18 Oct 2024 10:09 AM GMT
Summary
- നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഏഴ് മാസങ്ങളില്‍ 13.9 ബില്യണ്‍ ഡോളറിന്റെ ചരക്കുകളാണ് ഇന്ത്യ ആഫ്രിക്കയിലേക്ക് കയറ്റുമതി ചെയ്തത്
- ഷിപ്പിംഗ് നിരക്ക് ഉയര്‍ന്നത് ഇരട്ടിയിലധികം
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം ഇന്ത്യയുടെ ആഫ്രിക്കയുമായുള്ള വ്യാപാരത്തെ ബാധിക്കുമെന്ന് വിലയിരുത്തല്‍. കയറ്റുമതിയില്‍ ഇടിവുണ്ടാകുമെന്നാണ് വാണിജ്യ വകുപ്പ് വിലയിരുത്തുന്നത്.
ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്നത് പശ്ചിമേഷ്യയിലേക്കുള്ള ഇന്ത്യയുടെ മൊത്തം കയറ്റുമതിയെ അപകടത്തിലാക്കും. ഇത് ആഫ്രിക്കയുമായുള്ള വ്യാപാരത്തെ ബാധിക്കുകയും ചെയ്യും. ആ മേഖലയിലേക്കുള്ള ഒരു പ്രധാന ട്രാന്‍സ്ഷിപ്പ്‌മെന്റ് ഹബ്ബ് യുഎഇ ആയതിനാല്‍, സംഘര്‍ഷം ആഫ്രിക്കയിലേക്കുള്ള കയറ്റുമതിയെയും ബാധിക്കുമെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു.
ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഏഴ് മാസങ്ങളില്‍ 13.9 ബില്യണ്‍ ഡോളറിന്റെ മൂല്യമുള്ള ചരക്കുകളാണ് ആഫ്രിക്കയിലേക്ക് ഇന്ത്യ കയറ്റുമതി ചെയ്തത്.
പശ്ചിമേഷ്യ, തടസ്സങ്ങള്‍ക്കിടയില്‍ 2024 സെപ്റ്റംബര്‍ വരെ ആഗോള വിതരണ ശൃംഖലയുടെ സമ്മര്‍ദ്ദം ഉയര്‍ന്നതായി ഈ ആഴ്ച ആദ്യം പുറത്തിറക്കിയ ലോക ബാങ്കിന്റെ ട്രേഡ് വാച്ച് റിപ്പോര്‍ട്ട് പറയുന്നു. ഷിപ്പിംഗ് നിരക്ക് ഇരട്ടിയിലധികം ഉയര്‍ന്നു.
2024 ഏപ്രില്‍-ഓഗസ്റ്റ് മാസങ്ങളില്‍ പശ്ചിമേഷ്യയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി (ജിസിസി രാജ്യങ്ങള്‍ ഒഴികെ) 28.57 ശതമാനം ഇടിഞ്ഞ് 3.53 ബില്യണ്‍ ഡോളറായി. ഇന്ത്യയില്‍ നിന്നുള്ള ഇസ്രയേലിലേക്കുള്ള കയറ്റുമതി 2024 സാമ്പത്തിക വര്‍ഷത്തില്‍ ഇതിനകം 13.6 ശതമാനം ഇടിഞ്ഞിരുന്നു, നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ അഞ്ച് മാസങ്ങളില്‍ 58.67 ശതമാനം ഇടിഞ്ഞ് 791.8 മില്യണ്‍ ഡോളറിലെത്തി.
പശ്ചിമേഷ്യയില്‍ നിന്ന് (ജിസിസി ഒഴികെ) ഇന്ത്യയിലേക്കുള്ള ഇറക്കുമതി 2024 ഏപ്രില്‍-ഓഗസ്റ്റ് മാസങ്ങളില്‍ 3.4 ശതമാനം ഉയര്‍ന്ന് 13.54 ബില്യണ്‍ ഡോളറായി. എന്നിരുന്നാലും, ഇസ്രയേലില്‍ നിന്നുള്ള ഇറക്കുമതി 42.17 ശതമാനം ഇടിഞ്ഞ് 584.82 മില്യണ്‍ ഡോളറിലെത്തുകയും ചെയ്തു.