29 Nov 2023 10:30 AM
Summary
- ടെക്നോഡോമുമായി വിതരണ പങ്കാളിത്തം
- 20 ലക്ഷം എയര്‍ കണ്ടീഷണറുകളുടെ വാര്‍ഷിക ഉല്‍പ്പാദന ശേഷി
ദുബായ് ആസ്ഥാനമായുള്ള ടെക്നോഡോമുമായുള്ള വിതരണ പങ്കാളിത്തത്തിലൂടെ ഉപഭോക്തൃ ഡ്യൂറബിള്‍സ് ബ്രാന്‍ഡായ ലോയ്ഡ് പശ്ചിമേഷ്യന്‍ വിപണിയിലേക്ക് കടന്നതായി ഹാവെല്‍സ് ഇന്ത്യ ലിമിറ്റഡ് അറിയിച്ചു. ഈ മേഖലക്കായി കമ്പനി ഒരു പ്രത്യേക പോര്‍ട്ട്‌ഫോളിയോ അവതരിപ്പിച്ചു. അതില്‍ പ്രീമിയം ശ്രേണി എസികള്‍, ഫ്രണ്ട്-ലോഡ്, സെമി-ഓട്ടോമാറ്റിക് വാഷിംഗ് മെഷീനുകള്‍, ഫ്രോസ്റ്റ് ഫ്രീ, സൈഡ്-ബൈ- സൈഡ് റഫ്രിജറേറ്ററുകളും എല്‍ഇഡി ടിവി ശ്രേണിയും ഉള്‍ക്കൊള്ളുന്നതായി ഹാവെല്‍സ് ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു.
അന്താരാഷ്ട്ര സാന്നിധ്യം വിപുലീകരിക്കുന്നതില്‍ കമ്പനിയുടെ പ്രതിബദ്ധത ഹാവെല്‍സ് ഇന്ത്യ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അനില്‍ റായ് ഗുപ്ത എടുത്തുപറഞ്ഞു.
'...ലോകത്തിന് വേണ്ടിയുള്ള ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതില്‍ അഭിമാനിക്കുന്നു. ലോയിഡ് ഇന്ത്യയില്‍ നവീകരണത്തിന്റെയും വിശ്വാസത്തിന്റെയും പര്യായമാണ്. കൂടാതെ ഞങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ ശ്രേണി പശ്ചിമേഷ്യാ വിപണിയുടെ മുന്‍ഗണനകളോടും ജീവിതശൈലിയോടും പ്രതികരിക്കുമെന്ന് കമ്പനിക്ക് ഉറപ്പുണ്ട്'അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ളതും നൂതനവുമായ ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയില്‍ ഈ സഹകരണം സുപ്രധാനമായ ഒരു ചുവടുവെപ്പിനെ പ്രതിനിധീകരിക്കുന്നു'ഹാവെല്‍സുമായുള്ള പങ്കാളിത്തത്തെക്കുറിച്ച്, ടെക്നോഡോം ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സാകേത് ഗൗരവ് പറഞ്ഞു. 2017ലാണ് ഹാവെല്‍സ് ലോയിഡിനെ സ്വന്തമാക്കിയത്.
ഇന്ത്യയില്‍ 20 ലക്ഷം എയര്‍ കണ്ടീഷണറുകളുടെ വാര്‍ഷിക ഉല്‍പ്പാദന ശേഷിയുള്ള ബ്രാന്‍ഡിന് രാജസ്ഥാനിലെ ഗിലോത്തിലും ആന്ധ്രാപ്രദേശിലെ ശ്രീ സിറ്റിയിലും രണ്ട് നിര്‍മാണ യൂണിറ്റുകളുണ്ട്.
യു.എ.ഇ മേഖലയിലെ ബ്രാന്‍ഡ് അംബാസഡര്‍മാരായി തമന്ന ഭാട്ടിയ, മോഹന്‍ലാല്‍ എന്നിവരെ ലോയിഡ് നിയമിച്ചിട്ടുമുണ്ട്.