3 Jun 2023 4:29 AM GMT
Summary
- റഷ്യ, ഇറാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവരുമായാണ് പരീക്ഷണ വ്യാപാരം
- സ്വകാര്യ സംരംഭകരെ നികുതിദായകരാക്കുകയും ലക്ഷ്യം
- വായ്പകള്‍ അടയ്ക്കുന്നതിനും പേയ്മെന്റ് ബാലന്‍സ് നിറവേറ്റുന്നതിനും വേണ്ടത് 30-35 ബില്യണ്‍ ഡോളര്‍
അതിവേഗം കുറയുന്ന വിദേശ കരുതല്‍ ശേഖരത്തില്‍ വര്‍ദ്ധിച്ചുവരുന്ന സമ്മര്‍ദ്ദം ലഘൂകരിക്കുന്നതിനായി ബാര്‍ട്ടര്‍ വ്യാപാരവുമായി പാക്കിസ്ഥാന്‍. തെരഞ്ഞെടുത്ത ചില സാധനങ്ങള്‍ക്കായി റഷ്യ, ഇറാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളുമായാണ് ഇസ്ലാമബാദ് ഈ പരീക്ഷണം നടത്തുന്നത്.
നിലവില്‍ രാജ്യത്തെ പണപ്പെരുപ്പം ക്രമാതീതമായി ഉയരുകയും സാമ്പത്തിക തകര്‍ച്ച നേരിടുകയുമാണ് പാക്കിസ്ഥാന്‍. ബാര്‍ട്ടര്‍ വ്യാപാരം സംബന്ധിച്ച് അവരുടെ വാണിജ്യ മന്ത്രാലയം സ്റ്റാറ്റിയൂട്ടറി റെഗുലേറ്ററി ഓര്‍ഡര്‍ (എസ്ആര്‍ഒ) പുറപ്പെടുവിച്ചു. നടപടിക്രമങ്ങള്‍ വിശദീകരിക്കുന്ന ഈ പ്രഖ്യാപനത്തില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതും സ്വകാര്യവുമായ സംരംഭങ്ങളെ ചരക്കുകള്‍ കൈമാറ്റം ചെയ്തുള്ള വ്യാപാരത്തില്‍ ഏര്‍പ്പെടാന്‍ അനുവദിക്കുന്നു.
ഫെഡറല്‍ ബോര്‍ഡ് ഓഫ് റവന്യൂ (എഫ്ബിആര്‍) മുഖേന അവരെ സജീവ നികുതി ദായകരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്വകാര്യ സംരംഭങ്ങളെ സജീവമായി ലിസ്റ്റുചെയ്യുന്നത്.
വ്യാപാരം ആരംഭിക്കുന്നതിന് അംഗീകൃത ഏജന്റുമാര്‍ എഫ്ബിആറിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി അപേക്ഷകള്‍ സമര്‍പ്പിക്കുമെന്ന് പ്രഖ്യാപനത്തില്‍ പറയുന്നു.
നിലവിലുള്ള ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓഫീസ് (ഐപിഒ), എക്സ്പോര്‍ട്ട് പ്രമോഷന്‍ ഓഫീസ് (ഇപിഒ) ചട്ടങ്ങള്‍ക്കും ഉത്തരവില്‍ വ്യക്തമാക്കിയ വ്യവസ്ഥകള്‍ക്കും അനുസൃതമായി അപേക്ഷ ഒരു അവലോകനത്തിനും പരിശോധനയ്ക്കും വിധേയമാക്കും.
അപേക്ഷ ആവശ്യമായ ആവശ്യകതകള്‍ നിറവേറ്റുന്നുവെങ്കില്‍, റെഗുലേറ്ററി കളക്ടറേറ്റ് ഓഫ് കസ്റ്റംസിന് അംഗീകാരം നല്‍കാം. തുടര്‍ന്ന്, അപേക്ഷകന്റെ ദേശീയ നികുതി നമ്പറുമായി(എന്‍ടിഎന്‍) ലിങ്ക് ചെയ്യുന്ന ഒരു അംഗീകൃത നമ്പര്‍ സൃഷ്ടിക്കും.
ഇതുവഴി പാക്കിസ്ഥാന് അവശ്യ സാധനങ്ങള്‍ കയറ്റുമതി ചെയ്യാന്‍ കഴിയുമെന്ന് അവരുടെ വാണിജ്യ മന്ത്രാലയം പ്രതീക്ഷിക്കുന്നു.
ശസ്ത്രക്രിയക്കുവേണ്ട ഉല്‍പ്പന്നങ്ങളും കായിക ഉപകരണങ്ങളും കയറ്റുമതി ചെയ്യുന്നതിനുള്ള അവസരവും പ്രഖ്യാപനം എടുത്തുകാണിക്കുന്നു.
ബാര്‍ട്ടര്‍ സമ്പ്രദായത്തിന് കീഴിലുള്ള ഇറക്കുമതിയുടെ കാര്യത്തില്‍, പാക്കിസ്ഥാന്‍ റഷ്യയില്‍ നിന്ന് ഗോതമ്പ്, പയര്‍വര്‍ഗ്ഗങ്ങള്‍, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ എന്നിവ വാങ്ങും. അവിടെനിന്ന് രാസവളങ്ങളും ടെക്‌സ്‌റ്റൈല്‍ മെഷിനറികളും ഇറക്കുമതി ചെയ്യും.
അയല്‍ രാജ്യങ്ങളായ ഇറാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവര്‍ എണ്ണ വിത്തുകള്‍, ധാതുക്കള്‍, പരുത്തി, പഴങ്ങള്‍, പച്ചക്കറികള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, ഉണക്കിയ പഴങ്ങള്‍ തുടങ്ങിയവയുടെ ഉറവിടമായി പ്രവര്‍ത്തിക്കും.
6.5 ബില്യണ്‍ യുഎസ് ഡോളറിന്റെ വായ്പാ പാക്കേജിന്റെ പുനരുജ്ജീവനത്തിനായി അന്താരാഷ്ട്ര നാണയ നിധിയുടെ അംഗീകാരം നേടുകയെന്ന വെല്ലുവിളി പാക്കിസ്ഥാന്‍ നേരിടുന്ന സാഹചര്യത്തിലാണ് ബാര്‍ട്ടര്‍ വ്യാപാരം അനുവദിക്കാനുള്ള തീരുമാനം.
മുന്‍ ധനമന്ത്രി മിഫ്താ ഇസ്മായില്‍ പറയുന്നതനുസരിച്ച്, വിദേശ വായ്പകള്‍ അടയ്ക്കുന്നതിനും പേയ്മെന്റ് ബാലന്‍സ് നിറവേറ്റുന്നതിനും രാജ്യത്തിന് 30-35 ബില്യണ്‍ യുഎസ് ഡോളര്‍ അടുത്ത സാമ്പത്തിക വര്‍ഷം ആവശ്യമായി വരും. അപ്പോള്‍ പ്രതിസന്ധി കനത്തതാകുമെന്ന് വിലയിരുത്തപ്പെടുന്നു.
നിലവില്‍, രാജ്യത്തിന്റെ വിദേശനാണ്യ കരുതല്‍ ശേഖരം നാല് ബില്യണ്‍ യുഎസ് ഡോളറിനു മുകളിലാണ്.