7 Dec 2023 11:00 AM GMT
Summary
- പഴയ സില്‍ക്ക് റോഡിന്റെ മാതൃകാ പദ്ധതി
- സാമ്പത്തിക നേട്ടം ഉണ്ടാകുന്നില്ലെന്ന കാരണത്താലാണ് പിന്മാറ്റം
- പങ്കാളിത്തത്തിനെതിരെ യുഎസ് ഇറ്റലിക്ക് മുന്നറിയിപ്പു നല്‍കിയിരുന്നു
ചൈനയുടെ അഭിമാന പദ്ധതിയായ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവ് (ബിആര്‍ഐ) ഉപേക്ഷിക്കുകയായണെന്ന് ജോര്‍ജിയ മെലോണിയുടെ നേതൃത്വത്തിലുള്ള ഇറ്റലി പ്രഖ്യാപിച്ചു. ഈ നീക്കം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം തകര്‍ക്കുമെന്നും കൂടാതെ ഈ നടപടി ഇറ്റാലിയന്‍ സമ്പദ്വ്യവസ്ഥയെ തകര്‍ക്കുമെന്നുമുള്ള ആശങ്കകള്‍ സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. വന്‍സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടാണ് റോം പദ്ധതിയുടെ ഭാഗമായത്.
ഇറ്റലിയുടെ ബിആര്‍ഐ അംഗത്വം 2024 മാര്‍ച്ചില്‍ സ്വയമേവ പുതുക്കേണ്ടതാണ്. എന്നാല്‍ അതിനുമുമ്പുതന്നെ റോം പദ്ധതിയില്‍നിന്നും പിന്മാറുകയായിരുന്നു. 2023 അവസാനത്തോടെ ഈ സംരംഭത്തില്‍ നിന്ന് പിന്മാറുകയാണെന്ന് ചൈനയെ ഔദ്യോഗികമായി അറിയിക്കും.
ചൈനയുടെ ഏറ്റവും വലിയ അഭിമാന പദ്ധതിയാണ് ബിആര്‍ഐ. വ്യാപാര-അടിസ്ഥാന സൗകര്യ പദ്ധതികളുടെ വികസനമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. 2019 മാര്‍ച്ചിലാണ് ഇറ്റലി ഇതില്‍ അംഗമാകുന്നത്. ബിആര്‍ഐയില്‍ അംഗമാകുന്ന ഏക ജി7 രാജ്യം കൂടിയായിരുന്നു ഇറ്റലി.
ഗതാഗതം, ലോജിസ്റ്റിക്സ്, ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതികളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഇരു രാജ്യങ്ങളും പദ്ധതിയിട്ടിരുന്നു. റോഡുകള്‍, റെയില്‍വേ, പാലങ്ങള്‍, സിവില്‍ ഏവിയേഷന്‍, തുറമുഖങ്ങള്‍, ഊര്‍ജം, ടെലികമ്മ്യൂണിക്കേഷന്‍ തുടങ്ങിയവയായിരുന്നു ഈ സംരംഭത്തിനുകീഴിലുണ്ടായിരുന്നത്.
ആളുകള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും നഗരങ്ങള്‍ക്കിടയില്‍ ഒരു ശൃംഖല വികസിപ്പിക്കുന്നതിനും ഒരുമിച്ച് പ്രവര്‍ത്തിക്കാനും ഇരുരാജ്യങ്ങളും പദ്ധതിയിട്ടിരുന്നു.
യുഎസ് സമ്മർദ്ദം
ബിആര്‍ഐയില്‍ ചേരാനുള്ള തീരുമാനം സെന്‍സിറ്റീവ് സാങ്കേതികവിദ്യകളുടെയും സുപ്രധാന അടിസ്ഥാന സൗകര്യങ്ങളുടെയും നിയന്ത്രണം ചൈനയുടെ നിയന്ത്രണത്തിലാക്കിയേക്കുമെന്ന് അന്ന് യുഎസ് ഇറ്റലിക്ക് മുന്നറിയിപ്പ് നല്‍കിയതാണ്. 'കടക്കെണി നയതന്ത്രത്തിന്റെ' ഉദാഹരണമായി ബിആര്‍ഐയെ യുഎസ് വീണ്ടും വീണ്ടും അപലപിച്ചിരുന്നു.
ഈ വര്‍ഷം ആദ്യം, ഇറ്റലി ബിആര്‍ഐയില്‍ നിന്ന് പുറത്തുപോകുമെന്ന് പ്രധാനമന്ത്രി മെലോണി യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി സംസാരിച്ചപ്പോള്‍ അറിയിച്ചിരുന്നതായി ഇറ്റാലിയന്‍ വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷം അധികാരമേറ്റയുടന്‍, ഇറ്റലിക്ക് കാര്യമായ സാമ്പത്തിക നേട്ടങ്ങളൊന്നും വരുത്തിയിട്ടില്ലാത്തതിനാല്‍ ബിആര്‍ഐയില്‍ നിന്ന് പിന്മാറാന്‍ ആഗ്രഹിക്കുന്നുവെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി മെലോണി സൂചിപ്പിച്ചിരുന്നതാണ്.
മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി ഗ്യൂസെപ്പെ കോണ്ടെ ആണ് 2019-ല്‍ ബിആര്‍ഐയില്‍ ഒപ്പുവെച്ചത്. പദ്ധതിയില്‍ വന്‍ സാമ്പത്തിക നേട്ടം കൊയ്യുമെന്ന് പ്രതീക്ഷിച്ചായിരുന്നു നടപടി. ചൈനയിലേക്കുള്ള ഇറ്റാലിയന്‍ കയറ്റുമതി 2019-ലെ 13 ബില്യണ്‍ യൂറോയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം 6.4 ബില്യണ്‍ യൂറോ യിലേക്ക് എത്തിയിരുന്നു. അതേസമയം ഇറ്റാലിയന്‍ ഗവണ്‍മെന്റ് കണക്കുകള്‍ പ്രകാരം, ഇറ്റലിയിലേക്കുള്ള ചൈനീസ് ഇറക്കുമതി 2019 ലെ 31.7 ബില്യണില്‍ നിന്ന് കഴിഞ്ഞ വര്‍ഷം 57.5 ബില്യണ്‍ യൂറോയായി ഉയര്‍ന്നു.
ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവിന്റെ ഭാഗമല്ലാതിരുന്നിട്ടും യൂറോ സോണിലെ രാജ്യത്തിന്റെ പ്രധാന വ്യാപാര പങ്കാളികളായ ഫ്രാന്‍സും ജര്‍മ്മനിയും കഴിഞ്ഞ വര്‍ഷം ചൈനയിലേക്ക് കൂടുതല്‍ കയറ്റുമതി ചെയ്യുകയും ചെയ്തു.
സില്‍ക്ക് റോഡിന്റെ മാതൃക
ചൈനയെ പടിഞ്ഞാറുമായി ബന്ധിപ്പിക്കുന്ന പഴയ സില്‍ക്ക് റോഡിന്റെ മാതൃകയില്‍, ഏഷ്യയിലും യൂറോപ്പിലുമായി ഏകദേശം ഒരു ലക്ഷം കോടി ഡോളര്‍ നിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെ ഷി ജിന്‍പിംഗ് 2013 ല്‍ ആണ് ബിആര്‍ഐ ആരംഭിച്ചത്.
ചൈനയെ യൂറോപ്പുമായും ഏഷ്യയുടെ മറ്റ് ഭാഗങ്ങളുമായും ബന്ധിപ്പിക്കുന്ന പുതിയതും നവീകരിച്ചതുമായ റെയില്‍വേകളും തുറമുഖങ്ങളും പോലുള്ള പദ്ധതികള്‍ ബിആര്‍ഐയില്‍ ഉള്‍ക്കൊള്ളുന്നു.