നിന്ന് യുഎസിലേക്കുള്ള ഷിപ്പ്മെന്റുകള്‍ക്ക് 10-14 ദിവസങ്ങള്‍ അധികമെടുക്കും, അതേസമയം യൂറോപ്പ്/മെഡിറ്ററേനിയന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കയറ്റുമതിക്ക് 20-25 ദിവസമെടുക്കും.