16 Dec 2023 7:47 AM GMT
യുഎഇയെ സുസ്ഥിര സ്വര്‍ണത്തിനും ബുള്ളിയന്‍ വിപണിക്കും വേണ്ടിയുള്ള ആഗോള കേന്ദ്രമായി ഉയര്‍ത്തുമെന്ന് അഞ്ചാമത് ഗ്ലോബല്‍ ഗോള്‍ഡ് കണ്‍വെന്‍ഷന്‍. ലോകത്തിലെ ഏറ്റവും വലിയ ഹൈബ്രിഡ് കോണ്‍ഫറന്‍സായി രൂപകല്‍പ്പന ചെയ്ത കണ്‍വെന്‍ഷന്‍ ദുബായ് ബുര്‍ജ് ഖലീഫയിലെ അര്‍മാനി ഹോട്ടലിലാണ് നടന്നത്.
സുസ്ഥിരതയെക്കുറിച്ചുള്ള സിഒപി 28 കോണ്‍ഫറന്‍സിന് യുഎഇയാണ് ആതിഥേയത്വം വഹിക്കുന്നത്. അതിനോട് ചേര്‍ന്ന് നില്‍ക്കും വിധമാണ് സുസ്ഥിരത എന്ന തീം തിരഞ്ഞെടുത്തിരിക്കുന്നതെന്ന് ഐബിഎംസി ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ഗ്രൂപ്പ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ പി കെ സജിത്ത് കുമാര്‍ പറഞ്ഞു. സുസ്ഥിര സ്വര്‍ണ്ണം, ബുള്ളിയന്‍ വിപണികളുടെ ആഗോള കേന്ദ്രമായി യുഎഇ ഉയര്‍ന്നുവരുകയാണെന്നും ഐബിഎംസിയുടെ 'ഇന്‍ഡസ്ട്രീസ് ഇന്റഗ്രേറ്റഡ് ഇന്റര്‍നാഷണല്‍ ട്രേഡ് ഫ്‌ളോ സിസ്റ്റം' സ്വര്‍ണ്ണ വ്യവസായത്തിലെ മുഴുവന്‍ ഓഹരി ഉടമകളെയും സ്വര്‍ണ്ണ ഖനനം, കയറ്റുമതി, ഇറക്കുമതി എന്നിവയ്ക്ക് പിന്തുണ നല്‍കാന്‍ സജ്ജമാണെന്നും സജിത് കുമാര്‍ അഭിപ്രായപ്പെട്ടു.
ദുബായ് ഇന്റര്‍നാഷണല്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ചെയര്‍മാനും യു എ ഇ ചേംബേഴ്സ് സെക്രട്ടറി ജനറലുമായ ഹുമൈദ് ബെന്‍ സേലമാണ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തത്. ആഗോള സ്വര്‍ണ വിലയിലെ ഉയര്‍ന്ന ചാഞ്ചാട്ടത്തിന്റെയും യുഎഇ ഏറ്റവും ആകര്‍ഷകമായ ആഗോള സ്വര്‍ണ്ണ വ്യാപാര കേന്ദ്രമായി മാറുന്നതിന്റെയും പശ്ചാത്തലത്തിലാണ് കണ്‍വെന്‍ഷന്‍ നടന്നത്.
നൂറിലധികം രാജ്യങ്ങള്‍, മന്ത്രിമാര്‍, നയതന്ത്രജ്ഞര്‍, റെഗുലേറ്റര്‍മാര്‍, വ്യവസായ പ്രമുഖര്‍, ഖനികള്‍, റിഫൈനറികള്‍, ജ്വല്ലറികള്‍, വ്യാപാരികള്‍, ഇറക്കുമതി കയറ്റുമതി കമ്പനികള്‍, ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, ലോജിസ്റ്റിക്‌സ് കമ്പനികള്‍ തുടങ്ങിയവര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.
കൂടാതെ, 100 രാജ്യങ്ങളില്‍ നിന്നുള്ള വെര്‍ച്വല്‍ പങ്കാളിത്തത്തിന് പുറമെ 200-ലധികം വ്യാപാര പ്രതിനിധികളും സന്ദര്‍ശകരും ഗോള്‍ഡ് കോണ്‍ഫറന്‍സില്‍ പങ്കാളികളായി. യുഎഇ ആസ്ഥാനമായുള്ള ഐബിഎംസി ഇന്റര്‍നാഷണലാണ് ഗ്ലോബല്‍ ഗോള്‍ഡ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്.