image

26 Jun 2023 11:19 AM GMT

World

‍ഡന്‍സ്‍കെ ബാങ്കില്‍ നിന്ന് $454 മില്യണ്‍ കരാര്‍ നേടി ഇന്‍ഫോസിസ്

MyFin Desk

infosys wins $454 million deal from dunske bank
X

Summary

  • ബാങ്കിന്‍റെ ബെംഗളൂരുവിലെ ഐടി കേന്ദ്രം ഇന്‍ഫോസിസ് ഏറ്റെടുക്കും
  • യുഎസ്, യുകെ ബാങ്കിംഗ് പ്രതിസന്ധി ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് അവസരം
  • ആദ്യ പാദഫലങ്ങള്‍ മികച്ചതാകില്ലെന്ന് വിലയിരുത്തല്‍


ഡെന്‍മാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡൻസ്‌കെ ബാങ്കിന്‍റെ ഡിജിറ്റല്‍ പരിവര്‍ത്തന കരാര്‍ ഇന്‍ഫോസിസിന്. 454 മില്യൺ ഡോളർ മൂല്യമുള്ള കരാര്‍ 5 വര്‍ഷം കൊണ്ടാണ് നടപ്പാക്കുക. ബാങ്കിന്റെ ഡിജിറ്റൽ പരിവർത്തന വ്യാപ്‍തിയും വേഗതയും വര്‍ധിപ്പിക്കുക എന്നതാണ് കരാറിന്‍റെ പ്രധാന ലക്ഷ്യം. കരാർ കാലാവധി മൂന്ന് വർഷത്തേക്ക് കൂടി നീട്ടാവുന്നതാണെന്നാണ് ഇരു കക്ഷികള്‍ക്കുമിടയിലെ ധാരണ. ഈ സഹകരണം ഡൻസ്‌കെ ബാങ്കിന്റെ ഉപഭോക്തൃ അനുഭവവും സാങ്കേതിക നവീകരണവും മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് ഇന്‍ഫോസിസിന്‍റെ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

"കൂടുതൽ ഡിജിറ്റൽ, ക്ലൗഡ്, ഡാറ്റ ശേഷികളോടെ അവരുടെ മുഖ്യ ബിസിനസ്സ് ശക്തിപ്പെടുത്തുന്നതിന് ഡാൻസ്‌കെ ബാങ്കുമായി ഇൻഫോസിസ് സഹകരിക്കും. ഇത് ജനറേറ്റീവ് എഐ ഉള്‍പ്പടെയുള്ള നൂതന സാങ്കേതിക വിദ്യകളിലൂടെ ഉപഭോക്താക്കള്‍ക്കായി പുത്തന്‍ അനുഭവം ഒരുക്കാന്‍ ബാങ്കിനെ സഹായിക്കും," ഇൻഫോസിസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് സലിൽ പരേഖ് പറഞ്ഞു. വ്യക്തിഗത, ബിസിനസ് ഉപഭോക്താക്കൾക്കും വലിയ കോർപ്പറേറ്റ്, സ്ഥാപന ഉപഭോക്താക്കൾക്കും വലിയ തോതിലുള്ള ബാങ്കിംഗ് സേവനങ്ങൾ ഡന്‍സ്‍കെ ബാങ്ക് നൽകുന്നു.

ഡൻസ്‌കെ ബാങ്കിന് ബെംഗളൂരുവിലുള്ള ഐടി കേന്ദ്രം കരാറിന്‍റെ ഭാഗമായി ഇന്‍ഫോസിസ് ഏറ്റെടുക്കും. 1,400 ജീവനക്കാരുള്ള ഈ ഐടി സെന്‍ററിന് 2 മില്യണ്‍ ഡോളര്‍ മൂല്യമാണ് കണക്കാക്കുന്നത്. ഈ വര്‍ഷമാദ്യം സിലിക്കണ്‍ വാലി ബാങ്ക് പ്രതിസന്ധിയുടെ വാര്‍ത്തകള്‍ വന്നതിനു ശേഷം ആദ്യമായാണ് ഇത്തരത്തിലൊരു ആഗോള കപ്പാസിറ്റി സെന്‍ററിന്‍റെ ഏറ്റെടുക്കല്‍ നടക്കുന്നത്. ബെംഗളൂരു ആസ്ഥാനമായി 2012 ല്‍ സ്ഥാപിതമായ ഡൻസ്‌കെ ഐടി ആൻഡ് സപ്പോർട്ട് സർവീസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (ഡിഐടി), ഡൻസ്കെ ബാങ്കിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ്.

യുഎസിലെയും യുകെയിലെയും ബാങ്കിംഗ് പ്രതിസന്ധി ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് അവസരമൊരുക്കുമെന്ന് നേരത്തേ തന്നെ വിലയിരുത്തപ്പെട്ടിരുന്നു. 2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിന്‍റെ ഘട്ടത്തിലും ഇത്തരമൊരു സാഹചര്യം ഉരുത്തിരിഞ്ഞിരുന്നു. 2008ലെ പ്രതിസന്ധിക്കുശേഷം സിറ്റി, എബിഎൻ ആംറോ, യുബിഎസ് എന്നിവയുൾപ്പെടെയുള്ള ബാങ്കുകളുടെ ക്യാപ്റ്റീവ് ബിസിനസുകളുടെ ഒരു വിഹിതം ഏറ്റെടുക്കാന്‍ ടിസിഎസ്, ഇൻഫോസിസ്, വിപ്രോ, കോഗ്നിസന്റ് തുടങ്ങിയ ഇന്ത്യന്‍ ഐടി കമ്പനികൾക്ക് അവസരമൊരുങ്ങിയിരുന്നു.

സ്കീം അഡ്മിനിസ്ട്രേഷൻ സേവനങ്ങൾ ഡിജിറ്റലായി പരിവർത്തനം ചെയ്യുന്നതിന് യുകെ വർക്ക്‌പ്ലേസ് പെൻഷൻ സ്കീം നെസ്റ്റിൽ നിന്ന് 1.9 ബില്യൺ ഡോളറിന്റെ കരാര്‍ നേടിയതായി ടിസിഎസ് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതിനു മുമ്പ് കഴിഞ്ഞ മാസം, ഭാരത് പെട്രോളിയത്തില്‍ നിന്നൊരു വന്‍കരാര്‍ ഇന്‍ഫോസിസ് നേടിയിരുന്നു. അഞ്ച് വർഷത്തേക്കുള്ള1.5 ബില്യൺ ഡോളറിന്‍റെ ഇടപാടാണിത്. കഴിഞ്ഞ 3 വര്‍ഷത്തിനിടെ ഇന്‍ഫോസിസിന് ലഭിച്ച ഏറ്റവും വലിയ കരാറാണിത്.

ബൃഹത്തായ ആഗോള വെല്ലുവിളികള്‍, വിവിധ കമ്പനികളുടെ ചെലവിടല്‍ കൂടുതല്‍ കര്‍ക്കശമായത്, യുഎസിലെ ബാങ്കിംഗ് പ്രതിസന്ധി എന്നിവയുടെ പശ്ചാത്തലത്തില്‍ ഇന്ത്യൻ ഐടി സ്ഥാപനങ്ങളുടെ ആദ്യ പാദ ഫലങ്ങൾ അത്ര മികച്ചതാകാന്‍ ഇടയില്ലെന്ന് പ്രതീക്ഷിക്കുന്നു. ഇൻഫോസിസ് നടപ്പു സാമ്പത്തിക വർഷത്തിൽ 4-7% വരുമാന വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. ഇത് കഴിഞ്ഞ ആറ് വർഷത്തിനിടയിലെ കമ്പനിയുടെ ഏറ്റവും താഴ്ന്ന വരുമാന വളർച്ചയാണ്. അതേസമയം ഇന്‍ഫോസിസിന്‍റെ പ്രധാന എതിരാളികളായ വിപ്രോ ജൂണിൽ അവസാനിച്ച പാദത്തിൽ വരുമാനത്തിൽ 1-3% ഇടിവാണ് പ്രതീക്ഷിക്കുന്നത്.